'ജനപ്രീതി വര്‍ധിക്കുന്നു, സുരക്ഷ കൂട്ടണം'; കേന്ദ്രത്തോട് ആവശ്യപ്പെട്ട് തേജ് പ്രതാപ് യാദവ്

സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ തനിക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ മാത്രമേ നല്‍കിയിട്ടുള്ളൂ എന്നത് ആശങ്കാജനകമാണെന്നും തേജ് പ്രതാപ്

'ജനപ്രീതി വര്‍ധിക്കുന്നു, സുരക്ഷ കൂട്ടണം'; കേന്ദ്രത്തോട് ആവശ്യപ്പെട്ട് തേജ് പ്രതാപ് യാദവ്
dot image

ന്യൂഡല്‍ഹി: റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് പിന്നാലെ ജനപ്രീതി വര്‍ധിക്കുന്നുവെന്നും അതിനാല്‍ തന്‌റെ സുരക്ഷ കൂട്ടണമെന്നും ആവശ്യപ്പെട്ട് ജെജെഡി അധ്യക്ഷന്‍ തേജ് പ്രതാപ് യാദവ്. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് ചുറ്റിലും ആളുകള്‍ കൂടുന്നുണ്ട്. ഇത് തന്‌റെ സുരക്ഷയിലെ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാരും ബിഹാര്‍ സര്‍ക്കാരും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നുമാണ് തേജ് പ്രതാപിന്‌റെ ആവശ്യം.

അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് തന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചതായും പൊതുസ്ഥലങ്ങളില്‍ ധാരാളം ആളുകള്‍ ഫോട്ടോ എടുക്കാന്‍ തന്റെ അടുത്തേക്ക് വരാന്‍ തുടങ്ങിയതായും തേജ് പ്രതാപ് എക്‌സില്‍ കുറിച്ചു. ഇത് തനിക്ക് മാത്രമല്ല, നിലവില്‍ തനിക്ക് നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥനും അപകടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ തനിക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ മാത്രമേ നല്‍കിയിട്ടുള്ളൂ എന്നത് ആശങ്കാജനകമാണ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. കേന്ദ്ര, ബിഹാര്‍ സര്‍ക്കാരുകളോട് പലതവണ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും പരിഹാരമായില്ലെന്നും അദ്ദേഹം പറഞ്ഞു.

Tej Pratap Yadav

'എനിക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതി, പൊതുപരിപാടികളിലെ വലിയ ജനക്കൂട്ടം, ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ എന്നിവ കണക്കിലെടുത്ത്, കേന്ദ്ര, ബിഹാര്‍ സര്‍ക്കാരുകള്‍ ഈ വിഷയം മനസ്സിലാക്കണമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. എനിക്കോ എന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണോ?', കാലതാമസമില്ലാതെ മതിയായ സംരക്ഷണം നല്‍കണമെന്നും തേജ് ആവശ്യപ്പെട്ടു.

2025 മെയ് 25-നാണ് ലാലു പ്രസാദ് യാദവ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയത്. ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചതിന് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും തേജ് പ്രതാപിനെ പുറത്താക്കുന്നുവെന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. അതിന് പിന്നാലെ ജനശക്തി ജനതാദള്‍ (ജെജെഡി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ആര്‍ജെഡിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും തേജ് പ്രതാപ് വ്യക്തമാക്കിയിരുന്നു. ആര്‍ജെഡിയിലേക്ക് മടങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നാണ് തേജ് പ്രതാപ് യാദവ് പറഞ്ഞത്. അധികാരത്തോട് ആര്‍ത്തിയില്ലെന്നും അതിനേക്കാള്‍ ആദര്‍ശത്തിനും ആത്മാഭിമാനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു.

Content Highlights: tej pratap yadav seeks enhanced security after reality show popularity

dot image
To advertise here,contact us
dot image