BJP അധികാരത്തിലെത്തിയതിന് ശേഷം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ ക്രൂരമായ ആക്രമണങ്ങൾ വർധിച്ചു: സോണിയ ​ഗാന്ധി

ഓർമക്കുറിപ്പായ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് സോണിയ ഗാന്ധിയുടെ വിമർശനം

BJP അധികാരത്തിലെത്തിയതിന് ശേഷം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ ക്രൂരമായ ആക്രമണങ്ങൾ വർധിച്ചു: സോണിയ ​ഗാന്ധി
dot image

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. കഴിഞ്ഞ പത്തുവർഷത്തിനിടെ ലിബറൽ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നിലേക്ക് പോയെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ബിജെപി വ്യവസ്ഥാപിതമായി തകർത്തുവെന്നും അവർ ആരോപിച്ചു. തന്റെ ഓർമക്കുറിപ്പായ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് സോണിയ ഗാന്ധിയുടെ വിമർശനം.

526 പേജുള്ള പുസ്തകത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സോണിയ ഗാന്ധി ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭീമമായ ഒരുക്കങ്ങൾ കണ്ടപ്പോൾ തന്നെ ഇത് തികച്ചും വ്യത്യസ്തമായ ഒരു സർക്കാരായിരിക്കുമെന്ന് തനിക്ക് ബോധ്യമായിരുന്നെന്നും സോണിയ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിലുള്ള പ്രത്യയശാസ്ത്ര ശക്തികൾ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണെന്നും സോണിയ ​ഗാന്ധി കുറ്റപ്പെടുത്തുന്നുണ്ട്. വ്യത്യസ്ത ഭാഷകളും വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ജനവിഭാഗങ്ങളെ ഏകത്വത്തിന്റെ നൂലിഴകളാൽ ബന്ധിപ്പിച്ചുനിർത്തിയ സംവിധാനമാണ് കഴിഞ്ഞ എട്ടുപതിറ്റാണ്ടായി ഇന്ത്യയിൽ നിലനിന്നിരുന്നത്. എന്നാൽ ഈ സംവിധാനത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന ഏകാധിപത്യ ശക്തി രാജ്യത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും അനിവാര്യമായ ഈ സാമൂഹിക ഘടനയെ ഭീഷണിയിലാക്കിയിരിക്കുകയാണെന്നും സോണിയ ​ഗാന്ധി പുസ്തകത്തിൽ പറയുന്നുണ്ട്.

രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും ഒരു ശതമാനം ആളുകളുടെ കൈകളിലാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക അസമത്വമാണിത്. എന്നാൽ ദാരിദ്ര്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിടാൻ മോദി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും സോണിയ ആരോപിക്കുന്നു. ഭരണനിർവഹണത്തിൽ പുതിയ ആശയങ്ങളൊന്നും മുന്നോട്ടുവയ്ക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സോണിയ ​ഗാാന്ധി കുറ്റപ്പെടുത്തുന്നുണ്ട്. മുൻ യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ കുറഞ്ഞത് മുപ്പതോളം പദ്ധതികൾ പുതിയ പേരുകൾ നൽകി പുനരവതരിപ്പിക്കുകയാണ് ചെയ്തത്. ഇവയിൽ പല പദ്ധതികളുടെയും വ്യാപ്തി ഗണ്യമായി കുറച്ചിട്ടുമുണ്ട്. ഇതിൽ ചില ക്ഷേമപദ്ധതികളെ പ്രധാനമന്ത്രി നേരത്തെ തന്നെ വിമർശിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നിർമൽ ഭാരത് അഭിയാൻ എന്നിവ ഉദാഹരണങ്ങളായി സോണിയ ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാരിന്റെ തന്നെ ഓഡിറ്റ് ഏജൻസിയായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പദ്ധതികളുടെ നടത്തിപ്പിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും വീഴ്ചകളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

Belonging: A Journey Of Love: Sonia Gandhi
വില്‍പ്പനയ്‌ക്കെത്തിയ സോണി. ഗാന്ധിയുടെ ആത്മകഥയായ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്'

ലിബറൽ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ഏറെ പിന്നോട്ട് പോയെന്നും സോണിയ പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ വിവിധ ആഗോള സൂചികകളിൽ ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ സ്വാതന്ത്ര്യം, ജനാധിപത്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ നിർണായക മേഖലകളിലുൾപ്പെടെ ഈ മുന്നേറ്റം തിരിച്ചടിക്കപ്പെട്ടുവെന്നും അവർ പറയുന്നു. മാധ്യമങ്ങൾ സർക്കാരിന്റെ പ്രചാരണ ആയുധങ്ങളായി മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും സോണിയ ഗാന്ധി പുസ്തകത്തിൽ വിമർശനമുന്നയിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലെ മറ്റ് ചില ഇടങ്ങളിലും സമാനമായ പ്രവണതകൾ കാണുന്നുണ്ടെങ്കിലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട് പരസ്യമായ പക്ഷപാതത്തിലേക്ക് താഴ്ന്നുവെന്നാണ് അവരുടെ നിരീക്ഷണം.

