യോഗിയുടെ തട്ടകത്തില്‍ അഖിലേഷിന്റെ രഥയാത്ര; 20 km ശക്തിപ്രകടനം, പോര്‍മുഖം തുറന്ന് അഖിലേഷ്

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോരഖ്പൂര്‍ വിമാനത്താവളം മുതല്‍ ചൗരിചൗരയിലെ ദേവ്കഹി ഗ്രാമം വരെ നീളുന്ന 20 കിലോമീറ്റര്‍ റോഡ് ഷോ സംഘടിപ്പിക്കുന്നത്

യോഗിയുടെ തട്ടകത്തില്‍ അഖിലേഷിന്റെ രഥയാത്ര; 20 km ശക്തിപ്രകടനം, പോര്‍മുഖം തുറന്ന് അഖിലേഷ്
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലവും രാഷ്ട്രീയ തട്ടകവുമായ ഗോരഖ്പൂരില്‍ വന്‍ ശക്തിപ്രകടനം നടത്താനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോരഖ്പൂര്‍ വിമാനത്താവളം മുതല്‍ ചൗരിചൗരയിലെ ദേവ്കഹി ഗ്രാമം വരെ നീളുന്ന 20 കിലോമീറ്റര്‍ റോഡ് ഷോ സംഘടിപ്പിക്കുന്നത്.

Akhilesh Yadav
അഖിലേഷ് യാദവ്

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഗോരഖ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അഖിലേഷ് യാദവ് തങ്ങളുടെ പ്രത്യേക 'പിഡിഎ (പിച്ഛ്ഡാ, ദളിത്, അല്‍പസംഖ്യക്) രഥത്തിലാണ്' ഈ ശക്തിപ്രകടനം നടത്തുന്നത്. രണ്ട് മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന റോഡ് ഷോയില്‍ ഒരു ലക്ഷത്തിലധികം ആളുകളെ അണിനിരത്താനാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്നത്. ഗോരഖ്പൂരിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ക്ക് പുറമെ പൂര്‍വാഞ്ചലിലെ മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കളെയും അണികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചൗരിചൗരയിലെ ദേവ്കഹി ഗ്രാമത്തില്‍ ഉച്ചയ്ക്ക് 2 മണിയോടെ എത്തുന്ന അഖിലേഷ് യാദവ്, 1857ലെ സ്വാതന്ത്ര്യസമര സേനാനി ശഹീദ് ബാബു ബന്ധു സിങ്ങിന്റെ (Babu Bandhu Singh) പ്രതിമ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് മുന്‍ ബിജെപി നേതാവും വിദ്യാര്‍ത്ഥി നേതാവുമായിരുന്ന അന്തരിച്ച വിനയ് കുമാര്‍ സിങ് ബിന്നു സിങ്ങിന്റെ പത്താം ചരമവാര്‍ഷിക ചരമവാർഷിക അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കും.

ഈ ചടങ്ങില്‍ ബിന്നു സിങ്ങിന്റെ സഹോദരന്‍ ടപ്പു സിങ് എന്നറിയപ്പെടുന്ന അജയ് കുമാര്‍ അഖിലേഷിന്റെ സാന്നിധ്യത്തില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൗരിചൗര മണ്ഡലത്തില്‍ നിന്നുള്ള എസ്പിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥിയായാണ് ടപ്പു സിങ്ങിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്.

ദേവ്കഹിയിലെ പരിപാടികള്‍ക്ക് ശേഷം ഉച്ചയ്ക്ക് 3:30ന് തിരിക്കുന്ന അഖിലേഷ് യാദവ്, 3:45ഓടെ ഗോരഖ്പൂരിലെ പ്രശസ്തമായ 'തിവാരി ഹാത'യില്‍ എത്തിച്ചേരും. അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി പണ്ഡിറ്റ് ഹരിശങ്കര്‍ തിവാരിയുടെ വസതിയായ ഇവിടെ 30 മിനിറ്റോളം ചെലവഴിക്കും. മുന്‍ എംപി ഭീഷ്മ ശങ്കര്‍ തിവാരി, കുശല്‍ തിവാരി, ചില്ലുപാര്‍ മുന്‍ എംഎല്‍എ വിനയ് ശങ്കര്‍ തിവാരി എന്നിവരുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തും.

Akhilesh Yadav
അഖിലേഷ് യാദവ്

പൂര്‍വാഞ്ചലിലെ ബ്രാഹ്‌മണ രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രമായ തിവാരി ഹാത സന്ദര്‍ശിക്കുന്നതിലൂടെ മേഖലയിലെ ബ്രാഹ്‌മണ വോട്ട് ബാങ്കിനെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് എസ്പി നല്‍കുന്നത്. വൈകുന്നേരം 4:15ന് അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം 4:45-ഓടെ വിമാനമാര്‍ഗം ലഖ്നൗവിലേക്ക് മടങ്ങും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ നടക്കുന്ന ഈ ശക്തിപ്രകടനം കേവലം ഒരു റോഡ് ഷോ മാത്രമല്ലെന്നും, 2027ലെ തെരഞ്ഞെടുപ്പില്‍ പിഡിഎ സമവാക്യവും പ്രാദേശിക സഖ്യങ്ങളും ഉറപ്പിച്ച് എസ്പിയുടെ സംഘടനാ അടിത്തറ ശക്തമാക്കാനുള്ള നീക്കമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്നും ചിന്താഗതികളില്‍ നിന്നും ജനങ്ങള്‍ എസ്പിയുമായി ചേരുകയാണെന്നും ഇതുകൊണ്ടാണ് പാര്‍ട്ടി വളരുന്നതെന്നും വ്യക്തമാക്കിയ അഖിലേഷ് യാദവ്, '10 വര്‍ഷം ഭരിച്ച ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇവിടെ മെട്രോ ഓടിച്ചിട്ടുണ്ടോ എന്ന് ജനങ്ങള്‍ നോക്കട്ടെ' എന്നും സര്‍ക്കാരിനെ വിമര്‍ശിച്ചു.

Content Highlight: Samajwadi Party chief Akhilesh Yadav is set to hold a 20-km roadshow in Gorakhpur, the political stronghold of Uttar Pradesh Chief Minister Yogi Adityanath, as part of the party's preparations for the 2027 Assembly elections. The roadshow, beginning at Gorakhpur airport and ending at Devkahi village in Chauri Chaura, aims to strengthen the party's PDA (Backward Classes, Dalits and Minorities) base in Purvanchal. Akhilesh will also unveil a statue of freedom fighter Babu Bandhu Singh, attend a memorial event for former BJP leader Binnu Singh and visit Tiwari Hata, a prominent centre of Brahmin politics in the region.

dot image
To advertise here,contact us
dot image