

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിലുള്ള ടാറ്റ തനിഷ്ക് (Tata Tanishq) ഷോറൂമില്‍ നടന്ന വന്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രധാന പ്രതിയുടെ അച്ഛനെയും പെണ്‍സുഹൃത്തിനെയും മധുര സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ എസ് നിഷാന്ത് ഇപ്പോഴും ഒളിവിലാണ്. പ്രതിക്കായി പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കവര്‍ച്ച ചെയ്തതില്‍ അഞ്ച് കിലോ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. നിഷാന്തിന്റെ പിതാവ് വി സുരേഷ് (53), പെണ്‍സുഹൃത്തും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ എം മീനാക്ഷി (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന മീനാക്ഷിക്കുവേണ്ടിയാണ് നിഷാന്ത് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതില്‍ മീനാക്ഷി പ്രധാന പങ്കുവഹിച്ചു. കവര്‍ച്ചയ്ക്ക് മുന്നോടിയായി നവംബര്‍ അഞ്ചിന് അടക്കം പലതവണ നിഷാന്ത് ഷോറൂം സന്ദര്‍ശിച്ച് നിരീക്ഷണം നടത്തിയിരുന്നു.
നവംബര്‍ 12ന് രാവിലെ 9:30ഓടെ നാല് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഷോറൂം തുറന്ന ജീവനക്കാരാണ് റാക്കുകള്‍ തകര്‍ക്കപ്പെട്ടതായും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടത്.
കവര്‍ച്ചയ്ക്ക് ശേഷം തുടക്കത്തില്‍ ഷോറൂമിന് സമീപമുള്ള സ്വന്തം വീട്ടിലാണ് നിഷാന്ത് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ പിതാവ് സുരേഷ് സഹായിക്കുകയും, വസ്ത്രങ്ങളും മറ്റ് തെളിവുകളും നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.
തുടക്കത്തില്‍ 23 കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നാണ് കരുതിയതെങ്കിലും, പത്ത് കിലോ സ്വര്‍ണാഭരണങ്ങളും ഒരു കിലോ ഡയമണ്ട് ആഭരണങ്ങളും ഉള്‍പ്പെടെ ആകെ 11 കിലോ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് പിന്നീട് കണക്ക് തിരുത്തി. മോഷ്ടിച്ചതില്‍ അഞ്ച് കിലോ സ്വര്‍ണം മാടക്കുളം കണ്മൊയില് നിഷാന്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ പൊലീസ് ഇത് കണ്ടെടുത്തു. സ്വര്‍ണം ബാഗിലാക്കി കുഴിച്ചിട്ട വിവരം മീനാക്ഷിയാണ് പൊലീസിനോട് പറഞ്ഞത്.
മധുര സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ രാജേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡിസിപി (സൗത്ത്) എ ജി ഇനിഗോ ദിവ്യന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്എസ് കോളനി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ സുരേഷിനെയും മീനാക്ഷിയെയും ഗവണ്മെന്റ് രാജാജി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി നവംബര്‍ 29 വരെ റിമാന്‍ഡ് ചെയ്തു.
Content Highlight: Madurai City Police have arrested the father and influencer girlfriend of the prime accused in the robbery at a Tata Tanishq showroom in Madurai, Tamil Nadu. The accused, S. Nishanth, remains absconding. Police recovered five kilograms of stolen gold jewellery buried at an agricultural land owned by Nishanth's family. His girlfriend, M. Meenakshi, allegedly played a key role in planning the robbery and helped investigators locate the hidden gold. The police suspect the involvement of another person in the crime.