

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും സഹായവും ഒത്താശയും നല്‍കിയെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് യുഎസ് നികുതിദായകരും അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകരും അടങ്ങുന്ന സംഘം.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോടാ(International Criminal Court - ICC)ണ് ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള ഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു ഈ ആവശ്യമുന്നയിച്ചത്.

'ടാക്‌സ് പേയര്‍ അലയന്‍സ് എഗെയ്ന്‍സ്റ്റ് ജെനോസൈഡ്' (Taxpayer Alliance Against Genocide - TAAG) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ ഔദ്യോഗിക പരാതി സമര്‍പ്പിച്ചത്. ഗസയില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരുടെ സത്യവാങ്മൂലങ്ങള്‍, നേരിട്ടുള്ള ദൃക്സാക്ഷി വിവരണങ്ങള്‍, വിസില്‍ബ്ലോവര്‍ മൊഴികള്‍, വീഡിയോ തെളിവുകള്‍, ഇസ്രായേലിന് യുഎസ് നല്‍കുന്ന സൈനിക-സാമ്പത്തിക-നയതന്ത്ര-രാഷ്ട്രീയ പിന്തുണ വ്യക്തമാക്കുന്ന വിശദമായ രേഖകള്‍ എന്നിവ പരാതിക്കൊപ്പം ഐസിസിക്ക് കൈമാറിയിട്ടുണ്ട്.
അമേരിക്കയുടെ പിന്തുണയില്ലാതെ ഗസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേലിന് വംശഹത്യ നടത്താന്‍ സാധിക്കില്ലായിരുന്നു എന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ ഒരു വര്‍ഷത്തോളമെടുത്തു എന്ന് സംഘടന വ്യക്തമാക്കി. ഗസയില്‍ രണ്ടുതവണ സന്നദ്ധസേവനം നടത്തിയ ട്രോമ സര്‍ജന്‍ ഡോ. ഫെറോസ് സിധ്വ, ഗസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഭാഗമായ ഡേവിഡ് മാക്കിന്റ്റോഷ് എന്നിവരും ഈ നീക്കത്തില്‍ പങ്കാളികളാണ്.

'രണ്ടു ഉദ്യോഗസ്ഥര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ആവശ്യമായ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിപുലമായ തെളിവുകളുടെ ശേഖരം പ്രോസിക്യൂട്ടറുടെ ഓഫീസിന് കൈമാറിക്കൊണ്ട് ആര്‍ട്ടിക്കിള്‍ 15 പ്രകാരമുള്ള അപേക്ഷയാണ് ടിഎഎജി സമര്‍പ്പിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
വംശഹത്യയെന്ന ഈ കുറ്റകൃത്യത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പങ്കാളികളാകുന്നത് തടയാന്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി സംവിധാനങ്ങളുടെ ഇടപെടല്‍ തേടി ഞങ്ങള്‍ വിപുലമായ വ്യവഹാരങ്ങള്‍ നടത്തിനോക്കി. എന്നാല്‍ ഈ കുറ്റകൃത്യം തടയുന്നതില്‍ യുഎസ് കോടതി സംവിധാനം വീണ്ടും വീണ്ടും പരാജയപ്പെടുകയാണുണ്ടായത്,' ടാക്‌സ് പേയര്‍ അലയന്‍സ് എഗെയ്ന്‍സ്റ്റ് ജെനോസൈഡ് സഹസ്ഥാപകന്‍ സെത്ത് ഡോണലി പറഞ്ഞു.
'ഐസിസി ഇപ്പോള്‍ നിലനില്‍പ്പിനായി പോരാടുകയാണ്, എന്നാല്‍ ചെയ്യേണ്ട കാര്യം തന്നെയാണ് ടിഎഎജി ചെയ്യുന്നത്. കോടതി ഈ ഘട്ടത്തില്‍ ധീരമായ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നതില്‍ എനിക്ക് അത്ഭുതമുണ്ട്. എങ്കിലും നിലവില്‍ ചുമതലയിലുള്ള രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാര്‍ 'അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കാതെ' പ്രോസിക്യൂട്ടര്‍ പദവിയിലേക്ക് എത്താനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഇത് ചെയ്യേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. നിയമവും കോടതികളും നിലനില്‍ക്കുന്നത് ഇതിനുവേണ്ടി തന്നെയാണ്,' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കൗണ്‍സെലും യുദ്ധക്കുറ്റ അഭിഭാഷകനുമായ റിഡ് ബ്രോഡി അഭിപ്രായപ്പെട്ടു.

മൂന്ന് വര്‍ഷത്തിനിടെ ഗസയില്‍ 74,500ലധികം പലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസത്തില്‍ മാത്രം കുറഞ്ഞത് 19 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ക്കെതിരെ ഐസിസി നേരത്തെ തന്നെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാല്‍ ട്രംപ് ഭരണകൂടം ഐസിസിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഐസിസിയുടെ സ്ഥാപക ജഡ്ജിമാരിലൊരാള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച് മണിക്കൂറുകള്‍ക്കകം യുഎസ് ആധിപത്യമുള്ള അന്താരാഷ്ട്ര ബാങ്കിങ് സംവിധാനത്തില്‍ നിന്ന് ഐസിസിയെ പുറത്താക്കാന്‍ അമേരിക്ക നടപടി സ്വീകരിച്ചു. കോടതിയിലെ പകുതിയോളം ജഡ്ജിമാര്‍ക്കും നേതൃത്വത്തിനും മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാനുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കരീം ഖാന്‍ സ്ഥാനമൊഴിഞ്ഞതോടെ നിലവില്‍ രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരാണ് കോടതിയെ നയിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഓരോ കല്ലും ഞങ്ങള്‍ ഇളക്കിയെടുക്കിമെന്ന് (dismantle brick by br-ick) മാര്‍ക്കോ റൂബിയോ നേരത്തെ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു.
Content highlight: A group comprising US taxpayers and international human rights lawyers has urged the International Criminal Court (ICC) to investigate US President Donald Trump and Secretary of State Marco Rubio over their alleged complicity in Israel's military offensive, war crimes and crimes against humanity in Gaza.