
ആപ്പിള്‍ ഐഫോണ്‍ ആരാധകര്‍ അറിഞ്ഞിരിക്കേണ്ട വിഷമകരമായ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എഐ മോഡല്‍ ചുമതലയില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആപ്പിള്‍ വിട്ട് മെറ്റയിലേക്ക് ചേക്കേറുന്നുവെന്നതാണ് പുതിയ വിവരം. നിലവില്‍ എഐ മേഖലയില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഐഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇത് മറ്റൊരു തിരിച്ചടിയാണ്.
ആപ്പിള്‍ ഫൗണ്ടേഷന്‍ മോഡല്‍സ് ടീം ഇന്‍ചാര്‍ജ് ആയ റോമിങ് പാങാണ് കമ്പനി വിടുന്നതെന്ന് പേരുവെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ചില വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആള്‍ഫബെറ്റില്‍ നിന്നാണ് പാങ് ആപ്പിളിലേക്ക് 2021ല്‍ ചേക്കേറിയത്. ഇദ്ദേഹമാണ് നിലവില്‍ മെറ്റയിലേക്ക് എത്തുന്ന വമ്പന്‍. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഒരോ വര്‍ഷവും 10 മില്യണിലധികം, അതായത് 99 മില്യണ്‍ ഡോളര്‍ വരെ നല്‍കാമെന്ന വാഗ്ദാനമാണ് മെറ്റ നല്‍കിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സ്‌കെയില്‍ എഐയുടെ അലക്‌സാണ്ടര്‍ വാംഗ്, സ്റ്റാര്‍റ്റപ്പ് സ്ഥാപകന്‍ ഡാനിയേല്‍ ഗ്രോസ്, മുന്‍ ഗിറ്റ്ഹബ് സിഇഒ നാറ്റ് ഫ്രൈഡ്മാന്‍ എന്നിവരെ വന്‍ വിലയക്ക് മെറ്റയിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ മാര്‍ക് സക്കര്‍ബര്‍ഗ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച, ഓപ്പണ്‍ എഐ ഗവേഷകനായ സുവാന്‍സി ലീ, ആന്‍ഡ്രോപിക് പിബിസിയുടെ ആന്‍ണ്‍ ബാക്തിന്‍ എന്നിവരെ മെറ്റയില്‍ നിയമിച്ചിരുന്നു. ഓപ്പണ്‍ എഐ ഗവേഷകരുടെ ഒരു വലിയ സംഘത്തെ തന്നെ മെറ്റ കഴിഞ്ഞമാസം ജോലിയ്‌ക്കെടുത്തെന്നാണ് വിവരം. അതേസമയം പാങിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് മെറ്റയുള്‍പ്പെടെയുള്ള ടെക് ഭീമന്മാര്‍. ഓപ്പണ്‍ എഐ, ഗൂഗിള്‍ എന്നിവയുമായുള്ള മത്സരത്തില്‍ എഐയ്ക്കാണ് മെറ്റയിപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എഐ വിഭാഗത്തിനായി നിയമനങ്ങള്‍ സിലിക്കണ്‍ വാലിയിലെ വീട്ടിലിരുന്നുപോലും മെറ്റ സ്ഥാപകന്‍ നടത്തുന്നുവെന്നാണ് വിവരം.
സൂപ്പര്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ ജൂണ്‍ മുതലാണ് സക്കര്‍ബര്‍ഗ് എഐ സംഘത്തില്‍ അഴിച്ചുപണി ആരംഭിച്ചത്. കാര്യങ്ങള്‍ എല്ലാം കൃത്യമായി, അല്ലെങ്കില്‍ മനുഷ്യരെക്കാള്‍ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന എഐ സാങ്കേതിക വിദ്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം മാത്രം കോടികളാണ് ഇതിനായി മെറ്റ ചെലവാക്കാന്‍ പോകുന്നതെന്ന് കമ്പനി പ്രഖ്യാപിച്ച് കഴിഞ്ഞു. ഐഫോണിലെ ആപ്പിള്‍ ഇന്റലിജന്‍സ്, മറ്റ് എഐ ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെട്ട ആപ്പിളിന്റെ ലാംഗേജ് മോഡലിനായി പ്രവര്‍ത്തിക്കുന്ന നൂറംഗ സംഘത്തെ നയിക്കുന്നത് പാങ് ആയിരുന്നു. ജൂണില്‍ ഈ മോഡല്‍ ഐഫോണ്‍, ഐപാഡ് ആപ്പുകള്‍ക്കായി ആദ്യമായി ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം സിരിയുടെ ഒരു പുത്തന്‍ വേര്‍ഷന് വേണ്ടി ഓപ്പണ്‍ എഐ അല്ലെങ്കില്‍ അന്ത്രോപിക്ക് തേഡ് പാര്‍ട്ടി മോഡലുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതിനെ കുറിച്ചും ആപ്പിള്‍ ചിന്തിക്കുന്നുണ്ട്. സിരിയിലെ എഐയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തേഡ് പാര്‍ട്ടി പരിഹാരമാകുമോ എന്ന ചിന്തകള്‍ക്കിടയില്‍ പാങിന്റെ സംഘം വികസിപ്പിച്ച മോഡലില്‍ സിരിയുടെ പുത്തന്‍ ഭാവം പുറത്തിറക്കാനും ആപ്പിള്‍ ശ്രമിക്കുന്നുണ്ട്.
Content Highlight: Apples AI Model Executive quits to join Meta