

ഷിക്കാഗോ: അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളിൽ ഇന്ത്യയുടെ സാന്നിധ്യം കുറഞ്ഞുവരികയാണെന്നും ആഗോള വിഷയങ്ങളിൽ രാജ്യം കാഴ്ചക്കാരായി മാറിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുമ്പോൾ, ഇരുരാജ്യങ്ങളുമായും മികച്ച ബന്ധമുള്ള ഇന്ത്യ വെറുതെ നോക്കിനിൽക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഷിക്കാഗോ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിൻ്റെ വിദേശനയത്തെ രൂക്ഷമായി വിമർശിച്ചത്.
അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ ലോകനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത പ്രാധാന്യം നൽകുന്നതിനെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. നേതാക്കൾ തമ്മിലുള്ള വ്യക്തിബന്ധങ്ങൾക്കൊണ്ട് അന്താരാഷ്ട്ര രാഷ്ട്രീയം തീരുമാനിക്കപ്പെടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'സൗഹൃദമല്ല ഇവിടുത്തെ വിഷയം. സൗഹൃദത്തിന് ആരാണ് വിലകൊടുക്കുന്നത്? ഒരാൾ നിങ്ങളുടെ സുഹൃത്തായതുകൊണ്ട് മാത്രം ആഗോള രാഷ്ട്രീയം നിങ്ങൾക്ക് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? ആ നേതാവ് വലിയൊരു സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥയെയാണ് നയിക്കുന്നത്. നിങ്ങളെ ഇഷ്ടമാണോ ഇല്ലയോ എന്ന് നോക്കിയല്ല അയാൾ തീരുമാനങ്ങളെടുക്കുന്നത്,' രാഹുൽ പറഞ്ഞു. നേതാക്കളുമായി സൗഹൃദം പുലർത്തുന്നതിന് താൻ എതിരല്ലെന്നും എന്നാൽ ലോകത്ത് എന്താണ് നടക്കുന്നതെന്നും അതിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്നും തിരിച്ചറിയുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന് ശേഷം ചേരിചേരാ പ്രസ്ഥാനത്തിലൂടെ ലോകവേദികളിൽ ഇന്ത്യയ്ക്ക് വലിയ ശബ്ദമുണ്ടായിരുന്നു. ആ പ്രതാപം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകക്രമം പാശ്ചാത്യ ശക്തികളാണ് രൂപപ്പെടുത്തിയതെങ്കിൽ, വരാനിരിക്കുന്ന ആഗോള സുരക്ഷാ സംവിധാനത്തിൽ അമേരിക്ക, ചൈന, ഇന്ത്യ, പശ്ചിമേഷ്യ, റഷ്യ എന്നിവയ്ക്കെല്ലാം നിർണ്ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഒരു പാകിസ്താനിയുടെ ചോദ്യത്തിന്, ചർച്ചകൾക്ക് സാധ്യതയുണ്ടെങ്കിലും അതിന് മുൻപ് പാകിസ്താൻ ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 'ഇന്ത്യയിൽ നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുമ്പോൾ പാകിസ്താനുമായി ചർച്ച നടത്തുന്നത് ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കുന്ന നിമിഷം ചർച്ചകൾ ആരംഭിക്കാൻ സാധിക്കും,' അദ്ദേഹം പറഞ്ഞു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. 1992 മുതൽ വാഷിംഗ്ടണിലെ പാകിസ്താൻ എംബസിക്ക് കീഴിലാണ് ഇറാൻ്റെ ഔദ്യോഗിക നയതന്ത്ര വിഭാഗം പ്രവർത്തിക്കുന്നത്. ഈ പ്രത്യേക സാഹചര്യമാണ് യുഎസ് ഇറാൻ ചർച്ചകളിൽ പാകിസ്താന് നിർണ്ണായക ഇടപെടലുകൾ നടത്താൻ അവസരമൊരുക്കുന്നത്.
അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ്റെ മധ്യസ്ഥതയെക്കുറിച്ച് പ്രതിപക്ഷം നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയ്ക്ക് ഒരു 'ദല്ലാൾ രാജ്യമായി' പ്രവർത്തിക്കാൻ കഴിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 2025 മാർച്ചിൽ സർവകക്ഷി യോഗത്തിൽ നൽകിയ മറുപടി. വിദേശ വേദികളിൽ കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെയും രാജ്യത്തെ തൊഴിലില്ലായ്മയെയും വിമർശിച്ചതിൻ്റെ പേരിൽ മുൻപും രാഹുൽ ഗാന്ധി ബിജെപിയുടെ രൂക്ഷവിമർശനത്തിന് വിധേയനായിട്ടുണ്ട്.
Content Highlights: Rahul Gandhi criticises the Modi government's foreign policy, saying India has become a spectator in global affairs while Pakistan plays a mediating role in US-Iran talks.