ഒരുകാലത്ത് ടെലിവിഷൻ അവതാരകരും സ്വകാര്യ ചാനലുകളും വിശ്വാസ്യതയും സ്വതന്ത്ര നിലപാടുകളും പുലർത്തിയിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും പ്രേക്ഷകർക്ക് വിവിധ അഭിപ്രായങ്ങൾ അറിയാനുള്ള അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് അവ സർക്കാരിന്റെ പ്രചാരണ വിഭാഗങ്ങളെപ്പോലെ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സോണിയ പുസ്തകത്തിൽ ആരോപിക്കുന്നുണ്ട്. അഴിമതികൾ പുറത്തുകൊണ്ടുവരാനും പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും വിമർശിക്കാനും ധൈര്യപ്പെടുന്നവരെ 'രാജ്യദ്രോഹികൾ', 'ദേശവിരുദ്ധർ' എന്നിങ്ങനെ മുദ്രകുത്താൻ പണം നൽകി പ്രവർത്തിക്കുന്ന ട്രോൾ സംഘങ്ങളുണ്ടെന്നും അവർ പറയുന്നു.

വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എതിർ ശബ്ദങ്ങൾ ഉയ‍ർത്തിയ നിരവധി പേരെ ജാമ്യമോ വിചാരണയോ ഇല്ലാതെ ജയിലിലടച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്ക് സ്വതന്ത്രമായും സമാധാനപരമായും പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും കഴിഞ്ഞിരുന്ന ഒരു കാലം താൻ ഓർക്കുന്നുവെന്നും സോണിയ കുറിക്കുന്നു. ഇത്തരം പ്രതിഷേധങ്ങൾ ചിലപ്പോൾ ഏറ്റുമുട്ടലുകളിലേക്കും അപൂർവമായി അക്രമങ്ങളിലേക്കും വഴിമാറിയിരുന്നെങ്കിലും അഭിപ്രായപ്രകടനത്തിനും പ്രതിഷേധത്തിനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയുടെ ദീർഘകാല ജനാധിപത്യ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു.

അടിയന്തരാവസ്ഥയിലെ 21 മാസങ്ങൾ ഒഴിച്ചുനിർത്തിയാൽ, പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനുമുള്ള സ്വാതന്ത്ര്യം രാജ്യത്ത് നിലനിന്നിരുന്നു. എന്നാൽ നിലവിലെ ഭരണസംവിധാനത്തിന് കീഴിലുള്ള 12 വർഷത്തിനിടെ പൊതുപ്രതിഷേധങ്ങൾക്കുള്ള ഇടം ഗണ്യമായി ചുരുങ്ങി. വിദ്യാർഥികൾ, അധ്യാപകർ, കർഷകർ, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾ എന്നിവർ നടത്തിയ സമാധാനപരമായ പ്രതിഷേധങ്ങൾ പോലും അടിച്ചമർത്തപ്പെട്ടു. നിരവധി സാമൂഹിക പ്രവർത്തകർ നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കപ്പെടാതെ വർഷങ്ങളായി ജയിലിൽ കഴിയുകയാണെന്നും സോണിയ ആരോപിക്കുന്നു.

രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആർഎസ്എസ് പ്രത്യയശാസ്ത്രപരമായ നിയന്ത്രണത്തിലാക്കിയെന്നും സോണിയ ഗാന്ധി ആരോപിക്കുന്നുണ്ട്. സ്കൂൾ പാഠപുസ്തകങ്ങൾ തിരുത്തുന്നത് മുതൽ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഈ ഇടപെടൽ പ്രകടമാണ്. ഇത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് ദീർഘകാല നാശമുണ്ടാക്കുമെന്നും അവർ പറയുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിലെ പ്രധാന ഹാളിൽ തന്റെ ഭർതൃമാതാവായ ഇന്ദിരാഗാന്ധി നടത്തിയിരുന്ന വാർത്താസമ്മേളനങ്ങളും പുസ്തകത്തിൽ സോണിയ ​ഗാന്ധി ഓർമിക്കുന്നുണ്ട്. ഇന്ത്യൻ വിദേശ മാധ്യമപ്രവർത്തകരുടെ വലിയ സംഘത്തെ അഭിമുഖീകരിച്ചായിരുന്നു അന്ന് വാർത്താസമ്മേളനങ്ങൾ നടന്നിരുന്നത്. രാജീവ് ഗാന്ധിയും മറ്റ് പ്രധാനമന്ത്രിമാരും പതിവായി വാർത്താസമ്മേളനങ്ങൾ നടത്തുകയും മാധ്യമപ്രവർത്തകരുടെ കടുത്ത ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു. വിദേശ സന്ദർശനവേളകളിൽ മാധ്യമപ്രവർത്തകരും പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയും സന്ദർശനത്തിന്റെ അവസാനം സ്വതന്ത്രമായി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തി 12 വർഷമായിട്ടും ഒരൊറ്റ വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും സോണിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജനാധിപത്യ സ്ഥാപനങ്ങളെ ബിജെപി വ്യവസ്ഥാപിതമായി തകർത്തുവെന്നും ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള നിർണായക പങ്ക് അംഗീകരിക്കാൻ ബിജെപി തയ്യാറാകുന്നില്ലെന്നും അവർ ആരോപിക്കുന്നു. പ്രതിപക്ഷ എംപിമാരെ പുറത്താക്കുകയോ ചർച്ചകൾക്ക് അവസരം നൽകാതെ ബില്ലുകൾ പാസാക്കുകയോ ചെയ്തുകൊണ്ട് കടുത്ത നിയമങ്ങൾ പാർലമെന്റിലൂടെ നടപ്പാക്കിയിട്ടുണ്ട്. സർക്കാരിന്റെ അന്വേഷണ ഏജൻസികളെ ഭരണകക്ഷി കൈപ്പിടിയിലൊതുക്കി രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനും സമ്മർദത്തിലാക്കാനും ഉപയോഗിക്കുന്നു. നികുതി പരിശോധനകൾ, കെട്ടിച്ചമച്ച നിയമക്കേസുകൾ, വിചാരണയില്ലാതെയുള്ള തടവിലാക്കൽ തുടങ്ങിയവയാണ് ഇതിനായി പ്രയോഗിക്കുന്ന മാർഗങ്ങളെന്നും സോണിയ ആരോപിക്കുന്നു.

Copies of Congress leader Sonia Gandhi's newly released memoir, 'Belonging: A Journey of Love', displayed at a bookstore, in New Delhi
ന്യൂഡൽഹിയിലെ ഒരു പുസ്തകശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്നസോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്'

ബിജെപി അധികാരത്തിലെത്തിയതിനു ശേഷം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ ക്രൂരമായ ആക്രമണങ്ങൾ ഗണ്യമായി വർധിച്ചെന്നും അവയിൽ ഭൂരിഭാഗവും ശിക്ഷാനടപടികളില്ലാതെ അവസാനിക്കുകയാണെന്നും സോണിയാ ​ഗാന്ധി പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യപരമായ ഭരണരീതിയുടെ വ്യക്തമായ ഉദാഹരണമാണ് 2016 നവംബറിലെ നോട്ട് നിരോധന പ്രഖ്യാപനമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. അതീവ രഹസ്യമായാണ് നോട്ട് നിരോധന നടപടി നടപ്പാക്കിയത്. ഇതിന്റെ ഫലമായി പഴയ നോട്ടുകൾ മാറ്റിവാങ്ങുന്നതിനായി ബാങ്കുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ അതിനെ നേരിടാൻ ബാങ്കുകൾ പോലും തയ്യാറായിരുന്നില്ല. നോട്ട് നിരോധനത്തിന്റെ പേരിൽ സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യങ്ങളിലൊന്നുപോലും കൈവരിക്കാനായില്ലെന്നും അവർ വിമർശിക്കുന്നു. ഈ ഒരൊറ്റ നടപടിയിലൂടെ വ്യാപാരമേഖലയെ താറുമാറാക്കുകയും സമ്പദ്‌വ്യവസ്ഥയിലെ നിർണായക മേഖലകളുടെ പ്രവർത്തനം സ്തംഭിപ്പിക്കുകയും ദശലക്ഷക്കണക്കിന് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയും ചെയ്തുവെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ പറയുന്നു.

Content Highlights: Sonia Gandhi alleges that attacks and atrocities against minorities and Dalits have increased since the BJP came to power in India, raising concerns over the safety and rights of marginalised communities

dot image
To advertise here,contact us
dot image