എഐ ഈ പോക്ക് പോയാൽ..?ചാറ്റ്ബോട്ടുകൾ കാരണം വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു

വിക്കിപീഡിയയിൽ ആളുകേറാത്തതിനെ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നത്

എഐ ഈ പോക്ക് പോയാൽ..?ചാറ്റ്ബോട്ടുകൾ കാരണം വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു
dot image

എഐ മനുഷ്യരുടെ ജോലി കളയുമോ എന്നുള്ള ചർച്ചകൾ വ്യാപകമാണ്. പലരും പല അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി പറയുന്നതും. ഒരുഭാഗത്ത് വിപ്രോ, ടിസിഎസ്, ആമസോൺ പോലുള്ള കമ്പനികൾ എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി പിരിച്ചുവിടൽ നടത്തുമ്പോൾ എഐ കാരണം മനുഷ്യരുടെ ജോലി അങ്ങനെയൊന്നും പോകില്ല എന്ന് പറയുന്ന നിരവധി കമ്പനി ഉടമകളുണ്ട്. എന്തുതന്നെയായാലും എഐ കാരണം ഇപ്പോൾ ഒരു കമ്പനി തന്നെ പ്രതിസന്ധി നേരിടുന്നുവെന്നാണ് വാർത്തകൾ. ആ കമ്പനിയാകട്ടെ, നമുക്ക് എക്കാലവും ഉപകാരപ്രദമായ ഒരു കമ്പനിയും.

വിക്കിപീഡിയയാണ് എഐ കാരണം പണി കിട്ടിയ ആ കമ്പനി. വിക്കിപീഡിയയിലേക്കുള്ള ആളുകളുടെ വരവിനെ എഐ ടൂളുകൾ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നാണ് 'വിക്കിമീഡിയ ഫൗണ്ടേഷൻ' പറയുന്നത്. സ്ഥിരം വന്നുകൊണ്ടിരുന്ന ട്രാഫിക്കിൽ നിന്ന് 8% കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എഐ ടൂളുകൾ കളംനിറഞ്ഞാൽ അതിനിയും കുറയും എന്നാണ് വിലയിരുത്തൽ.

വിക്കിമീഡിയയിലെ സീനിയർ ഡയറക്ടറായ മാർഷൽ മില്ലർ ആണ് ഇക്കാര്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ വിക്കിപീഡിയയുടെ ജോലി ഏറ്റെടുക്കുകയാണെന്നും എഐ എല്ലാ കാര്യങ്ങൾക്കും ഉത്തരം നൽകിത്തുടങ്ങിയതോടെ വിക്കിപീഡിയയിലേക്ക് ആരും വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടുകളും മറ്റും സൈറ്റിന്റെ ട്രാഫിക്കിനെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എല്ലാ മാസവും വിക്കിപീഡിയ പേജുകളും, വിക്കിമീഡിയ പ്രൊജക്ടുകളും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ആകർഷിക്കാറുള്ളത്. ഇത്തരം ട്രാഫിക്കിനെ മനുഷ്യന്റേതും ബോട്ടുകളുടേതുമായി തിരിക്കാൻ ഞങ്ങളുടെ അൽഗോരിതങ്ങൾക്ക് കഴിയാറുണ്ട്. ഇത് എത്ര പേര് സൈറ്റിലേക്ക് കടന്നുവരുന്നു എന്നതിനെപ്പറ്റി വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കാൻ സഹായിക്കാറുണ്ട്. ഇത്തരം ബോട്ടുകളെ പലപ്പോഴും കണ്ടെത്താനും മറ്റും എളുപ്പമല്ല' എന്നും മാർഷൽ മില്ലർ പറഞ്ഞു. 2025 മെയ് മാസം ബ്രസീലിൽ നിന്ന് മാത്രം വിശ്വസിക്കാൻ പാടുള്ള തരത്തിൽ ട്രാഫിക് കണ്ടതിന് പിന്നാലെയാണ് മാർഷൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിക്കിപീഡിയയിൽ ആളുകേറാത്തതിനെ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നത്. വിക്കിപ്പീഡിയ സന്ദർശിക്കുന്നവർ തന്നെയാണ് പലപ്പോഴും വിവരങ്ങൾ നൽകുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നത്. എഐയുടെ കടന്നുവരവ് മൂലം മനുഷ്യ ഇടപെടലുകൾ കുറഞ്ഞാൽ അത് വിക്കിപീഡിയയുടെ നിലനില്പിനെത്തന്നെ ബാധിച്ചേക്കും.

Content Highlights: wikipedia faces traffic reduction due to AI tools

dot image
To advertise here,contact us
dot image