

ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അസം ഖാന് ഇടക്കാല ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ഹർജിയിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. അസം ഖാൻ ഇടക്കാല ജാമ്യത്തിൽ തുടരുന്നതുകൊണ്ട് ‘ആകാശം ഇടിഞ്ഞുവീഴില്ലെന്ന്’ നിരീക്ഷിച്ച കോടതി, ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെയാണ് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി. രാജു വിഷയം അടിയന്തരമായി ഉന്നയിച്ചത്.
ഇന്ന് തന്നെ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നിൽ വിഷയം വാക്കാൽ പരാമർശിച്ചു. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നും എഎസ്ജി ആവശ്യപ്പെട്ടു. 'ഉത്തരവ് തിടുക്കത്തിൽ പാസാക്കി. പൂർണ്ണമായ മറുപടി നൽകാൻ പോലും ഞങ്ങൾക്ക് സമയമില്ലായിരുന്നു. വാദം കേൾക്കലിന്റെ ആദ്യ ദിവസമാണ് ഇത് സംഭവിച്ചത്,' എഎസ്ജി പറഞ്ഞു. കേസ് നാളെ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സമ്മതിച്ചു. എന്നാൽ വീണ്ടും ഇന്ന് തന്നെ പരിഗണിക്കണമെന്ന എഎസ്ജിയുടെ പരാമാർഷത്തോടായിരുന്നു ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയുടെ ശ്രദ്ധേയമായ പരാമർശം. 'ആകാശം ഇടിഞ്ഞുവീഴില്ല, അദ്ദേഹം ഇടക്കാല ജാമ്യത്തിൽ തുടരട്ടെ' എന്ന് കോടതി വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ രാജീവ് ഗുപ്ത, ദേവേന്ദ്ര സിങ് എന്നിവരടങ്ങിയ അലഹാബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസം ഖാന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിർബന്ധിത നിയമനടപടികൾ ഇ.ഡി പാലിച്ചിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയായിരുന്നു കോടതി നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 22(1), കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 19 എന്നിവയുടെ ലംഘനമാണ് നടന്നതെന്നും അറസ്റ്റ് ദുരുദ്ദേശ്യപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഗാസിയാബാദ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വ്യക്തിഗത ബോണ്ടും രണ്ട് ആൾജാമ്യവും ഹാജരാക്കിയാൽ അസം ഖാനെ വിട്ടയക്കാനായിരുന്നു ഹൈക്കോടതി നിർദേശം. കപിൽ സിബൽ, ഇമ്രാൻ ഉള്ള എന്നിവരാണ് അസം ഖാന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഡിസംബർ 10-നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
വ്യാജരേഖ ചമച്ച കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ നവംബർ മുതൽ രാംപൂർ ജയിലിലായിരുന്നു അസം ഖാൻ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലും അദ്ദേഹത്തിന് രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇരട്ട പാൻ കാർഡ് കേസിൽ ജാമ്യം ലഭിച്ച് ഒക്ടോബർ 31-ന് ജയിലിന് പുറത്തിറങ്ങിയ ഉടനെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പാലിക്കാതെയുള്ള ഈ അറസ്റ്റിനെ ചോദ്യം ചെയ്താണ് അസം ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: The Supreme Court refused to urgently stay the Allahabad High Court's interim bail order for Samajwadi Party leader Azam Khan in a money laundering case. The ED's plea will be heard on Thursday.