
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ വിവിധ തൊഴിൽമേഖലകളിൽ വ്യാപകമായി ജോലിക്കാരെ പിരിച്ചുവിടുന്നത് വാർത്തകളിൽ നിറയുകയാണ്. സെയിൽഫോഴ്‌സ് എന്ന കമ്പനിയും അടുത്തിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ആ ജോലികളിലേക്ക് എഐയെ ഉപയോഗപ്പെടുത്താൻ തുടങ്ങുകയും ചെയ്തിരുന്നു.
സെയിൽസ്‌ഫോഴ്‌സ് എന്ന കമ്പനിയും അടുത്തിടെ ഈ പാത സ്വീകരിച്ചിരുന്നു. കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 4000ത്തോളം ജീവനക്കാരെയാണ് കമ്പനി അടുത്തിടെ പിരിച്ചുവിട്ടത്. ആ ജോലികളിലേക്ക് എഐ ഏജന്റുകളെ ഉപയോഗിക്കാനും തുടങ്ങി.
'എനിക്ക് കുറെ തലകൾ ആവശ്യമില്ല' എന്നായിരുന്നു ഈ നടപടിയെ കുറിച്ച് സെയിൽസ്‌ഫോഴ്‌സ് സിഇഒ മാർക് ബെനിയോഫ് പറഞ്ഞത്. നേരത്തെ മനുഷ്യർ ചെയ്തിരുന്ന 50 ശതമാനത്തോളം ജോലികൾ എഐയ്ക്ക് ഭംഗിയായി നിർവഹിക്കാൻ കഴിയുന്നു എന്നും ബെനിയോഫ് പറഞ്ഞിരുന്നു.
കമ്പനിയുടെ എഐ ഏജന്റുകൾ ഇതിനകം ഒരു മില്യണിലേറെ കസ്റ്റമർ സപ്പോർട്ട് ടാസ്‌കുകളും സംഭാഷണങ്ങളും പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടുകൾ. സെയിൽസ്‌ഫോഴ്‌സിന് 17 ശതമാനത്തോളം ചെലവ് കുറയ്ക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇപ്പോൾ കമ്പനി സിഇഒ മറ്റൊരു അഭിമുഖത്തിൽ എഐയെ കുറിച്ച് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്.
'എഐയ്ക്ക് ആത്മാവില്ല' എന്നാണ് ബെനിയോഫിന്റെ വാക്കുകൾ. മനുഷ്യരുമായി ബന്ധം സ്ഥാപിക്കാൻ എഐയ്ക്ക് സാധിക്കില്ലെന്നും അതിനാൽ സെയിൽസ് ജീവനക്കാരെ പൂർണമായും റീപ്ലേസ് ചെയ്യാൻ ഒരിക്കലും എഐയ്ക്ക് കഴിയില്ലെന്നും ബെനിയോഫ് പറയുന്നു. മുഖാമുഖം കണ്ട് സംസാരിക്കുക എന്ന സെയിൽസിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം എഐയ്ക്ക് കയ്യെത്തിപ്പിടിക്കാനാവില്ലെന്നും ബെനിയോഫ് കൂട്ടിച്ചേർത്തു. ബെനിയോഫ് പുതുതായി 3000 മുതൽ 5000 വരെ ജീവനക്കാരെ നിയമിക്കാനും ഒരുങ്ങുകയാണ്. സെയിൽസ്‌ഫോഴ്‌സ് കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ ജോലിക്കാരെ എടുക്കുന്നതെന്നും ബെനിയോഫ് പറയുന്നുണ്ട്.
സിഇഒയുടെ വാക്കുകൾ പരസ്പരവിരുദ്ധമാണെന്നായിരുന്നു ആദ്യം സമൂഹമാധ്യമങ്ങളിൽ വന്ന കമന്റ്. എഐയ്ക്ക് ഈ പറഞ്ഞ ജോലികൾ ചെയ്യാൻ പറ്റില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നില്ലേ എന്നും എന്തിനാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും പലരും ചോദിച്ചു. പിരിച്ചുവിട്ടതിനേക്കാൾ കൂടുതൽ പേരെ ഇപ്പോൾ ജോലിയ്ക്ക് എടുക്കേണ്ട ഗതിയായില്ലേ എന്നും കമന്റുകൾ വന്നു.
എന്നാൽ തൊഴിൽമേഖലയിൽ എഐ എങ്ങനെയാകും ഉപയോഗിക്കപ്പെടുക എന്നതിന്റെ വ്യക്തമായ സൂചനയാണ് മാർക് ബെനിയോഫിന്റെ വാക്കുകൾ എന്നാണ് ഇതേ കുറിച്ച് പിന്നീട് വന്ന വിലയിരുത്തലുകൾ. 'ഹ്യൂമൻ ടച്ച്' അത്യന്താപേക്ഷിതമല്ലാത്ത ജോലികൾ എഐയ്ക്ക് നൽകുകയും മറ്റുള്ള ജോലികളിൽ മനുഷ്യരെ നിലനിർത്തുകയും ചെയ്യുക എന്ന നയമാണ് കമ്പനികൾ സ്വീകരിക്കുന്നത്. പക്ഷെ എഐ ദിനംപ്രതി വികസിക്കുന്നതിനാൽ മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്നത് എന്ന വേർതിരിവ് അധികകാലം ഉണ്ടാകില്ലെന്നും നിരീക്ഷണങ്ങളുണ്ട്.
Content Highlights: Salesforce Company CEO Marc Benioff's comment about AI and humans sparks debate