ഓറഞ്ച് ഷര്‍ട്ട് ഏറെ ഇഷ്ടം, ആ ഷര്‍ട്ട് തന്നെ അബ്ബാസ് അലിയെ കുടുക്കി; കേരള പൊലീസിന് വലിയ നേട്ടം

ഒരു പതിറ്റാണ്ട് കാലത്തോളമാണ് അബ്ബാസലി പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ഒളിവ് ജീവിതം നയിച്ചിരുന്നത്

ഓറഞ്ച് ഷര്‍ട്ട് ഏറെ ഇഷ്ടം, ആ ഷര്‍ട്ട് തന്നെ അബ്ബാസ് അലിയെ കുടുക്കി; കേരള പൊലീസിന് വലിയ നേട്ടം
dot image

കണ്ണൂർ: 'എല്ലാം തികഞ്ഞ ഒരു കുറ്റകൃത്യവുമില്ല' എന്നതാണ് ക്രൈമിനെക്കുറിച്ച് പൊതുവേ പറയാറുള്ളത്. എത്ര ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാലും കുറ്റവാളിയെ കുടുക്കാന്‍ ഒരു തെളിവ് എവിടെയെങ്കിലും ഒളിഞ്ഞ് കിടക്കും. ഇരിക്കൂര്‍ സിദ്ദിഖി നഗറിലെ മെരടന്‍ കുഞ്ഞാമിന വധക്കേസിലും പ്രതി അബ്ബാസിനെ വലയിലാക്കിയത് അത്തരത്തില്‍ ഒരു ഗോള്‍ഡന്‍ എവിഡന്‍സാണ്. കാലങ്ങളായി താന്‍ ഉപയോഗിച്ച് പോരുന്ന ഏറ്റവും പ്രിയപ്പെട്ട ടീഷര്‍ട്ട്. ഓറഞ്ച് നിറത്തില്‍ കറുത്ത മനുഷ്യരൂപം പ്രിന്റ് ചെയ്തിരുന്ന ആ ടീഷര്‍ട്ടാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ക്രൈംബ്രാഞ്ചിന് പ്രതിയിലേക്കുള്ള തുമ്പായത്. ഒരു പതിറ്റാണ്ട് കാലത്തോളമാണ് പ്രതി അബ്ബാസ് പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ഒളിവ് ജീവിതം നയിച്ചിരുന്നത്.

പ്രതി ഡല്‍ഹിയിലുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് പൊലീസ് സംഘം 10 ദിവസം മുന്‍പാണ് യാത്രതിരിച്ചത്. ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെടെ അരിച്ചുപെറുക്കിയെങ്കിലും വിവരം ലഭിക്കാതിരുന്നത് പൊലീസിന്റെ പ്രതീക്ഷ കെടുത്തിയിരുന്നു. പിന്നാലെ അന്വേഷണം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തന്നെ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിരുന്നു. അങ്ങനെ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രേംനഗറിലൂടെ കാറില്‍ യാത്രചെയ്യുമ്പോഴാണ് പൊലീസ് സംഘത്തിന്റെ കൈയിലുണ്ടായിരുന്ന ഫോട്ടോയിലുള്ള അതേ ഓറഞ്ച് നിറമുള്ള ടീ-ഷര്‍ട്ട് ധരിച്ച ഒരാള്‍ യുവതിയോടൊപ്പം നടന്നുപോകുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. കാര്‍ നിര്‍ത്തിയതോടെ പൊലീസിനെ തിരിച്ചറിഞ്ഞ പ്രതി ഓടിരക്ഷപ്പെട്ടു. പൊലീസ് പിറകെ ഓടിയെങ്കിലും നിരവധി വീടുകള്‍ തിങ്ങിനിറഞ്ഞ ഇടുങ്ങിയ കോളനിപോലുള്ള കേന്ദ്രമായതിനാല്‍ കണ്ടെത്താനായില്ല. എന്നാല്‍ വിട്ടുകൊടുക്കാതെ പൊലീസ് ഓരോ വീടുകളും അരിച്ചുപെറുക്കി. പിന്നലായാണ് ഒളിച്ച് താമസിച്ചിരുന്ന വാടകവീട്ടില്‍നിന്ന് അബ്ബാസ് അലിയെ അറസ്റ്റു ചെയ്തത്.

പതിറ്റാണ്ടുകളായി ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ബാസ് അലി ഇതിനിടെ ഉപയോഗിച്ചത് 50-ലധികം മൊബൈല്‍ ഫോണുകളാണ്. പൊലീസിന് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതിരിക്കാനായി വിലകുറഞ്ഞ ഫോണുകളായിരുന്നു ഇയാള്‍ തിരഞ്ഞെടുത്തിരുന്നത്. ഓരോ സ്ഥലത്തുനിന്നും മാറുമ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു പതിവ്. ഇതോടെ പ്രതിയുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് വലിയ ബുദ്ധിമുട്ടുണ്ടായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മേല്‍വിലാസങ്ങളിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും മോഷണത്തിലൂടെയും നേടിയ പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. ഫ്‌ലാറ്റുകള്‍, വലിയ വാടകവീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലായിരുന്നു താമസം. ഇരിക്കൂറില്‍ കുഞ്ഞാമിനയുടെ ആഭരണങ്ങള്‍ മുംബൈയില്‍ വെച്ചാണ് വിറ്റതെന്നും അബ്ബാസ് അലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അമ്മയും രണ്ട് മക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം അമ്മ പര്‍വീണ്‍ ബാനുവാണെന്നാണ് വിവരം. കുഞ്ഞാമിനയെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് ചോദ്യം ചെയ്യലില്‍ അബ്ബാസ് അലി സമ്മതിച്ചു. ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഗുജറാത്തി, ഹിന്ദി തുടങ്ങി നിരവധി ഭാഷകള്‍ ഇയാള്‍ക്ക് അറിയാം. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഇയാള്‍ താമസിച്ചിട്ടുണ്ട്. കൂടാതെ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും മാറിമാറി താമസിച്ചു. പല സ്ഥലങ്ങളിലും വ്യത്യസ്ത പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

പൊലീസ് പിടിയിലായപ്പോഴും ചോദ്യം ചെയ്യലിനിടയിലും അബ്ബാസലിയുടെ പെരുമാറ്റത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും പ്രകടമായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകള്‍ അറിയാവുന്നതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളില്‍ പോലും ഇയാള്‍ ഇടപെടാറുണ്ടായിരുന്നു. തന്നെ ഈ നിലയിലെത്തിച്ചത് അമ്മയാണെന്ന് ചോദ്യം ചെയ്യലിനിടെ അബ്ബാസ് അലി പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. 60 വയസ്സുള്ള കുഞ്ഞാമിനയെ കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം ക്രൈംബ്രാഞ്ച് സംഘത്തോട് വിശദീകരിക്കുമ്പോഴും പ്രതിയില്‍ കുറ്റബോധത്തിന്റെ യാതൊരു സൂചനയും കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞാമിന കേസില്‍ അബ്ബാസ് അലിയുടെ അമ്മയ്ക്കും സഹോദരിക്കും ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ശന വ്യവസ്ഥകളോടെ തലശ്ശേരിയിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. 2016 ഏപ്രിൽ 30നാണ് പട്ടാപ്പകൽ കവർച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlights: A distinctive orange T-shirt featuring a black human figure print became the crucial clue that helped the Crime Branch trace Abbas in the Irikkur Siddiqui Nagar case. Despite remaining in hiding for nearly a decade and evading police attention, Abbas was linked to the case through the T-shirt he had worn for years.

dot image
To advertise here,contact us
dot image