
2.7 ലക്ഷം സ്‌ക്വയർഫീറ്റ് ഓഫീസ് സ്‌പേസ് ബെംഗളുരുവിൽ ലീസിനെടുത്ത് ഐഫോൺ നിർമാതാക്കളായ ആപ്പിൾ. പത്തുവർഷത്തേക്കാണ് കരാർ. തുടക്കത്തിൽ മാസവാടകയായി 6.3 കോടി രൂപയാണ് നൽകുന്നതെന്നാണ് ഡാറ്റാ അനലിറ്റിക്‌സ് ഫേമായ പ്രോപ്പ്സ്റ്റാക്ക് പറയുന്നത്. ഇന്ത്യയിൽ നിന്നും മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും പ്രമുഖ ബ്രാൻഡാണ് ആപ്പിൾ. 2024 -25 സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടിയുടെ ഐഫോണാണ് അവർ കയറ്റുമതി ചെയ്തത്.
കാർ പാർക്കിംഗ് സ്‌പേസ് ഉൾപ്പെടെ മൾട്ടിപ്പിൾ ഫ്‌ളോറുകളാണ് റിയൽ എസ്റ്റേറ്റ് കമ്പനിയായ എമ്പസി ഗ്രൂപ്പിൽ നിന്നും ലീസിന് എടുത്തിരിക്കുന്നത്. ലീസിങ് ട്രാൻസാക്ഷനുകളുടെ രജിസ്‌ട്രേഷൻ രേഖകൾ അവലോകനം ചെയ്ത് പ്രോപ്പ്സ്റ്റാക്ക് പറയുന്നത് പത്തുവർഷം കൊണ്ട് ആയിരം കോടിയിലധികമാണ് ഐഫോൺ നിർമാതാക്കൾ വാടക, കാർപാർക്ക്, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മാത്രമായി ചിലവഴിക്കുന്നതെന്നാണ്. ഇക്കാര്യത്തിൽ ആപ്പിളിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെന്നാണ് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.
2025 ഏപ്രിൽ മൂന്നിന് പ്രാബല്യത്തിൽ വന്ന ലീസ് 120 മാസം അതായത് പത്ത് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന ആപ്പിളിനെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ കരാറിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. തുടക്കത്തിൽ ഒരു സ്വകയർ ഫീറ്റിന് മാസം 235 രൂപയാണ് വാടക. നിലവിൽ 31.57 കോടി രൂപ ഡെപ്പോസിറ്റ് നൽകി കഴിഞ്ഞു. ഓരോ വർഷവും വാടക 4.5 ശതമാനമായി ഉയരും. അതാണ് മുഴുവൻ തുക ആയിരം കോടി കടക്കാൻ കാരണം.
എമ്പസി സെനിത്തിൽ അഞ്ചാംനില മുതൽ പതിമൂന്നാം നിലവരെയാണ് ആപ്പിൾ ലീസിനെടുത്തിരിക്കുന്നത്. ഹൈദരാബാദിലും ബെംഗളുരുവിലുമായി നിരവധി എഞ്ചിനീയറിംഗ് ടീമാണ് ആപ്പിളിനുള്ളത്.
Content Highlights: Apple leased office space in Bengaluru for monthly rent starting from 6.3crores