

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് - സമാജ്‌വാദി പാര്‍ട്ടി സീറ്റ് വിഭജനം പ്രതിസന്ധിയില്‍. കോണ്‍ഗ്രസിന് 24 സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ആദ്യ ചര്‍ച്ചകളില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ധാരണയായി. 2022 ലെ തെരഞ്ഞെടുപ്പില്‍ 20,000 ലധികം വോട്ട് നേടിയ മണ്ഡലങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് നിലപാട്. സിറ്റിങ് സീറ്റുകള്‍ ഒരു കാരണവശാലും വിട്ടു നല്‍കില്ലെന്നതാണ് സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം. 181 സീറ്റുകളാണ് ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇന്നലെ ചര്‍ച്ച നടക്കാതിരുന്നത് സമാജ്‌വാദി പാര്‍ട്ടി താല്‍പര്യം പ്രകടിപ്പിക്കാത്തത് മൂലമെന്നുമാണ് സൂചന.
അതേസമയം, സീറ്റ് വിഭജന ചര്‍ച്ചകള്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സീറ്റ് ധാരണയിലെത്തിയ ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്നിരുന്നു.

പ്രിയങ്ക ഗാന്ധിയാണ് സമാജ്വാദി പാര്‍ട്ടിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുന്നത്. ഇന്ത്യാ സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ശക്തമായ ബദല്‍ മുന്നോട്ടുവയ്ക്കുമെന്ന് ഖാര്‍ഗെ പ്രതികരിച്ചു. സമാജ്‌വാദി പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് 181 സീറ്റുകള്‍ ആവശ്യപ്പെട്ടതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍
വിജയസാധ്യതയുള്ള സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് അതിന് കോണ്‍ഗ്രസ് നല്‍കുന്ന മറുപടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ചില കോണ്‍ഗ്രസ് വോട്ടര്‍മാര്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് മാറിയിരുന്നുവെന്നും വിലയിരുത്തലുകളുണ്ട്. ബിജെപിക്കെതിരായുള്ള ശക്തമായൊരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനാണ് അന്ന് വോട്ടര്‍മാര്‍ മുന്‍തൂക്കം നല്‍കിയത്. ദളിത്, മുസ്ലിം വോട്ടര്‍മാര്‍ സമാജ്വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുവെന്നും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്.
Content Highlights: Congress-SP seat-sharing talks for the Uttar Pradesh Assembly elections face a roadblock, with the Samajwadi Party reportedly willing to offer Congress only 24 seats against its initial demand for 181