സിനിമകളിലും സാഹിത്യത്തിലും വട്ട് ഒരു തമാശയാണ്, മാനസികാരോഗ്യത്തെ നിസാരവത്ക്കരിക്കരുത്: ജുവൽ മേരി

എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി കൃഷ്ണപ്രഭ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്

സിനിമകളിലും സാഹിത്യത്തിലും വട്ട് ഒരു തമാശയാണ്, മാനസികാരോഗ്യത്തെ നിസാരവത്ക്കരിക്കരുത്: ജുവൽ മേരി
dot image

മാനസികാരോഗ്യത്തെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ കൃഷ്ണപ്രഭയുടെ പരാമർശത്തിന് മറുപടിയുമായി നടിയും അവതാരകയുമായ ജുവൽ മേരി രംഗത്തെത്തിയിരിക്കുകയാണ്. മാനസികാരോഗ്യം തമാശയല്ല. അതിനെ നിസാരവത്ക്കരിച്ച് ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി തോന്നുന്നുമില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ജുവൽ മേരി പറഞ്ഞു.

'ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനായിരുന്നു ലോക മാനസികാരോഗ്യദിനം. ഒരാഴ്ച കഴിയുംമുമ്പേയാണ് മറ്റ് മനുഷ്യരുടെ മാനസികാരോഗ്യത്തെയോ അവരനുഭവിക്കുന്ന പ്രയാസങ്ങളെയോ നിസ്സാരവത്ക്കരിച്ചുകൊണ്ട് പലരും സംസാരിക്കുന്നതുകേട്ടത്. എല്ലായ്പ്പോഴും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ വീട്ടിൽ പട്ടിണിയില്ലെന്നു കരുതി മറ്റൊരാളുടെ വീട്ടിൽ പട്ടിണിയുണ്ടെന്ന് പറയുമ്പോൾ അതൊരു തമാശയല്ല. നമുക്കറിയാത്ത ജീവിതങ്ങൾ തമാശയല്ല. മാനസികാരോഗ്യം തമാശയല്ല. അതിനെ നിസാരവത്ക്കരിച്ച് ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി തോന്നുന്നുമില്ല', ജുവൽ മേരിയുടെ വാക്കുകൾ.

മാനസിക പ്രശ്നം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കണമെന്നും ജുവൽ മേരി വീഡിയോക്ക് ഒപ്പം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 'പലപ്പോഴും സിനിമകളിലും, സാഹിത്യത്തിലും വട്ട് ഒരു തമാശയാണ്! ഒരുപാട് കാലമൊന്നും ആയിട്ടില്ല പൊതു ബോധത്തിൽ ഈ ക്രൂരമായ തമാശ ചോദ്യം ചെയ്ത തുടങ്ങിയിട്ട് .. ഓഹ് അവനു വട്ടാ .. അവൾക്ക് മുഴു പ്രാന്താ… ഇങ്ങനെ ഒക്കെ പറഞ്ഞ് ചിരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നേ ഉള്ളു.. എല്ലാവരും ഏതൊക്കെയോ വെട്ടിപ്പിടിക്കാൻ ഉള്ള ഓട്ടത്തിൽ ചില മനുഷ്യരുടെ എങ്കിലും മനസ് തളർന്നു പോകുന്നു. ശരീരത്തെ ഒരു അദൃശ്യമായ മുറിയിൽ പൂട്ടി ഇട്ട പോലെ തളർത്തി കളയുന്ന ഡിപ്രഷൻ.. ഭയം, ഓട്ടപാച്ചിൽ, ചിന്തകൾ ഒരു വേള ശ്വാസം പോലും തടസ്സപ്പെട്ട പോലെ ഉത്കണ്ഠ.

ചരട് പൊട്ടിയ പോലെ സന്തോഷം.. അടക്കാനാവാത്ത ഊർജം… ബെല്ലും ബ്രേക്കും ഇല്ലാതെ പോലെ തീരുമാനങ്ങൾ - മാനിയ. സംശയം, ഒരു ലോജിക്കും ചിന്തിക്കാൻ പറ്റാതെ എന്തിനെയും സംശയം - പരനോയിയ! ഇനിയും എത്ര തരാം അവസ്ഥകൾ… എത്ര തരം രോഗങ്ങൾ. നാണക്കേട് മറന്നു അവനവനെ തന്നെ ഒന്ന് രക്ഷിക്കാൻ ആളുകൾ മുന്നോട്ട് വന്നു തുടങ്ങിയിട്ട് ഒരുപാട് ഒന്നും ആയിട്ടില്ല. അവരെ വീണ്ടും നിങ്ങളുടെ ഇൻസെൻസിറ്റിവ് ആയ പൊട്ടിച്ചിരികൾ കൊണ്ട് പിന്നോട്ട് വലിക്കരുത്! സഹാനുഭൂതിയോടെ ചേർത്തുപിടിക്കുക'.

എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി കൃഷ്ണപ്രഭ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സിനിമാമേഖലയിലെ പ്രമുഖർ വരെ നടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കൃഷണ പ്രഭയെ പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങൾ കാരണമാണ് പലരും ഡിപ്രഷൻ എന്ന അവസ്ഥയ്ക്ക് ചികിത്സ തേടാത്തതെന്നും അറിയാത്ത വിഷയത്തെക്കുറിച്ച് ഇത്തരം വിവരക്കേടുകൾ വിളിച്ച് പറയുന്നതിന് മുൻപ് ചിന്തിക്കണമെന്നും തുടങ്ങി നിരവധി പേർ വിമർശനം അറിയിച്ചിട്ടുണ്ട്. ജോലിയും കൂലിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നവർക്ക് മാത്രമല്ല ഈ ഡിപ്രെഷൻ ഉണ്ടാകുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.

Content Highlights: Jewel Mary's reply to krishnaprabha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us