
വിദേശയാത്ര എപ്പോഴും പുതിയ സംസ്‌കാരങ്ങള്‍, സാഹസികതകള്‍, പുതിയ കണ്ടെത്തലുകള്‍ എന്നിവയൊക്കെ നിറഞ്ഞ അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക. എന്നാല്‍ ആസ്വാദ്യകരമായ ആ യാത്രയ്ക്കിടയില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. എന്താണ് അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ടത്. പാസ്‌പോര്‍ട്ട് വെറുമൊരു സാധാരണ രേഖയല്ല. വിദേശയാത്ര ചെയ്യാനായാലും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയുംകൂടിയാണ്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട അവശ്യ നടപടികള്‍ ഇങ്ങനെയാണ്.
പൊലീസില്‍ പരാതി നല്‍കുക
നിങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ടത് ലോക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. പൊലീസ് റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കാരണം എംബസി നടപടി ക്രമങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കും ഈ രേഖ ആവശ്യമാണ്.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുക
പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായി ഉടന്‍ ബന്ധപ്പെടുക. പകരം പാസ്‌പോര്‍ട്ടോ അടിയന്തിര സര്‍ട്ടിഫിക്കറ്റോ ലഭിക്കുന്നതിന് ആ ഘട്ടത്തില്‍ എംബസി നിങ്ങളെ സഹായിക്കും. എംബസിയില്‍ നിങ്ങള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കാം. പുതിയ പാസ്‌പോര്‍ട്ടിനായി ദീര്‍ഘനാളത്തെ കാത്തിരിപ്പ് ഒഴിവാക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ നിങ്ങളെ അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്. ഇതിനായി ആവശ്യമുള്ള രേഖകള്‍ എംബസിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
വിസ വീണ്ടും ലഭിക്കാന്‍ അപേക്ഷിക്കുക
നിങ്ങളുടെ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട എംബസിയില്‍ നിന്ന് വിസ വീണ്ടും ലഭിക്കാന്‍ അപേക്ഷിക്കേണ്ടതാണ്.ഇക്കാര്യം വേഗത്തിലാക്കാന്‍ പൊലീസ് റിപ്പോര്‍ട്ടും നിങ്ങളുടെ നഷ്ടപ്പെട്ട വിസയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശം വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
ഫ്‌ളൈറ്റ് വീണ്ടും ബുക്ക് ചെയ്യാം
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ റീ-ഇഷ്യു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ യാത്ര അസാധ്യമാകും. നിങ്ങളുടെ യാത്ര അത്യാവശ്യകാര്യത്തിനായിരുന്നെങ്കില്‍ സാഹചര്യത്തെക്കുറിച്ച് എയര്‍ലൈനെ അറിയിക്കുകയും ഫ്‌ളൈറ്റ് പുനക്രമീകരിക്കുകയും ചെയ്യാം. മിക്ക എയര്‍ലൈനുകളും ശരിയായ രേഖകളുണ്ടെങ്കില്‍ ബുക്കിംഗുകളില്‍ മാറ്റങ്ങള്‍ അനുവദിക്കാറുണ്ട്.
യാത്രാ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം
നിങ്ങള്‍ക്ക് അന്താരാഷ്ട്ര യാത്രാ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ഉടന്‍തന്നെ നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വിസ ഫീസ് അല്ലെങ്കില്‍ പുനക്രമീകരിച്ച ഫ്‌ളൈറ്റ് ചാര്‍ജ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളുടെയും രസീത് സൂക്ഷിക്കുകയും ചെയ്യുക. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിന്റെ ഫലമായുണ്ടായ ചെലവുകളുടെ ഒരു ഭാഗം തിരിച്ചുപിടിക്കാന്‍ യാത്രാ ഇന്‍ഷുറന്‍സ് സഹായിക്കും.
Content Highlights :What to do if you lose your passport abroad. These are the precautions to take if you lose your passport