

ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരിലെ പ്രധാനമന്ത്രി പദം നിരസിച്ചതിനെ കുറിച്ച് ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പുറത്തിറക്കിയ തന്റെ ഓര്‍മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്വിൽ' (Belonging: A Journey of Love) സോണിയ ഗാന്ധി. മന്മോഹന് സിങ് ആ സ്ഥാനമലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന ബോധ്യത്തിലാണ് താന്‍ ആ തീരുമാനമെടുത്തതെന്നാണ് സോണിയ ഗാന്ധി പുസ്തകത്തിൽ പറയുന്നത്.

2004ല്‍ കോണ്‍ഗ്രസ് നയിച്ച യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സ് (യുപിഎ) അധികാരത്തില്‍ വന്നപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താന്‍ സ്വയം പിന്മാറുകയായിരുന്നു എന്നാണ് സോണിയ പറയുന്നത്. 'എന്റെ മനസ്സില്‍ നിന്നും സംശയത്തിന്റെ അവസാന കണികകളും പെട്ടെന്ന് മാറി. 'സോണിയ, നീ നിന്നോട് തന്നെ വിശ്വസ്തയായിരിക്കൂ,' ഞാന്‍ എന്നോട് തന്നെ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. 'നിനക്ക് ഇത് എപ്പോഴും അറിയാമായിരുന്നല്ലോ. ഇത് ഉപേക്ഷിക്കൂ! ഞാന്‍ എന്റെ തീരുമാനം എടുത്തു കഴിഞ്ഞു. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും,' സോണിയ ഓര്‍ത്തെടുത്തു. രാഹുല്‍ ഗാന്ധി തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി പദം വേണ്ടെന്നുവെച്ച ശേഷം ആ പദവിയിലേക്ക് ആരെ നിയമിക്കണമെന്നതില്‍ ഒടുവില്‍ സോണിയ എത്തിച്ചേര്‍ന്നത് മന്മോഹന് സിങിലാണ്. ആര്‍ക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത അദ്ദേഹത്തിന്റെ വ്യക്തിശുദ്ധിയും ഭരണത്തിലും സാമ്പത്തിക നയരൂപീകരണത്തിലുമുള്ള ആഴത്തിലുള്ള അറിവുമാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
'ഈ പദവിക്ക് യോഗ്യരും പരിചയസമ്പന്നരുമായ നിരവധി മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരിലെല്ലാം വെച്ച് കളങ്കമറ്റ വ്യക്തിത്വമുള്ളവനും ഭരണത്തില്‍ ആഴത്തിലുള്ള വലിയ അറിവുമുള്ള ഒരാള്‍ എന്റെ ശ്രദ്ധയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ ഡോ. മന്മോഹന് സിങ് ആയിരുന്നു അത്.

ഒരു പണ്ഡിതന്, ടെക്നോക്രാറ്റ് എന്നീ നിലകളിലുള്ള എല്ലാ നേട്ടങ്ങള്‍ക്കും പുറമെ, ഡോ. സിങിന് ദയയും അനുകമ്പയുമുള്ള ഒരു ഹൃദയമുണ്ടെന്നും അദ്ദേഹത്തിന്റെ വ്യക്തിശുദ്ധി ചോദ്യം ചെയ്യപ്പെടാനാകാത്തതാണെന്നും എനിക്ക് നന്നായി അറിയാമായിരുന്നു'. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം ഭദ്രമായ കൈകളില്‍ ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും സോണിയ വ്യക്തമാക്കുന്നു.
പി വി നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്മോഹന് സിങ് 1990കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്നത്തെ സര്‍ക്കാരിന് ഇടത് പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്ന സാഹചര്യത്തില്‍, മന്മോഹന് സിങിൻ്റെ സാമ്പത്തിക വിദഗ്ധൻ എന്ന പ്രതിച്ഛായ പരിഷ്കാരങ്ങള്‍ തുടരുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ അകറ്റാന്‍ സഹായിക്കുമെന്ന് സോണിയ കരുതി.
'കാലക്രമേണ കോണ്‍ഗ്രസ് ഇടത് ചായ്വുള്ള കക്ഷിയായി ചിത്രീകരിക്കപ്പെട്ടിരുന്നു. കൂടാതെ ഞങ്ങളുടെ സര്‍ക്കാരിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സാമ്പത്തിക നയങ്ങള്‍ തുടരാനും അത് കൈകാര്യം ചെയ്യാനുമുള്ള ഞങ്ങളുടെ കഴിവിനെക്കുറിച്ചുള്ള പലരുടെയും സംശയങ്ങള്‍ പരിഹരിക്കാന്‍ ഡോ. മന്മോഹന് സിങിന് കഴിയുമെന്ന് ഞാന്‍ കരുതി,' സോണിയ പറഞ്ഞു.

