മെറ്റയെ മൈൻഡ് ചെയ്യാതെ മിറ മുറാട്ടി! പിന്നാലെ സക്കർബർഗിന്റെ പതിനെട്ടാം അടവ്!

കോടികൾ വാഗ്ദാനം നൽകി മിറയുടെ സ്റ്റാർട്ട് അപ്പ് വാങ്ങാനുള്ള ആഗ്രഹം മാർക്ക് സക്കർബർഗ് അവരെ അറിയിച്ചിരുന്നു

മെറ്റയെ മൈൻഡ് ചെയ്യാതെ മിറ മുറാട്ടി! പിന്നാലെ സക്കർബർഗിന്റെ പതിനെട്ടാം അടവ്!
dot image

സിലിക്കൺ വാലിയുടെ ചരിത്രത്തിൽ വമ്പൻ ഹയറിങ് നടത്തുകയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. എഐയുടെ ഡ്രീം ടീമിനെ സജ്ജീകരിക്കാനുള്ള തിരക്കിലാണ് അദ്ദേഹം. ആന്ത്രോപിക്ക്, ഗൂഗിൾ ഡീപ്‌മൈൻഡ്, ആപ്പിൾ തുടങ്ങി ഓപ്പണ്‍ എഐയിൽ നിന്നുവരെ ടീം അംഗങ്ങളെ മെറ്റയിലെത്തിക്കുകയാണ് മെറ്റ മേധാവി. നിലവിൽ സക്കർബർഗിന്റെ ടാർഗറ്റ് മിറ മുറാട്ടിയാണ്. ഓപ്പൺ എഐയിലെ മുൻ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു മിറ. അവർ ഇപ്പോൾ സ്വന്തം എഐ കമ്പനിയായ തിങ്കിങ് മെഷീൻ ലാബുമായി മുന്നോട്ടു പോകുകയാണ്.

കോടികൾ വാഗ്ദാനം നൽകി മിറയുടെ സ്റ്റാർട്ട് അപ്പ് വാങ്ങാനുള്ള ആഗ്രഹം മാർക്ക് സക്കർബർഗ് അവരെ അറിയിച്ചിരുന്നു. എന്നാൽ അത് പരിഗണിക്കാൻ അവർ തയ്യാറായില്ല. മിറയ്ക്ക് താൽപര്യമില്ലെന്ന് മനസിലായതോടെ മറ്റൊരു മാർഗമാണ് മെറ്റ സിഇഒ പയറ്റിയത്. നേരിട്ട് മിറയുടെ ജീവനക്കാരെ മെറ്റയിലെത്തിക്കാനാണ് സക്കർബർഗ് ശ്രമിച്ചത്. ആഴ്ചകൾക്കുള്ളിൽ സക്കർബർഗ് മിറയുടെ ടീം അംഗങ്ങളിൽ ഒരു ഡസൻ പേരെയെങ്കിലും സമീപിച്ചിട്ടുണ്ടാകും. ഇവർക്കെല്ലാം കോടികളാണ് മെറ്റ സിഇഒ വാഗ്ദാനം ചെയ്തത്.

ഇതിൽ സക്കർബർഗ് പ്രധാനമായും ലക്ഷ്യമിട്ടത് തിങ്കിങ് മെഷീന്റെ സഹസ്ഥാപകനായ ആൻഡ്രൂ ടല്ലയെയാണ്. ആറ് വർഷത്തേക്ക് ബോണസും സ്റ്റോക്ക് ഇൻസെന്റീവ്‌സും ഉൾപ്പെടെ ഒരു ബില്യൺ ഡോളറിൻ്റെ ഓഫറാണ് ടല്ലയ്ക്ക് മെറ്റ സിഇഒ വാഗ്ദാനം ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഈ വാഗ്ദാനം ടല്ല വേണ്ടെന്ന് വെച്ചിരുന്നു. അദ്ദേഹത്തിന്റെ മറ്റ് ടീം അംഗങ്ങളും സക്കർബർഗിന്റെ വാഗ്ദാനം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ നിലവിൽ സ്ഥിതി മാറിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ടല്ല 1.5 ബില്യൺ ഡോളർ എന്ന സക്കർബർഗിന്റെ വാഗ്ദാനം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നാണ് വിവരം. തിങ്കിങ് മെഷീൻ ലാബിലെ പദവി അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചാറ്റ്ജിപിടിക്ക് പിന്നിലെ ബുദ്ധി മിറ മുറാട്ടിയുടെതാണ്. 2024ൽ സ്വന്തം സ്റ്റാർട്ട് അപ്പ് തുടങ്ങുന്നതിന് മുമ്പ് ആറ് വർഷത്തോളം ഓപ്പൺ എഐയുടെ ഭാഗമായിരുന്നു മിറ. സാധാരണ ജോലി സംസ്‌കാരത്തിൽ നിന്നും വിഭിന്നമായി സീനിയർ ഗവേഷകരെ ഉൾപ്പെടെ 'മെമ്പർ ഓഫ് ടെക്‌നിക്കൽ സ്റ്റാഫ്' എന്ന രീതിയാണ് അവർ സ്വന്തം സ്റ്റാർട്ട്അപ്പായ തിങ്കിങ് മെഷീൻ ലാബിൽ അവലംബിച്ചിരിക്കുന്നത്.

36കാരിയായ മിറ അവരുടെ സമാധാനപരമായ നേതൃത്വവും മികച്ച മാനേജ്‌മെന്റ് രീതിയും കൊണ്ട് ഓപ്പൺഎഐയിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട ജീവനക്കാരിയായിരുന്നു. സ്വന്തമായി സ്റ്റാർട്ട്അപ്പ് ആരംഭിച്ചപ്പോൾ ഓപ്പൺ എഐയിലെ 20ഓളം സഹപ്രവർത്തകരും അവർക്കൊപ്പം നിന്നു. ചാറ്റ്ജിപിടിക്ക് മനുഷ്യരെ പോലെ സംഭാഷണം നടത്താൻ കഴിവു നൽകിയ ടീമിന്റെ ഭാഗമായിരുന്നു ഇവരെല്ലാം. നിലവിൽ മിറയുടെ മുഴുവൻ ടീമിനെയും മെറ്റയിലെത്തിക്കാനാണ് മെറ്റ സിഇഒ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
Content Highlights: Meta CEO Mark Zuckerberg's tactics to poach Mira Murati and her team

dot image
To advertise here,contact us
dot image