കപ്പൽവാടക നാലിരട്ടി കുതിച്ചു; എണ്ണവിപണിയിൽ തന്ത്രം മാറ്റി ഇന്ത്യൻ ഓയിൽ,സ്വന്തം ടാങ്കറുകളുമായി കളത്തിലിറങ്ങും

സാധാരണയായി ടണ്ണിന് ഏകദേശം 40 ഡോളറായിരുന്ന എൽപിജി ചരക്കുനീക്ക നിരക്ക് സ്പോട്ട് വിപണിയിൽ 160–180 ഡോളറായി ഉയർന്നു

കപ്പൽവാടക നാലിരട്ടി കുതിച്ചു; എണ്ണവിപണിയിൽ തന്ത്രം മാറ്റി ഇന്ത്യൻ ഓയിൽ,സ്വന്തം ടാങ്കറുകളുമായി കളത്തിലിറങ്ങും
dot image

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും ആഗോള എണ്ണവിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കിടെ, ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയിൽ നിർണായക തന്ത്രമാറ്റവുമായി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.

എണ്ണയും പാചകവാതകവും ഇന്ത്യയിലെത്തിക്കുന്നതിനായി സ്വന്തം ടാങ്കറുകൾ വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. ഇതിനുള്ള നിർദേശത്തിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. കപ്പലുകൾ വാങ്ങുന്നതിനുള്ള ടെൻഡറുകളും മാസങ്ങൾക്കുമുമ്പ് ക്ഷണിച്ചതായി കമ്പനിയുടെ ധനകാര്യ ഡയറക്ടർ അനൂജ് ജെയിൻ വ്യക്തമാക്കി. ഇതിനുപുറമെ,

കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് തന്നെ എണ്ണ, എൽപിജി കപ്പലുകൾ നിർമിക്കുന്നതിനുള്ള സാധ്യതകളും കമ്പനി പരിശോധിച്ചുവരികയാണ്.

നിലവിൽ ടൈം ചാർട്ടർ, വോയേജ് ചാർട്ടർ സംവിധാനങ്ങളിലൂടെയാണ് ഇന്ത്യൻ ഓയിൽ പ്രധാനമായും കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത്. സ്വന്തം കപ്പലുകൾ സ്വന്തമാക്കുന്നതിലൂടെ ചരക്കുനീക്കത്തിൽ കൂടുതൽ നിയന്ത്രണവും വിതരണ ശൃംഖലയിൽ സ്ഥിരതയും ഉറപ്പാക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

കപ്പൽ ഗതാഗത ചെലവിലുണ്ടായ വൻ വർധനയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഘടകം. സാധാരണയായി ടണ്ണിന് ഏകദേശം 40 ഡോളറായിരുന്ന എൽപിജി ചരക്കുനീക്ക നിരക്ക് സ്പോട്ട് വിപണിയിൽ 160–180 ഡോളറായി ഉയർന്നു. പുറത്തുനിന്ന് എണ്ണ എത്തിക്കാൻ പുതിയ കപ്പലുകൾ വാടകയ്‌ക്കെടുക്കുമ്പോൾ ബാരലിന് 8–10 ഡോളർ വരെ നൽകണം. എന്നാൽ നിലവിൽ കരാറിലുള്ള കപ്പലുകൾക്ക് ഇന്ത്യൻ ഓയിൽ നൽകുന്നത് വെറും 2–2.50 ഡോളർ മാത്രമാണ്.

നിലവിൽ മൂന്ന് ക്രൂഡ് ഓയിൽ കപ്പലുകളും ഒൻപത് എൽപിജി കപ്പലുകളും ടൈം ചാർട്ടർ അടിസ്ഥാനത്തിൽ കമ്പനിക്കുണ്ട്. അതേസമയം, ഇറക്കുമതി സ്രോതസ്സുകളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റഷ്യയിൽനിന്നാണ് കമ്പനിയുടെ ക്രൂഡ് ആവശ്യകതയുടെ 55 ശതമാനവും എത്തിയത്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് 24 ശതമാനവും ആഫ്രിക്കയിൽനിന്ന് 10 ശതമാനവും ബ്രസീലിൽനിന്ന് ഏഴ് ശതമാനവും ലഭിച്ചു. സ്പോട്ട് വിപണിയിൽനിന്നുള്ള ക്രൂഡ് വാങ്ങൽ മുൻ സാമ്പത്തിക വർഷത്തെ 50 ശതമാനത്തിൽനിന്ന് 87 ശതമാനമായി ഉയരുകയും ചെയ്തു. ഇതിനൊപ്പം അസംസ്കൃത എണ്ണയുടെ സംഭരണശേഷിയും വർധിപ്പിച്ചിട്ടുണ്ട്.

സാധാരണ 33–35 ദിവസത്തേക്കുള്ള ക്രൂഡ് ശേഖരത്തിന് പകരം നിലവിൽ 39 ദിവസത്തേക്കുള്ള കരുതൽ ശേഖരമുണ്ട്. എൽപിജിയുടെ 20 ദിവസത്തേക്കും പെട്രോൾ, ഡീസൽ എന്നിവയുടെ 23–25 ദിവസത്തേക്കുമുള്ള ശേഖരവും കമ്പനി നിലനിർത്തുന്നു. ആഗോള സംഘർഷങ്ങൾക്കിടയിലും രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കാനും ഇറക്കുമതിയിലെ അനിശ്ചിതത്വം കുറയ്ക്കാനുമുള്ള ദീർഘകാല നീക്കമായാണ് ഇന്ത്യൻ ഓയിലിന്റെ ഈ തന്ത്രമാറ്റം വിലയിരുത്തപ്പെടുന്നത്.

Content Highlights: Indian Oil Rethinks Crude and LPG Import Strategy Amid West Asia Shipping Disruptions; Plans to Buy Own Tankers as Freight Costs Surge Fourfold

dot image
To advertise here,contact us
dot image