

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂടുപിടിക്കുന്നു. അധ്യക്ഷസ്ഥാനത്തേക്കെത്താന് തനിക്ക് യോഗ്യതയുണ്ടെന്ന് ആവര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റായി താന്‍ വരുമോ ഇല്ലയോ എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഉചിതമായ സമയത്ത് എടുക്കേണ്ട തീരുമാനമാണ്. ഈ വിഷയത്തില്‍ ദേശീയ നേതൃത്വം ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല. പാര്‍ട്ടി തന്നെയേല്പ്പിച്ച എംപി, കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, ചീഫ് വിപ്പ് തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ പാര്‍ലമെന്റിലെ കോണ്‍ഗ്രസ് എംപിമാര്‍ക്കോ തന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പരാതിയുമില്ലെന്നും അവര്‍ക്ക് തന്നില്‍ സംതൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എട്ട് തവണ ലോക്സഭയിലേക്ക് ജയിക്കാന്‍ കഴിഞ്ഞത് ജനങ്ങളുമായുള്ള ബന്ധവും സ്വീകാര്യതയും കഠിനാധ്വാനവും കൊണ്ടാണ്. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു വേണ്ടിയുള്ള പോരാട്ടം, കെ-റെയില്‍ വിരുദ്ധ സമരം, കശുവണ്ടി തൊഴിലാളികളുടെയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങള്‍ എന്നിവക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഏത് വിഭാഗത്തില്‍പ്പെട്ട നേതാവാണ് കെപിസിസി പ്രസിഡന്റ് ആകേണ്ടത് എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കേരളത്തില്‍ കെപിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുമ്പോള്‍ സാമുദായിക സമവാക്യങ്ങളും ജനസ്വീകാര്യതയും നേതൃത്വം എല്ലായ്പ്പോഴും നോക്കാറുണ്ട്. എഐസിസി പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്നതും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിക്കുന്ന ദളിത്-ആദിവാസി-പിന്നോക്ക-ന്യൂനപക്ഷ മുന്നേറ്റ മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടി, എക്കാലത്തും അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പദവികളും സാമൂഹിക നീതിയും നല്‍കിയിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ കെപിസിസി അധ്യക്ഷനും മന്ത്രിയുമായ കെ മുരളീധരനും കെപിസിസി അധ്യക്ഷനായി കൊടിക്കുന്നിലെത്തുന്നതിനെ പിന്തുണച്ചു. അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നിലിന് അയോഗ്യതയില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം

കൊടിക്കുന്നില്‍ എത്രയോ വര്‍ഷങ്ങളായി ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും, പാവപ്പെട്ട ഒരു ദളിത് കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ചൂണ്ടിക്കാട്ടിയ മുരളീധരന് അങ്ങനെ നോക്കുമ്പോള്‍ അദ്ദേഹത്തിന് എന്താണ് അയോഗ്യതയെന്ന് ചോദിച്ചു. യോഗ്യതയുള്ള എല്ലാവര്ക്കും നല്കാന് തക്കവണ്ണം ഒരൊറ്റ അധ്യക്ഷ പദവി മാത്രമേ ഉള്ളൂ എന്ന പ്രയാസം മാത്രമേ നിലവിലുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷ് വന്നാലും ജോസഫ് വാഴക്കന് വന്നാലും ബെന്നി ബഹന്നാന് വന്നാലും അവരെല്ലാം അധ്യക്ഷ സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യരായ നേതാക്കളാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രി എ പി അനില്‍കുമാറിന്റെ പേരും സജീവമായി ചര്‍ച്ചയിലുണ്ട്. എല്ലാ നേതാക്കള്‍ക്കും അവരുടേതായ അഭിപ്രായമുണ്ടെന്നും കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുക ഹൈക്കമാന്‍ഡാണ് എന്നുമാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ മന്ത്രിസ്ഥാനം രാജിവെച്ച് അനില്‍കുമാര്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ട സാഹചര്യം നിലവിലില്ല എന്നാണ് മുന്‍മന്ത്രി കെ ബാബു പ്രതികരിച്ചത്.
Content highlight: Congress MP Kodikunnil Suresh has asserted that he is qualified to become the next KPCC president amid discussions within the party over the leadership post. He also expressed his willingness to take up any responsibility assigned to him by the Congress leadership.