മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം, എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും: സന്ദീപ് വാര്യർ

ഡല്‍ഹിയില്‍ നിന്ന് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണെന്ന് സന്ദീപ് ചോദിച്ചു

dot image

പാലക്കാട്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടനത്തിന് എത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി വാര്യര്‍. ജ്യോതിയുടെ വരവില്‍ മറുപടി പറയേണ്ടത് ബിജെപി നേതാവ് വി മുരളീധരനാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു സന്ദീപിന്റെ വിമര്‍ശനം.

'പാകിസ്താന്‍ ചാരയായ ജ്യോതി മല്‍ഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാല്‍ വി മുരളീധരന്റെ വന്ദേഭാരത് ഉദ്ഘാടന മഹാമഹ റിപ്പോര്‍ട്ടിങ്ങിന് വേണ്ടി ആയമ്മ 2023 സെപ്റ്റംബറില്‍ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. മറുപടി പറയേണ്ടത് വി മുരളീധരനാണ്. ഡല്‍ഹിയില്‍ നിന്ന് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണ്?' അദ്ദേഹം പറഞ്ഞു.

ജ്യോതിയുടെ വിദേശയാത്രകള്‍ക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വാഗാ ബോര്‍ഡില്‍ വച്ച് പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മല്‍ഹോത്ര പറയുന്നത് ഹരിയാന ബിജെപി എന്നാണെന്നും വീഡിയോ പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മല്‍ഹോത്രയെ മന്ത്രിയുടെ പിആര്‍ വര്‍ക്കിന് വേണ്ടി അസൈന്‍ ചെയ്തതല്ലേ ? ഈ മാധ്യമ വിഭാഗം മേധാവിയുടെ ഡല്‍ഹി വീട്ടില്‍ താമസിച്ചല്ലേ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഒരുത്തന്‍ തട്ടിപ്പ് നടത്തിയത് ? നിശ്ചയമായും വി മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം. നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും', സന്ദീപ് പറഞ്ഞു.

Content Highlights: Sandeep G Varier against V Muraleedharan on Jyoti Malhotra s arrival

dot image
To advertise here,contact us
dot image