

സന്ദർശകർക്ക് ആവേശമായി ദുബായിലെ പ്രമുഖ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ വാരാന്ത്യ വെടിക്കെട്ട് പ്രകടനം (ഫയർവർക്സ്) വീണ്ടും ആരംഭിക്കുന്നു. ഈ വരുന്ന വെള്ളിയാഴ്ചയും (നവംബർ 20) ശനിയാഴ്ചയും (നവംബർ 21) മുതൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒമ്പത് മണിക്ക് ഗ്ലോബൽ വില്ലേജിന്റെ ആകാശത്ത് വർണ്ണവിസ്മയമൊരുക്കി കരിമരുന്ന് പ്രയോഗമുണ്ടാകുമെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു. ഇതിനുപുറമെ സീസണിലെ പ്രധാന ആഘോഷ ദിവസങ്ങളിലും പ്രത്യേക വെടിക്കെട്ട് പ്രദർശനങ്ങൾ ഉണ്ടായിരിക്കും.
കരിമരുന്ന് പ്രയോഗത്തിനൊപ്പം, വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ 'ഫാൽക്കൺ സ്റ്റേജിൽ' പുതിയ തത്സമയ സംഗീത പരിപാടികളും ഗ്ലോബൽ വില്ലേജ് അവതരിപ്പിക്കുന്നുണ്ട്. തിങ്കൾ മുതൽ ബുധൻ വരെ നിലവിലുള്ള കലാപരിപാടികൾക്ക് പുറമെയാണിത്. ഇതോടെ ആഴ്ചയിലെ എല്ലാ ദിവസവും സന്ദർശകർക്ക് തത്സമയ സംഗീത വിരുന്ന് ആസ്വദിക്കാനാകും. എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ രാത്രി 10 മണി വരെ 40 മിനിറ്റ് വീതമുള്ള മൂന്ന് ഘട്ടങ്ങളിലായാണ് സംഗീത പരിപാടികൾ നടക്കുക.
ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം നാല് മണി മുതൽ അർദ്ധരാത്രി 12 മണി വരെയും വ്യാഴം മുതൽ ശനി വരെയും പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം നാല് മണി മുതൽ പുലർച്ചെ ഒരു മണി വരെയുമാണ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന സമയം. പൊതുഅവധി ദിവസങ്ങൾ ഒഴികെയുള്ള തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ 25 ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗക്കാർ (ഭിന്നശേഷിക്കാർ), ഇവർക്കൊപ്പമുള്ള ഒരാൾ എന്നിവർക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
2027 മെയ് മാസം വരെ നീണ്ടുനിൽക്കുന്ന ഗ്ലോബൽ വില്ലേജിന്റെ 31-ാമത് സീസണിൽ തൊണ്ണൂറിലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 രാജ്യങ്ങളുടെ പവലിയനുകളാണുള്ളത്. 3,500-ലധികം ഷോപ്പിംഗ് കേന്ദ്രങ്ങളും 250-ലധികം ഭക്ഷണശാലകളും 200-ലധികം വിനോദ പരിപാടികളും സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ സീസണിലെ വിനോദ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: Dubai's Global Village will resume weekend fireworks on Fridays and Saturdays at 9pm, alongside new live music performances from Thursday to Sunday.