
വഴി അറിയില്ലെങ്കിലും മറ്റാരുടെയും സഹായമില്ലാതെ എവിടെ വേണമെങ്കിലും പോകാന്‍ നമ്മളെ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്പ്. എളുപ്പവഴികള്‍, ട്രാഫിക് കുറഞ്ഞ വഴികള്‍, ഏത് യാത്രാ രീതിയാണ് തിരഞ്ഞെടുക്കേണ്ടത് എന്നിവ മനസിലാക്കാന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കുന്നു. എന്നാല്‍ ഗൂഗില്‍ മാപ്പിനെ വെല്ലാന്‍ ഇന്ത്യയില്‍നിന്ന് പുതിയ ഒരു നാവിഗേഷന്‍ ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആപ്പിനെ നിര്‍ബന്ധമായും ട്രൈ ചെയ്ത് നോക്കേണ്ട ഒന്ന് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മന്ത്രിയെ വരെ ആകര്‍ഷിച്ച ഈ ആപ്പ് ഇപ്പോള്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പവും സുഖപ്രദവുമായ ആപ്പായാണ് മാപ്പിള്‍സിനെ അവതരിപ്പിച്ചിക്കുന്നത്. ആപ്പ് കൂടുതല്‍ സുരക്ഷിതവും പ്രദേശവത്കരിച്ചതുമാണെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. ബെംഗളൂരുവില്‍ അവതരിപ്പിച്ച ആപ്പില്‍ ട്രാഫിക് സിഗ്നലുകളും അവയുടെ കൗണ്ട്ഡൗണുകളും ഉള്‍പ്പടെ അറിയാന്‍ സാധിക്കുന്നുണ്ട്. ഇത് മാപ്പിള്‍സിന്‍റെ മാത്രം പ്രത്യേകതയാണ്. ഇത് കൂടാതെ ഫ്ളൈഓവറുകള്‍, അണ്ടര്‍ പാസുകള്‍, റൗണ്ട്എബൗട്ടുകള്‍ എന്നിവയുടെ 3d പ്രിവ്യൂവും ഉപയോക്താവിന് കാണാന്‍ സാധിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യയിലുടനീളമുള്ള ട്രെയിനുകളിലും നാവിഗേഷന്‍ എളുപ്പമാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ഒരു ധാരണാപത്രം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
മാപ്പിള്‍സ് എങ്ങനെ ഉപയോഗിക്കാം
ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് മാപ്പിള്‍സ് ഡൗണ്‍ലോഡ് ചെയ്യാം. ശേഷം ലോക്കേഷന്‍ ആക്‌സസ് നല്‍കുക. ഇനി നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തിന്റെ പേര് ടൈപ്പ് ചെയ്യുക. ഈ സമയം നിങ്ങള്‍ക്ക് ഏറ്റവും മികച്ച റൂട്ട് ഏതാണെന്ന് മാപ്പിള്‍സ് പറഞ്ഞു തരും. വോയ്‌സ് സഹായത്തിനൊപ്പം സക്രീനിലും പോകേണ്ട പാത കാട്ടി തരും. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് യാത്ര തുടരാവുന്നതാണ്.
Content Highlights- A competitor to Google Maps from India; Mappls goes viral