ദീപാവലി ആഘോഷങ്ങൾക്കിടെ രാജ്യത്തുടനീളം അപകടങ്ങൾ; 5 പേർക്ക് ദാരുണാന്ത്യം, 300ലേറെ പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ മാത്രം ആംബുലൻസിനായി 16,079 കോളുകളാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത്.

ദീപാവലി ആഘോഷങ്ങൾക്കിടെ രാജ്യത്തുടനീളം അപകടങ്ങൾ; 5 പേർക്ക് ദാരുണാന്ത്യം, 300ലേറെ പേർക്ക് പരിക്ക്
dot image

ന്യൂ ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കിടെ രാജ്യത്തുടനീളമുണ്ടായ അപകടങ്ങളിൽ 5 മരണം. വിവിധ സംസ്ഥാനങ്ങളിലായി 300ലേറെ പേർക്ക് പരിക്ക്. ഡൽഹി, തമിഴ് നാട്, രാജസ്ഥാൻ, പൂനൈ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. തമിഴ് നാട്ടിൽ മാത്രം 269 പേർ പൊള്ളലേറ്റ് ചികിത്സ തേടിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഹൈദരാബാദിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി കണ്ണിന് പരിക്കേറ്റ 32 പേർ ചികിത്സ തേടി. ഇവരിൽ ഒരാളുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈൽ മാത്രം 28 തീപിടിത്തങ്ങളുണ്ടായി. ഡോംഗ്രി – ഹാജി കാസം ചൗളിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു. നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

മുംബൈ അന്ധേരിയിലെ 27 നില കെട്ടിടത്തിലെ തീപിടിത്തത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ ശ്വാസംമുട്ടി മരിച്ചു. അന്ധേരി വെസ്റ്റിലെ റൺവാൾ എലഗന്റെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. പതിനേഴാം നിലയിലായിരുന്നു തീപിടിത്തം. പുക ശ്വസിച്ച് ലിഫ്റ്റ് ഓപ്പറേറ്റർ ധൻപത് മഹാതുവാണ് മരിച്ചത്. ദീപാവലി പൂജയുടെ ദീപത്തിൽ നിന്നാണ് തീ പടർന്നത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ഫാൽനയിൽ പടക്കക്കടയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു, മൂന്നുപേരെ കാണാതായി. പടക്കത്തിൽ നിന്നും ഒരു തീപ്പൊരി കടയിൽ വീണതാണ് അപകട കാരണം. ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു. ഡൽഹി നരേല രാജീവ് കോളനിയിൽ റോക്കറ്റ് പടക്കം വയറ്റിൽ തട്ടി പത്തു വയസുകാരൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലക്ഷ്മി പൂജയോടനുബന്ധിച്ച് പൂനെയിൽ 63 ഇടത്ത് തീപിടുത്തമുണ്ടായതായി റിപ്പോർട്ടുണ്ട്. എല്ലാ സംഭവങ്ങൾക്കും കാരണം പടക്കം പൊട്ടിച്ചതാണ്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഈ സംഭവങ്ങളിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പടക്കങ്ങളുടെ വ്യാപകമായ പൊട്ടിത്തെറി നഗരത്തിലെ വായു ഗുണനിലവാരത്തെയും ബാധിച്ചിട്ടുണ്ട്. നാഗ്പൂരിലുണ്ടായ തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. സിക്കിമിലെ ഗവർണമെൻ്റ് ക്വാർട്ടേഴ്സിന് തീപിടിച്ചു. ജമ്മുവിലെ ചരിത്രപ്രസിദ്ധമായ നെഹ്‌റു മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു ഡസൻ കടകൾ കത്തിനശിച്ചു.

തമിഴ് നാട്ടിൽ മാത്രം ആംബുലൻസിനായി 16,079 കോളുകളാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത്. ഇതിൽ 98 കോളുകൾ പൊള്ളലുമായി ബന്ധപ്പെട്ടവയായിരുന്നു. അപകടങ്ങളുമായി ബന്ധപ്പെട്ട് 2,475 കോളുകളും നിസ്സാര പരിക്കുകളുമായി ബന്ധപ്പെട്ട് 396 കോളുകളും ലഭിച്ചു. അടിയന്തര സേവനങ്ങൾക്കായി 1,283 ആംബുലൻസുകളാണ് സംസഥാനത്തുടനീളമായി വിന്യസിച്ചത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഈ കാലയളവിൽ ആകെ 1,387 പേരെ ചികിത്സക്കായി പ്രവേശിപ്പിച്ചു. തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ പൊള്ളലേറ്റവരെ ചികിത്സിച്ചത്. മധുര, ചെങ്കൽപട്ട്, തൂത്തുക്കുടി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും നിരവധി പേർ ചികിത്സ തേടി.

Content Highlights: Diwali celebrations across India resulted in five deaths and over 300 injuries. Tamil Nadu reported 269 burn cases, while fire incidents and firecracker accidents were reported in several states.

dot image
To advertise here,contact us
dot image