പാര്‍ട്ടിയിലെ ഒരു വിഭാഗവുമായും മന്മോഹന് സിങിന് പ്രത്യേക ഗ്രൂപ്പ് ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ പാകിസ്താനിലുള്ള ഒരു ഗ്രാമത്തിലെ സിഖ് കുടുംബത്തില്‍ ജനിച്ച മന്മോഹന് സിങ് ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് വളര്‍ന്നതെന്നും, തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ പഠിച്ച് ഉന്നതിയിലെത്തിയെന്നും സോണിയ ഓര്‍ക്കുന്നു.
മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചപ്പോള്‍ ആരും അദ്ദേഹത്തിന്റെ പേരിനെ എതിര്‍ത്തില്ല. ആദ്യം പ്രധാനമന്ത്രി പദം സ്വീകരിക്കാന്‍ മടിച്ച മന്മോഹന് സിങിനെ സ്വകാര്യ സംഭാഷണങ്ങള്‍ക്കൊടുവില്‍ സമ്മതിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി പദവിയെക്കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടക്കാതിരുന്നതിനാല്‍ സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നാണ് മന്മോഹന് സിങും കരുതിയിരുന്നത്. 2004 മേയ് 18ന് സര്‍ക്കാര്‍ രൂപീകരണ അവകാശവാദമുന്നയിക്കാന്‍ സോണിയ ഗാന്ധിയും മന്മോഹന് സിങും രാഷ്ട്രപതി ഭവനിലെത്തി. മുന്‍പ് ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കുമൊപ്പം പലതവണ സന്ദര്‍ശിച്ച രാഷ്ട്രപതി ഭവനിലേക്ക് വേറൊരു ലക്ഷ്യത്തോടെ കടന്നുചെന്നപ്പോള്‍ തനിക്ക് കടുത്ത വൈകാരികത അനുഭവപ്പെട്ടതായി സോണിയ ഓര്‍ക്കുന്നു.
'ഞങ്ങളുടെ കാറുകള്‍ എന്ട്രന്സില് എത്തിയപ്പോള്‍ എനിക്ക് പെട്ടെന്ന് വൈകാരികമായ ഒരു തരംഗം അനുഭവപ്പെട്ടു. ഇന്ദിരാ ഗാന്ധിക്കും രാജീവിനോടുമൊപ്പം ഞാന്‍ അവിടെ പലതവണ പോയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മറ്റൊരു ആവശ്യത്തിനായാണ് ഞാന്‍ രാഷ്ട്രപതി ഭവന്റെ ഇരുണ്ട നീണ്ട ഇടനാഴികളിലൂടെ നടക്കുന്നത്,' സോണിയ ഓര്മക്കുറിപ്പില് വ്യക്തമാക്കുന്നു.
എന്നാല്‍ എന്നാല്‍ സോണിയയുടെ വാക്കുകളെ തള്ളി ബിജെപിയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സോണിയ വിദേശ വനിതയായതിനാല്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാം സത്യപ്രതിജ്ഞ അനുവദിച്ചില്ല എന്നാണ് ബിജെപി ആരോപിക്കുന്നത്.
Content Highlight: In her memoir 'Belonging: A Journey of Love', Sonia Gandhi explains why she declined the Prime Minister's post after the first UPA government's formation. She says she made the decision because she was convinced that Manmohan Singh was the most suitable person to lead the government.