
മഹാഭാരതം കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതും ഡ്രീം പ്രൊജക്റ്റുമായിരിക്കുംഎന്ന് ആമിർ ഖാൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രം ഉടൻ ഷൂട്ടിംഗ് തുടങ്ങുമെന്നും വലിയ കാൻവാസിലാണ് സിനിമ ഒരുങ്ങുന്നതെന്നും ആമിർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ നൽകുകയാണ് ആമിർ. ചിത്രത്തിന്റെ വർക്കുകൾ ആഗസ്റ്റിൽ ആരംഭിക്കുമെന്നും നിരവധി ഭാഗങ്ങളായിട്ടാകും സിനിമ പുറത്തിറങ്ങുന്നതെന്നും ആമിർ മനസുതുറന്നു.
'ആഗസ്റ്റിൽ മഹാഭാരതത്തിന്റെ വർക്കുകൾ ആരംഭിക്കും. നിരവധി പാർട്ടുകളായിട്ടാകും സിനിമ പുറത്തിറങ്ങുക കാരണം ഈ കഥ ഒറ്റ ഭാഗത്തിൽ പറഞ്ഞു അവസാനിപ്പിക്കാൻ കഴിയില്ല. ഇത് എൻ്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു കഥയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഈ കഥ പറയേണ്ടതുണ്ട്', ആമിർ വ്യക്തമാക്കി. ചിത്രത്തിൽ പുതുമുഖങ്ങളായിരിക്കും കൂടുതൽ ഉണ്ടാകുകയെന്നും ആമിർ പറഞ്ഞു.
'അറിയപ്പെടുന്ന താരങ്ങളെ കാസ്റ്റ് ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല. എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് താരങ്ങൾ. അറിയപ്പെടാത്ത മുഖങ്ങളാണ് എനിക്ക് വേണ്ടത്. അതിനായി പൂർണ്ണമായും പുതിയ അഭിനേതാക്കളാകും സിനിമയിൽ ഉണ്ടാകുന്നത്', ആമിർ കൂട്ടിച്ചേർത്തു. നേരത്തെ മഹാഭാരതത്തോട് കൂടി ആമിർ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് ആമിർ രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും മഹാഭാരതം തന്റെ അവസാന സിനിമ ആയിരിക്കില്ല എന്നും ആമിർ പറഞ്ഞു.
അതേസമയം, സിത്താരെ സമീൻ പർ ആണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ആമിർ ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്. രണ്ടാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം വലിയ നേട്ടമാണ് നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 146 കോടി നേടിയിട്ടുണ്ട്. ആദ്യത്തെ ആഴ്ച ചിത്രം 87.50 കോടി നേടിയപ്പോൾ രണ്ടാമത്തെ ആഴ്ച സിനിമ 44.50 കോടി സ്വന്തമാക്കി. വൈകാതെ ചിത്രം ഇന്ത്യയിൽ നിന്ന് 150 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.
Content Highlights: Aamir Khan talks about Mahabharata