

ന്യൂഡല്‍ഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കുറ്റം ചുമത്തപ്പെട്ട 14 പ്രതികളും കുറ്റം നിഷേധിച്ചു. ഡല്‍ഹിയിലെ പ്രത്യേക അതിവേഗ കോടതിയില്‍ ശനിയാഴ്ച കുറ്റം ചുമത്തിയതിന് പിന്നാലെയാണ് പ്രതികള്‍ വിചാരണ നേരിടുമെന്ന് അറിയിച്ചത്. നവംബര്‍ 25ന് വിചാരണ ആരംഭിക്കും. പ്രോസിക്യൂഷന് സാക്ഷികളുടെ മൊഴി അന്നുമുതല്‍ ദിവസേന രേഖപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ കോടതി നിര്‍ദേശപ്രകാരം ഹാജരാക്കിയിരുന്നു. റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി അജയ് ഗുപ്തയാണ് കോപ്പിറൈറ്റ് നിയമത്തിലെ സെക്ഷന്‍ 63 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), അഴിമതി നിരോധന നിയമം, പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള 2024ലെ നിയമം എന്നിവയിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റം നിഷേധിച്ച പ്രതികള്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു.
പരീക്ഷയ്ക്ക് മുമ്പ് രഹസ്യ ചോദ്യപേപ്പര്‍ വലിയ തോതില്‍ പ്രചരിപ്പിച്ചെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. ഇത് പരീക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചെന്നും പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ലക്ഷക്കണക്കിന് പരീക്ഷാര്‍ത്ഥികള്‍ക്ക് സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വിവര്‍ത്തനം, തിരിച്ചുള്ള വിവര്‍ത്തനം, പ്രൂഫ് റീഡിങ് എന്നിവയ്ക്കായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രതികള്‍ക്ക് കൈമാറിയ ചോദ്യപേപ്പര്‍ സെറ്റുകള്‍ ഏജന്‍സിയുടെ പകര്‍പ്പവകാശ സംരക്ഷണമുള്ള ബൗദ്ധിക സ്വത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.2026 മെയ് 3നാണ് ഏകദേശം 22 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത നീറ്റ്-യുജി പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് മെയ് 12ന് എന്‍ടിഎ പരീക്ഷ റദ്ദാക്കി. തുടര്‍ന്ന് ജൂണ്‍ 21ന് വീണ്ടും പരീക്ഷ നടത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് മെയ് 12ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് 13നാണ് ക്സില്‍ ആദ്യ അറസ്റ്റ് നടക്കുന്നത്. പിന്നീട് അന്വേഷണം മഹാരാഷ്ട്ര, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
ജൂലൈ 28ന് 13 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ടിഎയുമായി ബന്ധപ്പെട്ട മൂന്ന് വിഷയ വിദഗ്ധരും കോച്ചിങ് സ്ഥാപനങ്ങളുമായി ബന്ധമുള്ളവരും ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. 14-ാം പ്രതിയായ ശേഷറാവു ബജ്രംഗ് സൂര്യവംശി എന്ന രാജ് സൂര്യവംശിക്കെതിരെ ഒക്ടോബര്‍ 14ന് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. കേസില്‍ 360 സാക്ഷികള്‍, 422 രേഖകള്‍, 43 വസ്തുതാ തെളിവുകള്‍ എന്നിവയാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും അഴിമതി നിരോധന നിയമം, പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള 2024ലെ നിയമം എന്നിവയും കേസില്‍ ചുമത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ എന്‍ടിഎ ഭാരവാഹികളെയോ പ്രതികളാക്കിയിട്ടില്ല. വിഷയ വിദഗ്ധരും സ്വകാര്യ വ്യക്തികളും ഉള്‍പ്പെട്ട സംഘമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സിബിഐയുടെ ആരോപണം. ഈ ആരോപണങ്ങള്‍ ഇനി വിചാരണയില്‍ പരിശോധിക്കും.
Content Highlights: All 14 accused in the NEET-UG 2026 question paper leak case have pleaded not guilty to the charges framed by a special court in Delhi and opted to face trial. The court has scheduled the trial to begin on November 25 and directed daily recording of prosecution witness statements from that date. Special Judge Ajay Gupta of Rouse Avenue Court framed charges under provisions including Section 63 of the Copyright Act, the Bharatiya Nyaya Sanhita, the Prevention of Corruption Act and the Public Examinations (Prevention of Unfair Means) Act, 2024.