

ഗായിക റിമി ടോമിയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിവാഹത്തിനായി മുംബൈയിലെത്തിയ താരം, ഡോംബിവല്ലിയിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നതെന്ന് വ്യക്തമാക്കി. സ്വന്തം ഫ്ലാറ്റ് പരിചയപ്പെടുത്തുന്നതിനിടയിലാണ് റിമി വിവാഹവിശേഷങ്ങൾ പങ്കുവെച്ചത്. തന്റെ കുടുംബത്തിൽ നിന്ന് വെറും പത്തുപേർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ലിബിനുമായുള്ള പ്രണയത്തെക്കുറിച്ചും മനോഹരമായ ഓർമ്മകളെക്കുറിച്ചും താരം വീഡിയോയിൽ മനസ്സുതുറന്നിട്ടുണ്ട്.
''മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഞാൻ എന്തായാലും ബോംബെയിൽ പോകാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെയല്ല. അൽപം സ്പെഷ്യലാണ്. വിവാഹത്തിന് വേണ്ടിയാണ് പോകുന്നത്. ലിബിൻ ജനിച്ചുവളർന്നത് മുംബൈയിലെ ഡോംബിവല്ലിയിലാണ്. അതുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ അവിടെ നടത്താൻ തീരുമാനിച്ചത്. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ വളർന്നത്. എന്നെ പരിചയപ്പെട്ടതിനു ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചുതുടങ്ങിയതു തന്നെ. വളരെ ചെറിയ രീതിയിലായിരിക്കും വിവാഹം. എന്റെ കുടുംബത്തിൽ നിന്ന് അമ്മയും സഹോദരങ്ങളും അവരുടെ കുട്ടികളുമടക്കം പത്തുപേർ മാത്രമായിരിക്കും പങ്കെടുക്കുക. ബാക്കിയുള്ളവർ ലിബിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായിരിക്കും.

ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാര്ച്ചിലാണ് ലിബിനെ മുംബൈയിൽ വച്ച് പരിചയപ്പെട്ടത്. നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ച് ഞങ്ങളുടെ ജീവിതം എന്താകും എന്ന് തിരിച്ചറിഞ്ഞവരാണ്. എല്ലാം മമ്മിയോട് ഞാൻ പറയാറുമുണ്ടായിരുന്നു. പിന്നെ ഏതൊരു അമ്മയ്ക്കും വരുന്നത് പോലെ ഒരു ടെൻഷൻ മമ്മിക്കും ഉണ്ടായിരുന്നു. കാരണം ആളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, പെട്ടന്ന് കണ്ടുപിടിച്ചു എന്നൊക്കെയുള്ളതുകൊണ്ട്. പക്ഷെ എന്റെ വിവാഹം നടന്ന് കാണണമെന്നത് മമ്മിയുടെ ഭയങ്കര ആഗ്രഹമായിരുന്നു'', എന്ന് റിമി വീഡിയോയിൽ പറഞ്ഞു.
Content Highlights: Malayalam singer and television personality Rimi Tomy is reportedly preparing to enter a new chapter in her personal life. She is set to get married in a simple ceremony, drawing attention from fans and followers.