

കാര്‍ വാങ്ങുമ്പോള്‍ അതിന്റെ മൈലേജ്, വില, ഫീച്ചറുകള്‍ എന്നിവയ്ക്കാണ് പലരും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കാറിന്റെ എന്‍ജിന്‍ എത്രകാലം നിലനില്‍ക്കും എന്ന കാര്യവും പ്രധാനമാണ്. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ എന്‍ജിന്‍ മാറ്റേണ്ടിവരുമോ എന്ന സംശയവും പലര്‍ക്കുമുണ്ട്. എന്നാല്‍ എന്‍ജിന്റെ ആയുസ്സ് കിലോമീറ്ററിന്റെ കണക്കില്‍ മാത്രം തീരുമാനിക്കാനാകില്ല.

നല്ല രീതിയില്‍ പരിപാലിക്കുന്ന ആധുനിക പെട്രോള്‍ കാര്‍ എന്‍ജിനുകള്‍ക്ക് സാധാരണയായി രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ഡീസല്‍ എന്‍ജിനുകള്‍ക്ക് ശരിയായ പരിചരണം ലഭിച്ചാല്‍ നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ കാറിന്റെ മോഡല്‍, ഉപയോഗരീതി, അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുമെന്ന് ഓര്‍ക്കണം.
എന്ജിന് കൂടുതല്‍ കാലം നല്ല നിലയില്‍ നിലനിര്‍ത്താന്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് നടത്തണം. വാഹന നിര്‍മാതാവ് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് എന്‍ജിന്‍ ഓയില്‍ മാറ്റേണ്ടതും പ്രധാനമാണ്. എന്‍ജിന്റെ ഭാഗങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കാന്‍ ഓയില്‍ സഹായിക്കുന്നു. ശരിയായ ഓയില്‍ ഉപയോഗിക്കാതിരിക്കുകയോ സമയത്ത് മാറ്റാതിരിക്കുകയോ ചെയ്താല്‍ എന്‍ജിനിലെ ഭാഗങ്ങള്‍ക്ക് തേയ്മാനം സംഭവിക്കാം.

വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ അമിതവേഗത്തില്‍ ഓടിക്കുന്നതും പെട്ടെന്ന് വേഗത കൂട്ടുന്നതും എന്‍ജിന് അധിക സമ്മര്‍ദമുണ്ടാക്കാം. കൂളന്റ് കുറയുക, റേഡിയേറ്ററിന് തകരാര്‍ സംഭവിക്കുക തുടങ്ങിയവ എന്‍ജിന്‍ അമിതമായി ചൂടാകാന്‍ കാരണമാകും. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാതെ മുന്നോട്ട് പോയാല്‍ എന്‍ജിന് കേടുപാടുകള്‍ സംഭവിക്കാം.

എന്‍ജിനില്‍ നിന്ന് അസാധാരണമായ ശബ്ദം കേള്‍ക്കുക, എക്‌സോസ്റ്റില്‍ നിന്ന് നീല നിറത്തിലോ വെളുത്ത നിറത്തിലോ പുക തുടര്‍ച്ചയായി വരുക, എന്‍ജിന്‍ ഓയില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടിവരിക, വാഹനത്തിന്റെ വേഗം കുറഞ്ഞുവരിക എന്നിവ ശ്രദ്ധിക്കണം. എന്‍ജിന്‍ പതിവായി ചൂടാകുന്നതും ഡാഷ്‌ബോര്‍ഡില്‍ ചെക്ക് എന്‍ജിന്‍ ലൈറ്റ് തെളിയുന്നതും അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വാഹനം പരിശോധിപ്പിക്കണം.
Content Highlights :How many kilometers can a car engine run? With proper servicing and the right care, an engine can last for hundreds of thousands of kilometers. Keep these points in mind.