

ബഹ്‌റൈൻ പ്രതിഭ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ‘സഞ്ചാരം കഥകളിലൂടെ’ എന്ന പേരിൽ സാഹിത്യസംഗമവും യുവ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷുമായുള്ള സായാഹ്ന വർത്തമാനവും സംഘടിപ്പിച്ചു. നവംബർ എട്ട് ഞായറാഴ്ച രാത്രി സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന പരിപാടി സാഹിത്യപ്രേമികളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ബഹ്‌റൈൻ പ്രതിഭ കേന്ദ്രകമ്മിറ്റി അംഗം രഞ്ജിത് പൊൻകുന്നത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാഹിത്യവേദി കൺവീനർ വത്സരാജ് സ്വാഗതം പറഞ്ഞു. പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി വികെ. സുലേഷ്, രക്ഷാധികാരി സമിതി അംഗം എൻവി ലിവിൻ കുമാർ എന്നിവർ ആശംസകൾ നേർന്നു.ഷിബു കെ സി മോഡറേറ്ററായിരുന്നു.
യുവ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷുമായുള്ള സംവാദത്തിൽ അദ്ദേഹത്തിന്റെ യാത്രകളും രചനാലോകവും എഴുത്തനുഭവങ്ങളും കഥകളുടെ രൂപീകരണവും ചർച്ചയായി. മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും സാഹിത്യത്തിൽ പ്രതിഫലിക്കുന്ന രീതികളെക്കുറിച്ചുള്ള ആശയവിനിമയത്തിനും പരിപാടി വേദിയായി. ഒപ്പം എഴുത്തുകാരന്റെ സാഹിത്യയാത്രയെയും പുതിയ രചനകളെയും പരിചയപ്പെടാനുള്ള അവസരമായി പരിപാടി മാറി. യഹിയ മുഹമ്മദിന്റെ ഏറ്റവും പുതിയ നോവലായ ‘റൂഹ് പറഞ്ഞ കഥ’ യുടെ കവർ പ്രകാശനവും ചടങ്ങിൽ നടന്നു.
സാഹിത്യവും വായനയും എഴുത്തും യാത്രകളും സംബന്ധിച്ച ചർച്ചകളിൽ സദസ്സ് സജീവമായി പങ്കെടുത്തു. പ്രവാസലോകത്ത് മലയാള സാഹിത്യത്തെയും വായനാസംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന ശ്രദ്ധേയമായ സായാഹ്നമായി ‘സഞ്ചാരം കഥകളിലൂടെ’ മാറി.
Content Highlights: Bahrain Prathibha Sahityavedi organised an interactive literary session with Malayalam poet Murugan Kattakada, highlighting the importance of literature and language among expatriates.