

ന്യൂദല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്കും വലിയ ആഘാതമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. നവംബര്‍ പത്തിന് പുറത്തിറങ്ങുന്ന തന്റെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ നമ്മുടെ രാജ്യത്തിന്റെ ഘടനയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഈ സര്‍ക്കാര്‍ പുറത്ത് പോയാല്‍ പോലും നമ്മുടെ സംവിധാനങ്ങളെ വീണ്ടും ആരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സമയമെടുക്കും; അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വലിയ പരിശ്രമം ആവശ്യമാണ്,' സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതിയെയും ഭാവി സാധ്യതകളെയും കുറിച്ച് തനിക്ക് നിരാശയല്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. 'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കോണ്‍ഗ്രസിനോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ തുല്യമായ മത്സരരംഗം (level playing field) ലഭിച്ചിട്ടില്ല എന്നത് പരിഗണിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും അവര്‍ക്ക് പൂര്‍ണമായും പിടിമുറുക്കിയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളെ അവര്‍ നിയന്ത്രിക്കുന്നു. പണത്തിന്റെ ശക്തിയും മതത്തിന്റെ ചൂഷണവും അവര്‍ നടത്തുന്നു. എന്നിരുന്നാലും, നമ്മുടെ പാര്‍ട്ടി പോരാടുകയും മുന്നേറുകയും ചെയ്യുന്നുണ്ട്. ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശേഷി കാണിച്ച ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്,' അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും എല്ലാവിധ പീഡനങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും, ഭരണഘടനാ മൂല്യങ്ങള്‍ക്കായി ഓരോ ഗ്രാമത്തിലും ജില്ലയിലും അവര്‍ പോരാടുകയാണെന്ന് അവര്‍ പറഞ്ഞു. സമീപ മാസങ്ങളില്‍ നടന്ന പല തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ട്. കോണ്‍ഗ്രസ് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്, ഞങ്ങളുടെ സാധ്യതകള്‍ ദിനംപ്രതി മെച്ചപ്പെടുന്നുമുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസിന് എന്തെങ്കിലും പഠിക്കാനുണ്ടോ എന്ന ചോദ്യത്തിന്, 'അദ്ദേഹം തികച്ചും വ്യത്യസ്തമായ ഒരു പ്രത്യയശാസ്ത്ര ലോകത്തു നിന്നാണ് വരുന്നത് എന്നത് സത്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഷ്ട്രീയമായി വിജയകരമായി ഉയര്‍ന്നുവന്ന നിരവധി പേരുകളുണ്ട്; ഉദാഹരണത്തിന് ഡോ. മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ആര്‍എസ്എസില്‍ നിന്ന് ഞങ്ങള്‍ക്ക് പഠിക്കാന്‍ വലിയ കാര്യങ്ങളൊന്നുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,' എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി.
ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ (Harper Collins India) പ്രസിദ്ധീകരിക്കുന്ന 544 പേജുകളുള്ള സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയിലെ വെനെറ്റോയിലെ കുട്ടിക്കാലം, 1965ല്‍ കേംബ്രിഡ്ജില്‍ വെച്ച് രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്, അവരുടെ വിവാഹം, ഇന്ത്യയിലേക്കുള്ള വരവ് എന്നിവയടക്കമുള്ള ഭാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വേര്‍പാടുകളും, 2004ലെ കോണ്‍ഗ്രസ് വിജയം, പ്രധാനമന്ത്രി പദം നിരസിച്ചത് എന്നിവയും പുസ്‌കത്തിലുണ്ട്. പുസ്തകം പുറത്തിറങ്ങുമ്പോള്‍ രാഷ്ട്രീയത്തില്‍ ചില 'തമാശകള്‍' പ്രതീക്ഷിക്കാം എന്ന് സോണിയ ഗാന്ധി മുമ്പ് പ്രതികരിച്ചിരുന്നു.
മുന്‍പ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ (Penguin Random House India) ഈ പുസ്തകത്തില്‍ നിന്ന് പിന്മാറിയപ്പോള്‍, മോദി, ആര്‍.എസ്.എസ്, ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യസമ്മര്‍ദം പെന്‍ഗ്വിന്‍ നിഷേധിക്കുകയും, ചര്‍ച്ചകള്‍ വഴിമുട്ടിയതിനാലാണ് പിന്മാറിയതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Content Highlight: Sonia Gandhi says the Narendra Modi government's 12 years in power have dealt a major blow to India's democracy, constitutional institutions and social fabric.