
അടുത്ത ഏകദിന ലോകകപ്പ് കൂടെ കളിക്കാനുള്ള ബാല്യമുണ്ടോ രോഹിത് ശർമക്ക്. ക്രിക്കറ്റ് സർക്കിളുകളിൽ ഏറെക്കാലമായി ഈ ചോദ്യമുണ്ട്. 2027 ലാണ് അടുത്ത ലോകകപ്പ്. അന്ന് വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യൻ ടീമിലുണ്ടാവുമോ എന്ന കാര്യത്തിന് ഇരുവരുടെയും ഫിറ്റ്‌നസാണ് മറുപടി പറയുക. ഇപ്പോഴിതാ തന്റെ ഭാവിയെക്കുറിച്ച് രോഹിത് നടത്തിയ വെളിപ്പെടുത്തൽ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
'രോഹിതുമായി ഈ വിഷയത്തിൽ ദീർഘനേരം ഞാൻ സംസാരിച്ചു. അദ്ദേഹത്തിന് തുടർന്നും കളിക്കാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തെ പോലെയുള്ള കളിക്കാർ അതാഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് രോഹിത്.
2023 ലോകകപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് നമുക്കാ കിരീടം നഷ്ടമായത്. അതൊരു മുറിവായി അദ്ദേഹത്തിന്റെ മനസിൽ കിടപ്പുണ്ട്. കളിക്കാർ ഫിറ്റാണെങ്കിൽ വയസൊരു പ്രശ്‌നമേയല്ല. 2027 ലോകകപ്പിന് മുമ്പ് അദ്ദേഹത്തിന് എത്ര ഗെയിം ടൈം ലഭിക്കും എന്നതാണ് വലിയ വെല്ലുവിളിട- പത്താൻ പറഞ്ഞു. കഴിഞ്ഞ ദിവസം രോഹിത് ശർമയുടെ ബ്രോങ്കോ ടെസ്റ്റ് ഫലം പുറത്ത് വന്നത് വലിയ വാർത്തയായിരുന്നു. താരം മികച്ച പ്രകടനം പുറത്തെടുത്ത് താരം ടെസ്റ്റ് പാസായി.