

കൊച്ചി: ലഹരിക്കേസില്‍ മലയാളി ഡിജെയും വിദേശികളുമടക്കം ഏഴുപേര്‍ പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഡിജെ സിദ്ധാര്‍ഥ് ദാമോര്‍, കോഴിക്കോട് ബേപ്പൂര്‍ നോര്‍ത്ത് സ്വദേശി ഹംദാന്‍ അഹമ്മദ്, അരക്കിണര്‍ സ്വദേശി പി അഫ്ലാഹ്, പഞ്ചാബ് കപൂര്‍ത്തല സ്വദേശി ഗുര്‍പ്രീത് സിങ്, തമിഴ്‌നാട് സ്വദേശി അരുണ്‍ രാജ്കുമാര്‍, നൈജീരിയക്കാരി സോണിയ എന്ന ചിസോബ ഹെലന്‍ ആന്തണി, സിംബാബ്വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിലെ വിവിധ പാർട്ടികൾക്കും മറ്റും ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നെത്തിക്കുന്ന സംഘമാണിത്. ഗുർപ്രീത് സിങ്, ഹംദാൻ അഹമ്മദ്, പി അഫ്‌ലാഹ് എന്നിവരെ 8.12 ഗ്രാം കൊക്കെയ്നുമായി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈ മാസം പത്തിന് കൊച്ചി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.
സംഘത്തിൽ പെട്ട സിദ്ധാർഥ് ദമോറിനെ അന്നുതന്നെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയും അറസ്റ്റ് ചെയ്തു. ഊട്ടിയിൽ ഒരു റിസോർട്ടിന്റെ ഉടമ കൂടിയായ സിദ്ധാർഥ് ദമോറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പലയിടത്തും ഡിജെ പാർട്ടികൾ നടക്കാറുണ്ടെന്ന് എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു. തുടർന്ന് ഇയാളെ പിടികൂടി. പിന്നാലെയാണ് ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയും ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നയാളുമായ അരുൺ രാജ്‌കുമാറിനെ അറസ്റ്റ് ചെയ്തത്.
വിദേശികളിൽ നിന്ന് കൊക്കെയ്ൻ വാങ്ങി ഏജന്റുമാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നത് ഇയാളാണെന്ന് എൻസിബി വ്യക്തമാക്കി. ഇരുവരിൽ നിന്നും ലഭിച്ച വിവര പ്രകാരമാണ് നൈജീരിയക്കാരിയായ സോണിയ എന്ന ചിസോബ ഹെലൻ ആന്തണിയെ 12 ന് പിടികൂടിയത്. സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെയെ 13-ാം തീയതി ബെംഗളൂരുവിൽ നിന്നും എൻസിബി അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്ന് 16 ഗ്രാം, 8.98 ഗ്രാം വീതം കൊക്കെയ്നാണ് പിടികൂടിയത്. പത്ത് വർഷം മുൻപ് അടിയന്തര മെഡിക്കൽ വിസയിലാണ് ചിസോബ ഇന്ത്യയിൽ എത്തിയത്. വിദ്യാർത്ഥി വിസയിലാണ് മുഫുകാരെ ഇന്ത്യയിൽ എത്തിയതെന്നും എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു. പിടിയിലായ സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, പി അഫ്‌ലാഹ് എന്നിവർ മുൻപ് യുഎഇയിൽ ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവരാണ്. ഇന്ത്യയിലേക്ക് നാടുകടത്തിയ ശേഷം ഇവർ കേസിൽ പിടിയിലായ മറ്റുള്ളവരുമായി ബന്ധം പുതുക്കുകയായിരുന്നുവെന്നാണ് എൻസിബി വ്യക്തമാക്കുന്നത്.
Content Highlights: malayali dj and foreigners among seven arrested