ഖത്തറിൽ ഗതാഗത നിയമം കടുക്കുന്നു; പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ

ഹൈവേകളിൽ കുറഞ്ഞതും കൂടിയതുമായ വേഗപരിധി ഏർപ്പെടുത്തുന്ന പദ്ധതിയുടെ ആദ്യഘട്ടവും നടപ്പാക്കും

ഖത്തറിൽ ഗതാഗത നിയമം കടുക്കുന്നു; പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ
dot image

ഖത്തറിൽ പുതിയ ഗതാഗത നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവൃത്തികളും നടത്തിയാൽ വാഹനം 90 ദിവസം വരെ പിടിച്ചെടുക്കാൻ വ്യവസ്ഥയുണ്ട്. ഹൈവേകളിൽ കാരണമില്ലാതെ വേഗം കുറച്ച് വാഹനമോടിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ പ്രഖ്യാപിച്ചത്.

2026ലെ 19-ാം നമ്പർ നിയമപ്രകാരം നടപ്പാക്കുന്ന ഭേദഗതി, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ്. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷം ഡിസംബർ 19ന് പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അബ്ദുല്ല അൽ ഹർമി അറിയിച്ചു.

ഹൈവേകളിൽ കുറഞ്ഞതും കൂടിയതുമായ വേഗപരിധി ഏർപ്പെടുത്തുന്ന പദ്ധതിയുടെ ആദ്യഘട്ടവും നടപ്പാക്കും. കാരണമില്ലാതെ വളരെ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നത് ഗതാഗത തടസ്സത്തിനും മറ്റ് വാഹനങ്ങൾക്ക് അപകടസാധ്യതയ്ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരം നിയമലംഘനങ്ങൾക്കും പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെ ശ്രദ്ധ തിരിക്കുന്ന എല്ലാ പ്രവൃത്തികളും നിയമം നിരോധിക്കുന്നു. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ 90 ദിവസം വരെ പിടിച്ചെടുക്കാൻ ബന്ധപ്പെട്ട ട്രാഫിക് അധികൃതർക്ക് അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥ. അപകടങ്ങളുടെ കണക്കുകളും ഗതാഗത സ്ഥിതിവിവരങ്ങളും പരിഗണിച്ചാണ് കർശന നടപടികൾ ഉൾപ്പെടുത്തിയതെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാബർ അലി അൽ കുബൈസി വ്യക്തമാക്കി.

ഖത്തറിലെ റോഡ് ശൃംഖലയിലും ഗതാഗത അടിസ്ഥാനസൗകര്യങ്ങളിലും ഉണ്ടായ പുരോഗതിക്കും പുതിയ ഗതാഗത സംവിധാനങ്ങളുടെ വരവിനും അനുസൃതമായി നിയമങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം. റോഡ് ഉപയോഗിക്കുന്നവരുടെയും വ്യക്തികളുടെയും കമ്പനികളുടെയും ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്ന സമഗ്രമായ നിയന്ത്രണ സംവിധാനവും നിയമം മുന്നോട്ടുവയ്ക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2024–2030 തന്ത്രത്തിനും ഖത്തർ ദേശീയ ദർശനം 2030നും അനുസൃതമായാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകുന്നതിനായി ബഹുഭാഷാ ബോധവത്കരണ ക്യാംപെയ്‌നും മന്ത്രാലയം ആരംഭിക്കും. പഴയതും പുതിയതുമായ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ, ചോദ്യോത്തരങ്ങൾ, ഇൻഫോഗ്രാഫിക്കുകൾ, ഹ്രസ്വ വീഡിയോകൾ, മാധ്യമ അഭിമുഖങ്ങൾ എന്നിവയിലൂടെ വിവരങ്ങൾ കൈമാറും.

പുതിയ നിയമത്തിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും വാഹനമോടിക്കുന്നവരും മറ്റ് റോഡ് ഉപയോക്താക്കളും മുൻകൂട്ടി മനസ്സിലാക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിയമവുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളെ ആശ്രയിക്കണമെന്നും അറിയിച്ചു.

Content Highlights: Qatar is introducing stricter traffic regulations, with the new law set to come into effect on December 19.

dot image
To advertise here,contact us
dot image