'രാജീവ്-സഞ്ജയ് ബന്ധത്തില്‍ പോലും വിള്ളലുണ്ടായി, ഞങ്ങളോട് പെരുമാറിയത് ശത്രുവിനെ പോലെ'; മനേകയെ കുറിച്ച് സോണിയ

മനേകയുടെ ഇടപെടലുകള്‍ സഞ്ജയ് ഗാന്ധിയും സഹോദരന്‍ രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചുവെന്നും സോണിയ പുസ്തകത്തില്‍ ആരോപിക്കുന്നു.

'രാജീവ്-സഞ്ജയ് ബന്ധത്തില്‍ പോലും വിള്ളലുണ്ടായി, ഞങ്ങളോട് പെരുമാറിയത് ശത്രുവിനെ പോലെ'; മനേകയെ കുറിച്ച് സോണിയ
dot image

ന്യൂഡല്‍ഹി: സഞ്ജയ് ഗാന്ധിയും മനേക ഗാന്ധിയും തമ്മിലുള്ള വിവാഹവും പിന്നീട് കുടുംബത്തില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളെക്കുറിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ ഓര്‍മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) പുസ്തകത്തിലാണ് മനേകയുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സോണിയ വിവരിക്കുന്നത്.

1973 അവസാനത്തോടെയാണ് സഞ്ജയ് ഗാന്ധിയും മനേകയും പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും വിവാഹിതരായി. തുടക്കത്തില്‍ മനേകയുമായുള്ള ബന്ധം സൗഹൃദപരമായിരുന്നുവെന്നും ഇളയ സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്നും സോണിയ ഓര്‍മിക്കുന്നു. എന്നാല്‍ പിന്നീട് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ദേഷ്യം വരുമ്പോള്‍ മനേക മോശം വാക്കുകള്‍ ഉപയോഗിച്ചിരുന്നതായും ഇത് കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കിയെന്നും സോണിയ പറയുന്നു.

Sonia Gandhi - Belonging: A Journey of Love
സോണിയ ഗാന്ധി പുസ്തകവുമായി

'ദേഷ്യം വരുമ്പോള്‍ മനേക മോശം വാക്കുകള്‍ ഉപയോഗിക്കുമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പോലും വീട്ടില്‍ ഒരിക്കലും ഉപയോഗിക്കാത്ത അത്തരം വാക്കുകള്‍ അവര്‍ പ്രയോഗിച്ചു. അത് സഞ്ജയ്‌യെ അസ്വസ്ഥനാക്കുകയും ഞങ്ങളെ ഞെട്ടിക്കുകയും ചെയ്തു,' സോണിയ എഴുതുന്നു.

മനേകയുടെ ഇടപെടലുകള്‍ സഞ്ജയ് ഗാന്ധിയും സഹോദരന്‍ രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചുവെന്നും സോണിയ പുസ്തകത്തില്‍ ആരോപിക്കുന്നു. 1978ലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് സഞ്ജയുടെ നടപടികളാണ് കാരണമെന്ന് രാജീവ് കരുതിയിരുന്നു. 'നീ അമ്മയെ ഈ അവസ്ഥയിലേക്ക് എത്തിച്ചു. എനിക്ക് നിന്നോട് ക്ഷമിക്കാനാകില്ല,' എന്ന് രാജീവ് സഞ്ജയ് ഗാന്ധിയോട് പറഞ്ഞതായും സോണിയ ഓര്‍മിക്കുന്നു.

Maneka Gandhi
മനേക ഗാന്ധി

ഇതിനെ പിന്തുണച്ച് ഇന്ദിരയും സംസാരിച്ചു. 'രാജീവ് പറഞ്ഞത് ശരിയാണ്, സഞ്ജയ്! എന്റെ അറിവില്ലാതെ എത്ര തവണയാണ് നീ ഉത്തരവുകള്‍ നല്‍കിയത്?' എന്നായിരുന്നു ഇന്ദിരയുടെ പ്രതികരണം. ഇതിനിടെ മനേക ഇടപെട്ടു. എന്നാല്‍ ഇന്ദിര ശബ്ദമുയര്‍ത്തി മനേകയോട് ഈ ആരോപണങ്ങള്‍ നിഷേധിക്കാന്‍ ആവശ്യപ്പെട്ടതോടെ അവര്‍ പിന്‍വാങ്ങി. ഈ സംഭവത്തിനുശേഷം കുടുംബത്തോടുള്ള മനേകയുടെ വിരോധം കൂടുതല്‍ ശക്തമായെന്നും സോണിയ പറയുന്നു.

മനേകയുടെ പരിഹാസപരമായ പരാമര്‍ശങ്ങള്‍ കുടുംബത്തിന് നിരന്തരമായ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. തങ്ങളോട് ശത്രുതാപരമായ നിലപാടാണ് മനേക സ്വീകരിച്ചിരുന്നതെന്നും തങ്ങളുമായി ബന്ധപ്പെട്ട കഥകള്‍ മാധ്യമപ്രവര്‍ത്തകരിലൂടെ പ്രചരിപ്പിച്ചിരുന്നുവെന്നും സോണിയ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം രാജീവും താനും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വാര്‍ത്തയാണ് ഇതില്‍ ഏറ്റവും വേദനിപ്പിച്ചതെന്നും സോണിയ പറയുന്നു. അത് തീര്‍ത്തും അടിസ്ഥാനരഹിതമായ നുണയായിരുന്നുവെന്നാണ് അവരുടെ പ്രതികരണം.

സോണിയ ഗാന്ധി | മനേക ഗാന്ധി

1980ല്‍ സഞ്ജയ് ഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസില്‍ രാഷ്ട്രീയ പദവി നേടാന്‍ മനേക ശ്രമിച്ചെങ്കിലും ഇന്ദിര ഗാന്ധി അതിന് അനുവദിച്ചിരുന്നില്ല. പിന്നീട് മനേകയുടെ രാഷ്ട്രീയ ഇടപെടലുകളും ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും രൂക്ഷമായി. ഒടുവില്‍ മനേകയ്ക്ക് കുടുംബവീട് വിട്ടുപോകേണ്ടിവന്നു.

മനേകയുടെ നീക്കങ്ങള്‍ ഇന്ദിരയെ വേദനിപ്പിച്ചെന്നും കുടുംബത്തിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും സോണിയ പറയുന്നു. മകന്‍ വരുണ്‍ ഗാന്ധിയെ കാണാനുള്ള അവകാശത്തെച്ചൊല്ലിയും ഇരുവിഭാഗങ്ങളും തമ്മില്‍ നിയമപോരാട്ടമുണ്ടായെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlight: In her memoir 'Belonging: A Journey of Love', Sonia Gandhi recounts how her initially cordial relationship with Maneka Gandhi changed over time, leading to tensions within the Nehru-Gandhi family. She also recalls Maneka's marriage to Sanjay Gandhi in 1974 and the disagreements that gradually affected family relationships.

dot image
To advertise here,contact us
dot image