

ന്യൂദല്‍ഹി: നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായാണ' ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). ചിത്രം രാവണനെ മഹത്വവത്കരിക്കുന്നു, വസ്തുതകളെ വളച്ചൊടിക്കുന്നു എന്നുള്ള ആരോപണവുമായാണ് വിഎച്ച്പി രംഗത്തെത്തിയത്. മഹര്‍ഷി വാത്മീകി എഴുതിയ യഥാര്‍ത്ഥ രാമായണത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും പ്രധാന കഥാപാത്രങ്ങളെ ഒഴിവാക്കിയെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്‌രംഗ് ലാല്‍ ബാഗ്ര ആരോപിച്ചു. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉടനടി റദ്ദാക്കണമെന്നും തിയേറ്ററുകളിലെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വാത്മീകി രാമായണത്തിലെ പല പ്രധാന സംഭവങ്ങളും സിനിമയില്‍ നിന്ന് ഒഴിവാക്കുകയും വ്യാജ കഥാസന്ദര്‍ഭങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി ബജ്‌രംഗ് ലാല്‍ ബാഗ്ര ആരോപിച്ചു. അഹല്യാ മോക്ഷം, നിഷാദരാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവതന്റെ ഭക്തി തുടങ്ങിയ സുപ്രധാന പ്രസംഗങ്ങള്‍ സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് വിഎച്ച്പി നേതാവ് പറയുന്നു. ഋഷിമാരുടെയും സന്യാസിമാരുടെയും യാഗങ്ങള്‍ക്കും ഗുരുകുലങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ച രാക്ഷസന്മാരെ വധിക്കുകയെന്ന ശ്രീരാമന്റെ മഹത്തായ ധര്‍മത്തെ, സീതയുടെ അപഹരണത്തിനുള്ള വ്യക്തിപരമായ പ്രതികാരം മാത്രമായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുകയാണെന്നും ഇയാള്‍ കുറ്റപ്പെടുത്തി.

ലങ്കാധിപതിയായ രാവണനെ പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉദ്ധാരകനായി അവതരിപ്പിച്ച് ഒരു രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് വിഎച്ച്പി കുറ്റപ്പെടുത്തുന്നു. രാവണന്‍ വലിയ അറിവും ഭക്തിയും നേടിയവനായിരുന്നെങ്കിലും സകല ജീവികളെയും പീഡിപ്പിച്ച അധാര്‍മികനായിരുന്നുവെന്ന യാഥാര്‍ത്ഥ്യം സിനിമ മറച്ചുവെച്ചുവെന്നും വിഎച്ച്പി ആരോപിക്കുന്നു.

രാവണന്റെ സഹോദരിയുടെ മൂക്ക് മുറിച്ച സംഭവത്തോടുള്ള പ്രതികാരമായി സീതാപഹരണത്തെ ചിത്രീകരിച്ചത് രാവണനോട് കാണികളില്‍ സഹതാപം വളര്‍ത്താന്‍ ബോധപൂര്‍വം ചെയ്തതാണെന്നാണ് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാര്‍ അഭിപ്രായപ്പെടുന്നത്.
വിഎച്ച്പിക്ക് പുറമെ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയും സിനിമയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. രാവണനെ സ്ത്രീകളെ ബഹുമാനിക്കുന്നവനായി ചിത്രീകരിച്ചപ്പോള്‍, ലക്ഷ്മണന്റെ കഥാപാത്രത്തെ അനാവശ്യമായി കോപമുള്ളവനും അസഭ്യം പറയുന്നവനുമായി അപമാനിച്ചുവെന്നാണ് ഇക്കൂട്ടരുടെ ആരോപണം. സിനിമയുടെ രണ്ടാം ഭാഗത്തിലും ഇത്തരത്തിലുള്ള രംഗങ്ങളും ഭാഗങ്ങളും ഉണ്ടായാല്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ (ശ്രീരാമന്‍), സായ് പല്ലവി (സീത), യാഷ് (രാവണന്‍) എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നമിത് മല്‍ഹോത്രയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2026 നവംബര്‍ അഞ്ചിനാണ് സിനിമയുടെ ആദ്യഭാഗം ലോകമെമ്പാടും റിലീസ് ചെയ്തത്. രണ്ട് ഭാഗങ്ങളുള്ള ഈ സിനിമയുടെ ആദ്യഭാഗം 2000 കോടി രൂപ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഭാഗം 2028 ദീപാവലിക്ക് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നു, അതിനും 2000 കോടി രൂപ തന്നെയാണ് ചെലവ്.
അതേസമയം, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം തിയേറ്ററുകളില്‍ വലിയ സാമ്പത്തിക വിജയം കൊയ്യുന്നുണ്ട്. റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 1600 കോടിയോളം നേടിയിട്ടുണ്ട്.
Content Highlight: VHP demands cancellation of the censor certificate and a halt to the theatrical screening of Nitesh Tiwari's Ramayana, alleging that the film glorifies Ravana and distorts Valmiki's original epic. The organisation accuses the filmmakers of omitting significant episodes and portraying Ravana as a champion of the oppressed for political purposes. Hindu Janajagruti Samiti has also criticised the film's portrayal of key characters and warned of nationwide protests if similar scenes appear in the second part.