

കുറഞ്ഞ വിലയില്‍ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ നല്ലൊരു തിരഞ്ഞെടുപ്പാണ്. എന്നാല്‍ പുറമേ ഭംഗിയായി കാണപ്പെടുന്ന എല്ലാ കാറുകളും മികച്ചതായിരിക്കണമെന്നില്ല. വാങ്ങിയശേഷം വലിയ അറ്റകുറ്റപ്പണികളൊക്കെ വേണ്ടിവന്നാല്‍ ചെലവ് കൂടും. അതിനാല്‍ കാര്‍ വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണം.
കാറിന്റെ സൈലന്‍സറില്‍നിന്ന് പുറത്തുവരുന്ന പുക എന്‍ജിന്റെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കും. എന്‍ജിന്‍ ചൂടായിട്ടും തുടര്‍ച്ചയായി വെളുത്ത പുക വരുന്നത് കൂളിങ് സംവിധാനത്തിലെ തകരാറിന്റെ ലക്ഷണമാകാം. നീല പുക വരികയാണെങ്കില്‍ അത് എന്‍ജിന്‍ ഓയില്‍ കത്തുന്നതിന്റെ സൂചനയായിരിക്കാം. കറുത്ത പുകയാണെങ്കില്‍ ഇന്ധനവിതരണത്തിലോ വായുസഞ്ചാരത്തിലോ പ്രശ്‌നമുണ്ടെന്നാണ് മനസിലാക്കേണ്ടത്.

വാഹനം ഓടിക്കുമ്പോള്‍ തട്ടുന്നതുപോലുളള ശബ്ദം, ഞരക്കം, അമിതമായ വിറയല്‍ എന്നിവയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. സസ്‌പെന്‍ഷന്‍, ബ്രേക്ക്, ക്ലച്ച് തുടങ്ങിയ ഭാഗങ്ങളിലെ തകരാറുകള്‍ ഇതിനു കാരണമാകാം. അതുപോലെ സ്റ്റിയറിങ് നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടോ, ബ്രേക്ക് അമര്‍ത്തുമ്പോള്‍ വാഹനം ഒരു വശത്തേക്ക് മാറുന്നുണ്ടോ എന്നും പരിശോധിക്കുക.
കാര്‍ സ്റ്റാര്‍ട്ട് ചെയ്തശേഷം എന്‍ജിന്‍, ഓയില്‍ പ്രഷര്‍, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലൈറ്റുകള്‍ അണയുന്നുണ്ടോ എന്ന് നോക്കണം. ചില ലൈറ്റുകള്‍ തുടര്‍ച്ചയായി തെളിഞ്ഞുനില്‍ക്കുന്നത് തകരാറിന്റെ സൂചനയായിരിക്കാം. ഈ പ്രശ്‌നങ്ങള്‍ ചെറുതാണെന്ന് കരുതി അവഗണിക്കരുത്.

കാറിന്റെ ഡോറുകള്‍, ബോണറ്റ്, ബൂട്ട് എന്നിവ ചേരുന്ന ഭാഗങ്ങളിലെ വിടവുകള്‍ ഒരുപോലെയാണോ എന്ന് പരിശോധിക്കണം. പെയിന്റിന്റെ നിറത്തില്‍ വ്യത്യാസം, അസമമായ പ്രതലങ്ങള്‍, ബോഡിയില്‍ കാണുന്ന അറ്റകുറ്റപ്പണികളുടെ അടയാളങ്ങള്‍ എന്നിവ മുന്‍പ് അപകടമുണ്ടായതിന്റെ സൂചനകളാകാം. എന്നാല്‍ പെയിന്റ് മാറ്റിയതുകൊണ്ടുമാത്രം കാര്‍ അപകടത്തില്‍പ്പെട്ടതാണെന്ന് ഉറപ്പിക്കാനാവില്ല. സംശയമുണ്ടെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിക്കുക.
കാര്‍ കൃത്യസമയത്ത് സര്‍വീസ് ചെയ്തിരുന്നോ, എന്‍ജിന്‍ അല്ലെങ്കില്‍ ഗിയര്‍ബോക്‌സ് പോലുള്ള പ്രധാന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സര്‍വീസ് രേഖകളിലൂടെ മനസ്സിലാക്കാം. വില്‍ക്കുന്ന ആളോട് സര്‍വീസ് ബുക്കും ലഭ്യമായ ബില്ലുകളും ആവശ്യപ്പെടുക. രേഖകള്‍ ലഭ്യമല്ലെങ്കില്‍ വാഹനത്തിന്റെ പഴയ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ പരിശോധന നടത്തണം.

ടയറുകള്‍ അസമമായി തേഞ്ഞിട്ടുണ്ടോ, അവയ്ക്ക് പഴക്കമുണ്ടോ എന്ന് പരിശോധിക്കുക. തുടര്‍ന്ന് കാര്‍ ഓടിച്ചുനോക്കി ബ്രേക്ക്, ക്ലച്ച്, ഗിയര്‍, സ്റ്റിയറിങ്, എസി എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പാക്കണം. സാധ്യമെങ്കില്‍ വിശ്വസനീയനായ മെക്കാനിക്കിനെക്കൊണ്ട് വാഹനത്തിന്റെ വിശദമായ പരിശോധനയും നടത്തണം.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ (RC) വിവരങ്ങള്‍ കാറിന്റെ നമ്പറുകളുമായി ഒത്തുനോക്കണം. വില്‍ക്കുന്നയാള്‍ രജിസ്റ്റര്‍ ചെയ്ത ഉടമ തന്നെയാണോ, ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിട്ടുണ്ടോ, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (PUC) സാധുവാണോ തുടങ്ങിയ കാര്യങ്ങളും ഉറപ്പാക്കണം. വാഹനത്തിന് വായ്പാ ബാധ്യതയുണ്ടോ, അടയ്ക്കാത്ത ട്രാഫിക് പിഴകളുണ്ടോ എന്നും പരിശോധിക്കുക.
Content Highlights :When buying a used car, do not look solely at its appearance or low price. Therefore, there are certain things you must check before purchasing a car.