ചുറ്റും മൂളിപ്പറക്കുമ്പോൾ നന്നായി ശ്രദ്ധിച്ചോ; അതൊരു ചെെനീസ് ചാരകൊതുകുമാകാം!

ചൈനയുടെ ഔദ്യോഗിക സൈനിക ചാനലായ CCTV 7-ലാണ് ഡ്രോണിന്റെ പ്രോട്ടോടൈപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്.

dot image

ഇനി മുതൽ നമുക്ക് ചുറ്റും മൂളിപ്പായുന്ന കൊതുകുകളെയും സസൂക്ഷ്മം നിരീക്ഷിക്കേണ്ടി വരും. രക്തം കുടിക്കുന്ന, കൂടിയ പക്ഷം ചില രോഗങ്ങൾ പരത്തുന്ന ബുദ്ധിമുട്ടുകൾ മാത്രമാണ് കൊതുകുകള്‍ മനുഷ്യർക്ക് ഉണ്ടാക്കിയതെങ്കിൽ, ചൈന 'ഉൽപാദിപ്പിച്ച' ചില കൊതുകുകൾക്ക് ഒറ്റക്കൊരു യുദ്ധം വരെ നടത്താനാകും.

അതെ...സൈനിക, രഹസ്യാന്വേഷണ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഒരു നിർണായക ഗവേഷണത്തില്‍, കൊതുകിന്റെ വലുപ്പമുള്ള മൈക്രോ ഡ്രോൺ വികസിപ്പിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ഗവേഷകർ കണ്ടുപിടിച്ച ഈ ഡ്രോണിന് ഭാവിയിലെ യുദ്ധതന്ത്രങ്ങളെയും ചാരവൃത്തിയുടെ രീതികളെയും തന്നെ മാറ്റിമറിക്കാനുള്ള ശേഷിയുണ്ട്.

ചൈനയുടെ ഔദ്യോഗിക സൈനിക ചാനലായ CCTV 7-ലാണ് ഡ്രോണിന്റെ പ്രോട്ടോടൈപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്. വിരൽത്തുമ്പിലിരിക്കുന്ന ഡ്രോണിനെ പരിചയപ്പെടുത്തിക്കൊണ്ട് NUDT-യിലെ ഗവേഷക വിദ്യാർത്ഥിയായ ലിയാങ് ഹെക്സിയാങ് ആണ് ഇത് അവതരിപ്പിച്ചത്.

'എന്റെ കയ്യിലുള്ളത് ഒരു കൊതുക് റോബോട്ടാണ്. ഇതിന്റെ അതിസൂക്ഷ്മമായ വലുപ്പം കാരണം രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനും യുദ്ധമേഖലയിലെ പ്രത്യേക ദൗത്യങ്ങൾക്കും ഏറ്റവും അനുയോജ്യമാണ്' ലിയാങ് ഹെക്സിയാങ് പറഞ്ഞു.

ഒറ്റനോട്ടത്തിൽ ഒരു കൊതുകാണെന്ന് തോന്നുന്ന ഈ യന്ത്രത്തിന് ഏകദേശം 2 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ ചിറകളവും ആണുള്ളത്. 0.2 ഗ്രാമിൽ താഴെയാണ് ഭാരം. ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാമെന്നത് ഇതിന്റെ ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നു.

ആരുടെയും കണ്ണിൽപ്പെടാതെ ശത്രുപാളയങ്ങളിൽ പ്രവേശിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ തത്സമയം കൈമാറാൻ ഈ ഡ്രോണുകൾക്ക് സാധിക്കും. നിലവിൽ ഭാരക്കുറവ് കുറവ് കാരണം വലിയ ചിപ്പുകൾ ഘടിപ്പിക്കാനാവില്ലെങ്കിലും കൂടുതൽ പരീക്ഷണത്തിലാണ് ഗവേഷകർ.


Content Highlights: china mosquito drone

dot image
To advertise here,contact us
dot image