വാട്‌സ്ആപ്പും ഇന്‍സ്റ്റയും വിയര്‍ക്കുമോ? എക്‌സ് ചാറ്റുമായി മസ്‌ക്

എക്‌സിനെ എല്ലാ സേവനങ്ങൾക്കുമുള്ള പ്ലാറ്റ്ഫോമാക്കി മാറ്റാൻ ഇലോൺ മസ്‌കിന് പദ്ധതിയുള്ളതായി റിപ്പോർട്ടുകൾ

dot image

എക്‌സിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌ക്. 'എക്‌സ് ചാറ്റ്' എന്ന ഡയറക്ട് മെസ്സേജിങ് സംവിധാനമാണ് പരിഷ്‌കരണത്തിന്റെ ഭാഗമായി എക്‌സിൽ പ്രവർത്തിക്കുക. ഏത് ഫയലുകളും അനായാസം കൈമാറാൻ കഴിയുന്ന ചാറ്റ്‌ബോക്‌സ് ആയിരിക്കും മെസഞ്ചറിന്റേത്. കൂടാതെ, മെസ്സേജ് കണ്ട ശേഷം ഉടൻ ഓട്ടോമാറ്റിക് ഡിലീറ്റ് ആകുന്നതിനുള്ള വാനിഷ് മോഡും പുതിയ സംവിധാനത്തിൽ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫോൺ നമ്പർ ഇല്ലാതെ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ സാധിക്കും എന്നതാണ് എക്‌സ് ചാറ്റ്‌ബോക്‌സിന്റെ മറ്റൊരു പ്രത്യേകത. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ബിറ്റ്‌കോയിൻ ശൈലിയിലുള്ള എൻക്രിപ്ഷനും ഉണ്ടായിരിക്കുമെന്നാണ് ഇലേൺ മസ്‌ക് തന്റെ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. സുരക്ഷയും സ്വീകാര്യതയും പരിഗണിച്ചാണ് ഈ തീരുമാനം. നിലവിൽ എക്‌സ് ചാറ്റ് ലഭ്യമായിരിക്കുന്നത് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ്. ഇത് കൂടാതെ എക്‌സ് സബ്‌സ്‌ക്രിപ്ഷൻ ചെയ്തിട്ടുള്ളവർക്കും പുതിയ അപ്‌ഡേറ്റുകൾ ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങളുടെ പക്കലുള്ള എക്‌സ് ആപ്പ് അപ്‌ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക. അപ്‌ഡേറ്റഡ് പതിപ്പിൽ മാത്രമായിരിക്കും ചാറ്റ്‌റൂം സേവനങ്ങൾ ലഭ്യമാകുക. എക്‌സിൽ അക്കൗണ്ട് രൂപീകരിച്ച് കുറഞ്ഞത് ഒരാഴ്ച്ചയ്ക്ക് ശേഷം മാത്രമേ ചാറ്റ്‌റൂം തുറക്കാൻ സാധിക്കുകയുള്ളു.

എക്‌സ് ചാറ്റ്‌റൂമിന് ബിറ്റ്‌കോയിൻ ശൈലിയിലുള്ള എൻക്രിപ്ഷൻ ഉണ്ടായിരിക്കുമെന്ന വാദത്തെ തള്ളി വിദഗ്ധർ രംഗത്തെത്തിയിരുന്നു. ബിറ്റ്‌കോയിന്റെ ക്രിപ്‌റ്റോഗ്രഫി സാധാരണയായി മെസഞ്ചറുകൾക്ക് ഉപയോഗിക്കാറില്ലെന്നായിരുന്നു അവരുടെ വിശദീകരണം.

സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നത് പോലെ നിങ്ങൾ കണ്ട ശേഷം മെസ്സേജുകൾ ഓട്ടോമാറ്റിക് ആയി ഡിലീറ്റായി പോകാനുള്ള ഓപ്ഷനാണ് വാനിഷിങ് മോഡ്. ഓഡിയോ, വീഡിയോ തുടങ്ങി എന്തുതരം ഫയലുകൾ അയയ്ക്കുന്നതിനും എക്‌സ് ചാറ്റിന് നിയന്ത്രണങ്ങൾ ഒന്നുമില്ല.

എക്‌സിനെ എല്ലാ സേവനങ്ങൾക്കുമുള്ള പ്ലാറ്റ്ഫോമാക്കി മാറ്റാൻ ഇലോൺ മസ്‌കിന് പദ്ധതിയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. കോളുകൾ, ചാറ്റ്, പണമിടപാട് തുടങ്ങിയ സേവനങ്ങളെല്ലാം ഒരുമിച്ച് കൊണ്ടുവരാനാണ് ശ്രമം.

എക്‌സിന്റെ പുതിയ മാറ്റങ്ങൾ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസ്സഞ്ചർ തുടങ്ങിയ ആപ്പുകൾക്ക് വെല്ലുവിളിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് വിദഗ്ധർ. ഫയലുകൾ അയയ്ക്കാനുള്ള സേവനമുൾപ്പെടെ വാട്‌സ്ആപ്പിലും, മറ്റ് ചാറ്റിങ് ആപ്പുകളിലും പരിമിതിയുള്ള നിരവധി ഫീച്ചറുകൾ കൂടുതൽ സൗകര്യത്തോടെ ഉപയോഗിക്കാമെന്നത് എക്‌സിനെ ജനപ്രിയമാക്കാനാണ് സാധ്യത.

Content Highlight; elon musk to launch x chat direct messenger

dot image
To advertise here,contact us
dot image