'ബാൽ താക്കറെ ദൈവത്തെ പോലെ'; സോണിയയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ താക്കറെയുടെ ചിത്രം കീറിയതിൽ ഷിന്‍ഡെ

ബാല്‍ താക്കറെയുടെ ചിത്രമല്ല, മറിച്ച് കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യരുടെ ചിത്രമാണ് ശിവസേന വക്താവായ ഷൈന എന്‍ സി കീറിയതെന്നും അദ്ദേഹം ന്യായീകരിച്ചു.

'ബാൽ താക്കറെ ദൈവത്തെ പോലെ'; സോണിയയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ താക്കറെയുടെ ചിത്രം കീറിയതിൽ ഷിന്‍ഡെ
dot image

മുംബൈ: സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവി'നെതിരായ പ്രതിഷേധത്തിനിടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ചിത്രം കീറിയ സംഭവത്തെ ന്യായീകരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന (ഷിന്‍ഡെ) അധ്യക്ഷനുമായ ഏക്‌നാഥ് ഷിന്‍ഡെ. ബാല്‍ താക്കറെ തങ്ങളെ സംബന്ധിച്ച് ദൈവത്തെ പോലെ ആണെന്നായിരുന്നു ഷിന്‍ഡെയുടെ വിശദീകരണം. ബാല്‍ താക്കറെയുടെ ചിത്രമല്ല, മറിച്ച് കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യരുടെ ചിത്രമാണ് ശിവസേന വക്താവായ ഷൈന എന്‍ സി കീറിയതെന്നും അദ്ദേഹം ന്യായീകരിച്ചു.

Eknath Shinde
ഏക്‌നാഥ് ഷിന്‍ഡെ

'ബാലാസാഹേബ് താക്കറെ ഞങ്ങള്‍ക്ക് ദൈവത്തെപ്പോലെയാണ്. അദ്ദേഹത്തെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ആര്‍ക്കും അങ്ങനെ ചെയ്യാന്‍ അനുവാദമില്ല. സംഭവത്തില്‍ ഷൈന എന്‍ സി ഇതിനകം ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയായ സവര്‍ക്കറെ അപമാനിച്ചതിന് മണിശങ്കര്‍ അയ്യരെ ചെരുപ്പ് കൊണ്ട് അടിക്കാന്‍ തെരുവിലിറങ്ങിയ ബാലാസാഹേബ് താക്കറെയുടെ ചിത്രമായിരുന്നു അത്. അവര്‍ കീറിയത് മണിശങ്കര്‍ അയ്യരുടെ മുഖമാണ്. ഞാനത് സ്വയം കണ്ടിട്ടുണ്ട്,' ഷിന്‍ഡെ പറഞ്ഞു.

Bal Thackarey
ബാല്‍ താക്കറേ

ബാലാസാഹേബ് താക്കറെയോട് അനാദരവ് കാണിക്കുന്ന ഏതൊരു പ്രവൃത്തിയും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനായ വി ഡി സവര്‍ക്കറെ അപമാനിക്കുന്നതാണെന്ന് ഷിന്‍ഡെ ആരോപിച്ചു. മുമ്പ് തന്നെ ഇവര്‍ പുസ്തകത്തിനെതിരെ നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷിന്‍ഡെ വിഭാഗം പുസ്തകത്തിനെതിരെ രംഗത്തെത്തിയത്. സവര്‍ക്കറെ അധിക്ഷേപിച്ചുവെന്നും ചരിത്രത്തെ വെള്ളപൂശാന്‍ ശ്രമിച്ചെന്നും ആരോപിച്ച് ഷൈന എന്‍ സി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് പുസ്തകം കീറി പ്രതിഷേധിച്ചത്. പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സിനോട് 201, 443 പേജുകള്‍ നീക്കം ചെയ്യാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

പുസ്തകത്തിന്റെ പേജുകള്‍ കീറുന്നതിനിടെയാണ് ഷൈന എന്‍ സി ബാല്‍ താക്കറെയുടെ ഫോട്ടോ അബദ്ധത്തില്‍ കീറിയത്. ഒപ്പമുണ്ടായിരുന്ന സഞ്ജയ് നിരുപം ഇത് ചൂണ്ടിക്കാട്ടിയതോടെ കീറിയ ചിത്രം ഷൈന വേഗത്തില്‍ മാറ്റുകയും ചെയ്തു.

ഇതിന് പിന്നാലെ ശിവസേന യുബിടി വിഭാഗവും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. ബാല്‍ താക്കറേയുടെ ചിത്രം കീറിയതില്‍ ഷൈനയെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിക്കണമെന്നായിരുന്നു യുബിടി നേതാവ് സഞ്ജയ് റാവത് പറഞ്ഞത്. സംഭവത്തില്‍ ഷൈനയും ഷിന്‍ഡെ വിഭാഗവും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Content Highlight: Maharashtra Deputy Chief Minister Eknath Shinde has defended the incident in which a photograph of Shiv Sena founder Bal Thackeray was torn during protests against Sonia Gandhi's memoir, 'Belonging: A Journey of Love'. Shinde said Thackeray was like God to Shiv Sena members and claimed that the photograph actually showed Congress leader Mani Shankar Aiyar, not Thackeray, being torn by party spokesperson Shaina NC. The protests were organised by Shinde-led Shiv Sena leaders, who accused the book of insulting Hindutva ideologue V.D. Savarkar and distorting history. The incident triggered criticism from the Shiv Sena (UBT) faction and the Congress.

dot image
To advertise here,contact us
dot image