
കീവ്: വൊളോഡിമിർ സെലൻസ്കിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി യുക്രെയ്നിൽ ആക്രമണം നടത്തി റഷ്യ. കാർഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ അടക്കം യുക്രെയ്നിൽ 14 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ കാർഖീവിലെ അഞ്ച് നിലയുള്ള കെട്ടിടസമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നു. ഇതിനെ തുടർന്ന് കെട്ടിടത്തിൻ്റെ മൂന്ന് നിലകളിൽ തീപിടുത്തമുണ്ടായി എന്നാണ് പ്രദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും 23ഓളം പേർക്ക് പരിക്കേറ്റെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന വിവരം.
റഷ്യൻ അതിർത്തിയോട് ചേർന്ന നഗരത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 11ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സാപൊറീഷ്യ മേഖലയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും യുക്രെയ്ൻ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്കിലെ മേഖലയിൽ നടന്ന റഷ്യൻ ഷെല്ലിംഗിൽ നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. തെക്കൻ ഒഡേസ മേഖലയിലും റഷ്യ ആക്രമണം നടത്തിയതായാണ് പ്രദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. സെലൻസ്കിയും യൂറോപ്യൻ സഖ്യകക്ഷികളും യുക്രെയ്ൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപുമായി ചർച്ചകൾ ആരംഭിക്കാനിരിക്കെയായിരുന്നു റഷ്യയുടെ ആക്രമണം.
യുക്രെയ്നിൽ നിന്ന് പിടിച്ചടക്കിയ ക്രിമിയൻ ഉപദ്വീപ് തിരിച്ചുപിടിക്കാനോ സമാധാന കരാറിന്റെ ഭാഗമായി നാറ്റോയിൽ ചേരാനോ കഴിയില്ലെന്ന് സെലൻസ്കിയുടെ സന്ദർശനത്തിന് മുമ്പ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. നേരത്തെ യുദ്ധവിരാമവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റും റഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ വെടിനിർത്തൽ സംബന്ധിച്ച ധാരണകൾ ഈ ചർച്ചയിൽ ഉണ്ടായിരുന്നില്ല. എന്നാൽ വെടിനിർത്തൽ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉയർന്നു വന്നിരുന്നവെന്നായിരുന്നു റിപ്പോർട്ടുകൾ. റഷ്യ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് സെലൻസ്കിയോടും ചർച്ചയിൽ പങ്കെടുക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളോടും പങ്കുവെയ്ക്കുമെന്നാണ് റിപ്പോർട്ട്.
Content Highlights: 14 Killed In Russian Attack On Ukraine Ahead Of Donald Trump-Volodymyr Zelensky Talks