E20, 420 ആയി; പെട്രോളില്‍ എഥനോളിന്റെ അളവ് അനുവദിച്ചതിലും കൂടുതലെന്നെ റിപ്പോർട്ട്, മോദിയോട് ചോദ്യവുമായി രാഹുൽ

കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളില്‍ എഥനോളിന്റെ അളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 20 ശതമാനം പരിധിയിലും കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം

E20, 420 ആയി; പെട്രോളില്‍ എഥനോളിന്റെ അളവ് അനുവദിച്ചതിലും കൂടുതലെന്നെ റിപ്പോർട്ട്, മോദിയോട് ചോദ്യവുമായി രാഹുൽ
dot image

ന്യൂദല്‍ഹി: E20 പെട്രോള്‍ വിവാദത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളില്‍ എഥനോളിന്റെ അളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 20 ശതമാനം പരിധിയിലും കൂടുതലാണെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. E20 പെട്രോള്‍ 420 ആയി മാറിയെന്നും ജനങ്ങളുടെ കാറുകളില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇന്ത്യൻ പീനൽ കോഡിലെ വഞ്ചന വകുപ്പ് ഉൾപ്പെടുന്ന 420 ആയുധമാക്കിയാണ് വിമർശനം.

കര്‍ണാടകയിലെ 7 ജില്ലകളില്‍ (ബെംഗളൂരു, കോലാര്‍, ചിക്കബെല്ലാപ്പുര, ബെംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു, തുമകുരു) നിന്ന് ശേഖരിച്ച 14 പെട്രോള്‍ സാമ്പിളുകളില്‍ 11 എണ്ണത്തിലും 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് അക്രഡിറ്റഡ് ലബോറട്ടറി പരിശോധനയില്‍ വ്യക്തമായതായി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Also Read:

'മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വിലകൂടിയ പെട്രോളിന് പണം നല്‍കുമ്പോള്‍ നിങ്ങളുടെ വാഹത്തില്‍ നിറയ്ക്കുന്നത് എഥനോളാണ്. ഇതിന്റെ നഷ്ടം ആര്‍ക്കാണ്? നിങ്ങള്‍ക്ക്.

ഇത്രയധികം എഥനോള്‍ ഉപയോഗിക്കാവുന്ന തരത്തില്ല നിങ്ങളുടെ വാഹനം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇത് കാരണം വാഹനത്തിന്റെ മൈലേജിലും കുറവ് വരും. ഇടയ്ക്കിടെ വര്‍ക്ക്ഷോപ്പുകള്‍ കയറിയിറങ്ങേണ്ടിവരുന്നു. ഏറെ ആഗ്രഹത്തോടെ വാങ്ങിയ നിങ്ങളുടെ വാഹനം നശിച്ചുകൊണ്ടിരിക്കുകയാണ്.

E20 Petrol
E20 പെട്രോള്‍

അതുമാത്രമല്ല, പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ ടാങ്കില്‍ എന്താണ് ഒഴിക്കുന്നതെന്ന് അറിയാനുള്ള ഒരു സംവിധാനം പോലുമില്ല. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരവുമില്ല. മോദിജി, പറയൂ, രാജ്യത്തിന്റെ ഇന്ധനടാങ്കില്‍ എന്താണ് നിറയ്ക്കുന്നത്? പെട്രോളില്‍ യഥാര്‍ഥത്തില്‍ എത്ര ശതമാനം എഥനോളാണുള്ളത്? 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ എപ്പോഴാണ് നടപടിയെടുക്കുക?' രാഹുല്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സാമ്പിളുകളില്‍ 31.2% എഥനോളും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ സാമ്പിളുകളില്‍ 30.5% എഥനോളും അടങ്ങിയിട്ടുണ്ടെന്ന് പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ കൂടാതെ സ്വകാര്യ കമ്പനികളായ നയാറ (Nayara), ഷെല്‍ (Shell) എന്നിവയും നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയതായി ആരോപിക്കപ്പെടുന്നു.

Also Read:

ഇത്തരം ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കാനും എന്‍ജിന്‍ ഭാഗങ്ങളുടെ കേടുപാടുകള്‍ക്കും വഴിവെക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍ നല്‍കുന്ന ഇന്ധനത്തില്‍ എത്രത്തോളം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ലേബലിംഗ് ഇല്ലെന്നും ഉപഭോക്താക്കള്‍ക്ക് വഞ്ചന നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ഈ ആരോപണങ്ങള്‍ തള്ളി സംയുക്ത പ്രസ്താവന ഇറക്കി. സാമ്പിളുകള്‍ ശേഖരിച്ച രീതി ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും, തങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് ലാബ് പരിശോധനകള്‍ നടത്തിയതെന്നമാണ് ഇവരുടെ വാദം.

Content Highlight: Congress leader and Leader of Opposition in the Lok Sabha Rahul Gandhi has criticised the Centre over the E20 petrol controversy. Citing petrol samples collected from various districts in Karnataka, he claimed that the ethanol content exceeded the government-prescribed limit of 20%. In a post on X, Rahul described E20 petrol as having turned into 'E20 420' and alleged that petrol was being stolen from people's cars.

dot image
To advertise here,contact us
dot image