'ഇഡി സൂപ്പര്‍ പൊലീസല്ല'; നിയമപരമായ ചട്ടക്കൂടുകളെ മറികടന്നുകൊണ്ട് ഇടപെടാന്‍ അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി

PMLA ആക്ട് പ്രകാരം ഇ ഡിക്ക് ലഭിക്കുന്ന അധികാരങ്ങള്‍ സ്വതന്ത്രമായവ അല്ലെന്നും മറിച്ച് മറ്റ് നിയമവ്യവസ്ഥകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി

'ഇഡി സൂപ്പര്‍ പൊലീസല്ല'; നിയമപരമായ ചട്ടക്കൂടുകളെ മറികടന്നുകൊണ്ട് ഇടപെടാന്‍ അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി
dot image

ബെംഗളൂരു: തങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന എന്തിനെക്കുറിച്ചും അന്വേഷണം നടത്താന്‍ കഴിയുന്ന ഒരു 'സൂപ്പര്‍ പൊലീസല്ല' എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റെന്ന് കര്‍ണാടക ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരപരിധിക്ക് വ്യക്തമായ അതിരുകള്‍ നിശ്ചയിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. നിയമപരമായ ചട്ടക്കൂടുകളെ മറികടന്നുകൊണ്ട്, കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിനാവശ്യമായ അടിസ്ഥാനം സ്വതന്ത്രമായി സൃഷ്ടിക്കാന്‍ ഇ ഡിക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പിഎംഎല്‍എ ആക്ട് പ്രകാരം ഇ ഡിക്ക് ലഭിക്കുന്ന അധികാരങ്ങള്‍ സ്വതന്ത്രമായവ അല്ലെന്നും മറിച്ച് മറ്റ് നിയമവ്യവസ്ഥകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് അടിസ്ഥാനമായ പ്രാഥമിക കുറ്റം നിലനില്‍ക്കുന്നില്ലെങ്കില്‍, ആ നിയമത്തിന് കീഴിലുള്ള തുടര്‍നടപടികള്‍ക്കും നിലനില്‍പ്പുണ്ടാവില്ലെന്നും കോടതി പറഞ്ഞു. ഇതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെ വൈ നഞ്ചെഗൗഡയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ക്കെതിരെ ഇഡി ആരംഭിച്ച ഇസിഐആര്‍ നടപടികള്‍ ജസ്റ്റിസ് എം ഐ അരുണ്‍ റദ്ദാക്കി. ഏജന്‍സി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച നടപടികളും കോടതി റദ്ദാക്കി. കൂടാതെ, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി ശരിവെച്ചുകൊണ്ട് പിഎംഎല്‍എ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

കോലാര്‍-ചിക്കബല്ലാപ്പൂര്‍ ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിലെ (KOMUL) ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇഡി നടത്തിയ അന്വേഷണത്തില്‍ നിന്നുണ്ടായ ഒരു കൂട്ടം ഹര്‍ജികളിലാണ് ഈ വിധി വന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ ഡി നിരന്തരം പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ ശ്രമം തുടരുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഇത്തരം ഒരു നിരീക്ഷണം ഹൈക്കോടതിയില്‍ നിന്നുണ്ടാകുന്നത്. ഇ ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ സൃഷ്ടിക്കുകയും പിന്നാലെ ഇവരെ ബിജെപി പാളയത്തിലേക്കെത്തിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതി എന്നാണ് രാഹുല്‍ ഗാന്ധി അടക്കം ഉയര്‍ത്തുന്ന വിമര്‍ശനം. ബിജെപി അംഗത്വം എടുക്കുന്നതോടുകൂടി ഇവര്‍ക്കെതിരായ ഇഡി അന്വേഷണം ഇല്ലാതാകുകയും ചെയ്യുമെന്ന വിമര്‍ശനവും ശസക്തമാണ്.

Content Highlights: The Karnataka High Court has observed that the Enforcement Directorate is not a 'super police' agency with unrestricted powers to investigate anything that comes to its attention. The court said the agency must operate within clearly defined legal limits and cannot independently create grounds for a money laundering investigation by bypassing the established legal framework.

dot image
To advertise here,contact us
dot image