

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി. സംവാദത്തിന് വരൂവെന്നും സംവാദം നിയന്ത്രിക്കാന്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ വിളിക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ വിദേശ ശക്തികളുമായി ആര്‍ക്കാണ് ബന്ധമുള്ളത്? രാജ്യദ്രോഹികളാരെന്ന് ജനം തിരിച്ചറിയട്ടെയെന്നും രാഹുല്‍ ഗാന്ധി എക്സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
'24 മണിക്കൂര്‍ കഴിഞ്ഞു, മോദിജി, ഞാന്‍ താങ്കളെ വെല്ലുവിളിച്ചിട്ട്. പ്രതിപക്ഷം രാജ്യവിരുദ്ധമാണെന്ന് താങ്കള്‍ പറയുന്നു. ഏത് വേദിയിലും ഏത് സ്ഥലത്തും താങ്കള്‍ക്ക് എന്നോടൊപ്പം ഒരു തുറന്ന സംവാദത്തിന് തയ്യാറാകാം. വിദേശശക്തികളുമായി ബന്ധമുള്ളത് ആര്‍ക്കാണ്? ആ ബന്ധങ്ങളുടെ സ്വഭാവം എന്താണ്? ഈ വിഷയങ്ങളില്‍ നമുക്ക് തുറന്ന് സംവദിക്കാം' രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
എത്രയും വേഗം അത് സംഭവിക്കട്ടെ. നമ്മള് രണ്ടു പേരും മാധ്യമങ്ങളും രാജ്യത്തെ യുവാക്കളും അതിന് സാക്ഷികളായിരിക്കും. നടുവില്‍ ഒരു മേശയുണ്ടാകും. താങ്കള്‍ ഒരു വശത്തും ഞാന്‍ മറുവശത്തും ഇരിക്കും. വിധികര്‍ത്താവായി താങ്കള്‍ക്ക് ആരെ വേണമെങ്കിലും നിയോഗിക്കാം. മോഹന്‍ ഭഗവത് ജിയെപ്പോലും വിധികര്‍ത്താവാക്കാം.

'സാമ്പത്തിക വ്യവസ്ഥ, സാമ്പത്തിക ഘടന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. അമേരിക്കയുമായുള്ള കരാര്‍ എങ്ങനെയുണ്ടായി? എന്തുകൊണ്ടാണ് ഇത്ര വേഗത്തില്‍ കരാറിലെത്തിയത്? എന്തുകൊണ്ടാണ് താങ്കള്‍ ഒറ്റയ്ക്ക് ഇതില്‍ തീരുമാനമെടുത്തത്? മന്ത്രിസഭയെ അറിയിക്കാതിരുന്നത് എന്തുകൊണ്ട് അദാനി കേസ് എന്തുകൊണ്ട് അവസാനിപ്പിച്ചു?' എന്നീ ചോദ്യങ്ങളും മോഹന്‍ ഭാഗവത് ഉന്നയിച്ചു.
എല്ലാം തുറന്നുപറയട്ടെ. സത്യം പുറത്തുവരട്ടെ. ഓരോ കാര്യത്തിലും വ്യക്തതയുണ്ടാകട്ടെ. പ്രധാനമന്ത്രി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടല്ലോ. എങ്കില്‍ താങ്കള്‍ മുന്നോട്ടുവരൂ. എല്ലാം വ്യക്തമാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മറ്റ് വിഷയങ്ങളില്‍ മോദി തനിക്കെതിരെ മാനനഷ്ടക്കേസുകള്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 45 മാനനഷ്ടക്കേസുകളാണെന്നാണ് ഓര്മ. എന്നാല്‍ വിദേശബന്ധങ്ങളെക്കുറിച്ചുള്ള ഈ സംവാദത്തിന്റെ കാര്യത്തില്‍ മോദി ഇതുവരെ മാനനഷ്ടക്കേസ് നല്‍കിയിട്ടില്ല. വേണമെങ്കില്‍ അതും നല്‍കാം. ആ വിഷയവും തുറന്ന് ചര്‍ച്ച ചെയ്യാമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
Content Highlights: Rahul Gandhi challenges PM Modi to an open debate on foreign links, the US deal, Adani case and allegations of anti-national connections