PSLV - C61 വിക്ഷേപണം പരാജയപ്പെടാൻ എന്താണ് കാരണം?

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവിയുടെ വിക്ഷേപണം

dot image

ഐഎസ്ആർഒയുടെ 101-ാമത് വിക്ഷേപണമായ പിഎസ്എൽവി-C61 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. ഇതോടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് 9 (ഇഒഎസ്-09 ) ഭൗമനിരീക്ഷണ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം ഘട്ടത്തിലാണ് അപ്രതീക്ഷിത പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്. പിഎസ്എൽവിയുടെ പരാജയം അത്യപൂർവ്വമായി സംഭവിക്കുന്നതാണ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവിയുടെ വിക്ഷേപണം. വിജയകരമായി ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും പൂർത്തിയാക്കിയ ശേഷം മൂന്നാം ഘട്ടത്തിൽ അപാകത കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിക്കുകയായിരുന്നു.

ഐഎസ്ആർഒയുടെ വർക്ക്ഹോഴ്സ് റോക്കറ്റ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കി(പിഎസ്എൽവി)ളിന്റെ വിക്ഷേപണം ചേംബർ മർദ്ദത്തിന്റെ കുറവ് മൂലമാണ് പരാജയപ്പെട്ടതെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ വ്യക്തമാക്കി. പിഎസ്എൽവി നാല് ഘട്ടങ്ങളിലൂടെയാണ് വിക്ഷേപണം നടത്തുക, ഇതിൽ രണ്ടാം ഘട്ടം വരെ കാര്യങ്ങളെല്ലാം കൃത്യമായിരുന്നു, എന്നാൽ മൂന്നാം ഘട്ടം കൃത്യമാകാത്തതിനാൽ ദൗത്യം പരാജയപ്പെടുകയായിരുന്നുവെന്നും വി നാരായണൻ പറഞ്ഞു.

'മോട്ടോർ കേസിന്റെ ചേംബർ മർദ്ദത്തിൽ കുറവുണ്ടായി. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ദൗത്യവുമായി വീണ്ടും തിരികെയെത്തും.' എന്നായിരുന്നു വി നാരായണൻ നൽകിയ വിശദീകരണം.

പതിവ് രീതികൾ പോലെ, ഐഎസ്ആർഒയുടെ ആഭ്യന്തര സംഘവും, സർക്കാർ നിയോഗിക്കുന്ന ബാഹ്യ സംഘവും പിഎസ്എൽവിയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കും. ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഉപയോഗിച്ച പിഎസ്എൽവി ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസനീയമായ വാഹനമാണ്.

വ്യത്യസ്ത മേഖലകളിൽ ഉപയോഗിക്കാവുന്നതും, വിശ്വസനീയമായ റിമോട്ട് സെൻസിങ് ഡാറ്റ നൽകുന്നതിനുമായി നിർമ്മിച്ച എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്-9 ആയിരുന്നു റോക്കറ്റിൽ ഉണ്ടായിരുന്നത്. ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിലുള്ള ആസൂത്രിത ഭ്രമണപഥത്തിൽ എത്തിയിരുന്നെങ്കിൽ ഇന്ത്യയുടെ നിരീക്ഷണ കഴിവുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദൗത്യത്തിന് കഴിയുമായിരുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇഒഎസ്-9നെ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും, നാല് റഡാർ ഉപഗ്രഹങ്ങളും, എട്ട് കാർട്ടോസാറ്റുകളും ഇപ്പോഴും ഭൗമനിരീക്ഷണ ഭ്രമണപഥത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവയിൽ നിന്ന് വ്യത്യസ്തമായി ഇഒഎസ്-9ന് പ്രത്യേക കഴിവുകൾ ഉണ്ടായിരുന്നു. സിന്തറ്റിക് അപ്പർച്ചർ റഡാർ സൗകര്യമുണ്ടായിരുന്നതിനാൽ ഏത് കാലാവസ്ഥയിലും, രാത്രിയിൽ പോലും നിരീക്ഷണത്തിനുള്ള സാധ്യത. അതിർത്തിയിലെ സൂക്ഷമനിരീക്ഷണത്തിന് പുറമെ, കൃഷി, ദുരന്ത സാധ്യത നിരീക്ഷണം, വനത്തിലെ നിരീക്ഷണം, ദേശീയ സുരക്ഷ എന്നീ കാര്യങ്ങളിലും പ്രധാന പങ്കുവഹിക്കാനുള്ള കഴിവ് ഇഒഎസ്-9നുണ്ടായിരുന്നു.

ബഹിരാകാശത്ത് അവശിഷ്ടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവും ഇഒഎസ്-9 ദൗത്യത്തിന് ഉണ്ടായിരുന്നു. ദൗത്യം അവസാനിച്ച ശേഷം ഉപഗ്രഹം താഴ്ന്ന് ഭ്രമണപഥത്തിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനുള്ള ഇന്ധനം ശാസ്ത്രജ്ഞർ മാറ്റിവച്ചിരുന്നു. ഇത്തരത്തിൽ രണ്ടുവർഷത്തിന് ശേഷം ദൗത്യം അവസാനിക്കുമ്പോൾ അത് അന്തരീക്ഷത്തിൽ വച്ചുതെന്നെ കത്തിത്തീരും. ബഹിരാകാശത്ത് അവശിഷ്ടങ്ങൾ നിലനിർത്താതിരിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

Content Highlights: What was the reason for the failure of PSLV-C61 launch?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us