മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ നടന്നു, എല്ലാം അംഗീകരിക്കുന്ന വിധേയരുടെ ക്യാബിനറ്റ് അല്ല ഇത്: മുഖ്യമന്ത്രി

എല്‍പിഎസ്ടി സമരം, ഉന്നത വിദ്യാഭ്യാസ ബില്ല് തുടങ്ങി നിരവധി കാര്യങ്ങളില്‍ നീണ്ട ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി

മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ നടന്നു, എല്ലാം അംഗീകരിക്കുന്ന വിധേയരുടെ ക്യാബിനറ്റ് അല്ല ഇത്: മുഖ്യമന്ത്രി
dot image

ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ ഒരുപാട് ക്ഷേമ പദ്ധതികള്‍ക്ക് അടിത്തറ പാകാന്‍ കഴിഞ്ഞു. സ്വപ്‌ന പദ്ധതി മിഷന്‍ സമുദ്ര നടപ്പിലാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പ്രിയദര്‍ശനി പദ്ധതി നടപ്പിലാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പ്രത്യേക വകുപ്പ് രൂപീകരിച്ചു, ആശാവര്‍ക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പരമാവധി കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിക്കും. ടൂറിസം പദ്ധതികളും ഫിലിം സിറ്റിയും സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കും. കേരളത്തിലേക്ക് ഒരുപാട് നിക്ഷേപങ്ങള്‍ ഉടന്‍ വരും. സര്‍ക്കാര്‍ 588 കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതില്‍ 568 നൂറ് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. അടുത്ത ആറ് മാസവും നിരവധി പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍മാരുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിലെത്തിയ എല്ലാ മന്ത്രിമാരും ഒപ്പുവച്ചു. വിഷയത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ജിഎന്‍എ കരാറിലും മുഖ്യമന്ത്രി പ്രതികരിച്ചു. ജിഎന്‍എ കരാറില്‍ നിന്ന് പിന്മാറിയെന്നായിരുന്നു പ്രചരിച്ച വാര്‍ത്തയെന്ന് വി ഡി സതീശൻ പറഞ്ഞു. കരാറില്‍ ഏര്‍പ്പെടാതെ എങ്ങനെയാണ് പിന്മാറുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് അടക്കം ജിഎന്‍എ കരാറില്‍ വിമര്‍ശനം ഉന്നയിച്ചു. വിഇഎച്ച് കരാറിന്റെ കാര്യത്തിലും തെറ്റായ ആരോപണമാണുണ്ടായതെന്നും വി ഡി സതീശന്‍ പറഞ്ഞു. പീക്ക് അവറില്‍ 11 രൂപയ്ക്ക് വൈദ്യുതി ലഭിച്ചത് വലിയ കാര്യമാണ്. ഇപ്പോള്‍ പോലും 11 രൂപയ്ക്ക് വൈദ്യൂതി ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിൽ തർക്കങ്ങൾ നടന്നത് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു. മന്ത്രിമാർക്ക് വ്യക്തമായ അഭിപ്രായം പറയാനുണ്ട്. അത് ചർച്ച നടത്തിയത് ശേഷം മാത്രമേ തീരുമാനം എടുക്കൂ. പിണറായി വിജയന്‍ പോക്കറ്റില്‍ നിന്ന് ഒരു പേപ്പര്‍ എടുത്താല്‍ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ ക്യാബിനറ്റ് അല്ല ഇതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

മന്ത്രിസഭ യോഗത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. എല്‍പിഎസ്ടി സമരം, ഉന്നത വിദ്യാഭ്യാസ ബില്ല് തുടങ്ങി നിരവധി കാര്യങ്ങളില്‍ നീണ്ട ചര്‍ച്ച നടത്തി. എല്‍പിഎസ്ടി സമരത്തില്‍ സര്‍ക്കാര്‍ ഇനിയും ചര്‍ച്ച നടത്തും. സമരക്കാരുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ട്. ആരോഗ്യം ശരിയാകുമ്പോള്‍ സമരക്കാരുമായി ഇനിയും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. പൊതുവിദ്യാഭ്യാസ മന്ത്രി എട്ട് തവണ ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി. താൻ രണ്ട് തവണ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Chief Minister V.D. Satheesan highlighted the state government's achievements as it completed six months in office.

dot image
To advertise here,contact us
dot image