
ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ കാർ നിർമിക്കാൻ താൽപ്പര്യമില്ലെന്ന് കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രി എച്ച്ഡി കുമാരസ്വാമി. ടെസ്‌ല ഇന്ത്യയിൽ രണ്ട് ഷോറൂമുകൾ തുറക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാൻ മെഴ്സിഡസ് ബെൻസ്, ഫോക്സ്വാഗൺ-സ്‌കോഡ, ഹ്യുണ്ടായ്, കിയ തുടങ്ങിയ ആഗോള ഇവി നിർമാതാക്കൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വൈദ്യുത വാഹന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പദ്ധതി പ്രകാരം, അംഗീകൃത അപേക്ഷകർ ആഭ്യന്തരമായി വൈദ്യുത വാഹനങ്ങൾ നിർമിക്കുന്നതിന് കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കണം. ഇതനുസരിച്ച്, പ്രതിവർഷം പരമാവധി 8,000 കംപ്ലീറ്റ്-ഇൻ ഇലക്ട്രിക് ഫോർ-വീലറുകൾ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് അർഹതയുണ്ടായിരിക്കും.
'ഇലക്ട്രിക് വാഹന നിർമ്മാണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ആഭ്യന്തര മൂല്യവർദ്ധന ലക്ഷ്യങ്ങൾ നിർബന്ധമാക്കുന്നതിലൂടെ, ഈ പദ്ധതി 'മെയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' സംരംഭങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുകയും ആഗോള, ആഭ്യന്തര കമ്പനികളെ ഇന്ത്യയുടെ ഹരിത മൊബിലിറ്റി വിപ്ലവത്തിൽ സജീവ പങ്കാളികളാകാൻ പ്രാപ്തരാക്കുകയും ചെയ്യും,' എന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
അതേസമയം, കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം നിർമിക്കുന്ന ആദ്യ ബാച്ച് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്താൻ വർഷങ്ങളെടുക്കുമെന്ന് തിങ്ക് ടാങ്ക് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) പറയുന്നു. 'പദ്ധതി മാർഗനിർദ്ദേശങ്ങളുടെ പ്രഖ്യാപനം ഒരു പോസിറ്റീവ് ഘട്ടമാണെങ്കിലും, അപേക്ഷാ പ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ല, അത് ഉടൻ പ്രതീക്ഷിക്കുന്നു. വാസ്തവത്തിൽ, തിരഞ്ഞെടുത്ത കമ്പനികളെ പ്രഖ്യാപിക്കുന്നതിന് ആറ് മാസമോ അതിൽ കൂടുതലോ സമയമെടുത്തേക്കാം, ഈ പദ്ധതി പ്രകാരം തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങാൻ സമയമെടുക്കും; ഇപ്പോൾ, അംഗീകൃത സ്ഥാപനങ്ങൾക്ക് 15% തീരുവ കുറച്ചാൽ പൂർണ്ണമായും നിർമ്മിച്ച കാറുകൾ ഇറക്കുമതി ചെയ്യുന്നത് തുടരാം,' എന്നാണ് ജിടിആർഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
നേരത്തെ ടെസ്‌ല ഇന്ത്യയിൽ പ്ലാന്റ് നിർമിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എതിർപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിൽ പ്ലാന്റുകൾ ആരംഭിക്കുന്നത് അമേരിക്കയോടെ ചെയ്യുന്ന അന്യായമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതേസമയം മുംബൈയിലും ഡൽഹിയിലും ടെസ്‌ല ഷോറൂമുകൾ ആരംഭിക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
Content Highlights: Musk's Tesla not interested in manufacturing Car in India: Union Minister HD Kumaraswamy