

കാശ്മീര്‍: ജമ്മു കാശ്മീര്‍ ഹൈക്കോടതി രൂപീകരിച്ച് ഏകദേശം ഒരു നൂറ്റാണ്ട് പിന്നിടുമ്പേള്‍ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് ബെഞ്ച്. സമുദ്ര നിരപ്പില്‍ നിന്ന് 3.500 മീറ്റര്‍ ഉയരത്തിലുള്ള ലേയിലാണ് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ബെഞ്ച് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പ്രദേശത്ത് ഒരു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നത്. 'നമ്മുടെ രാജ്യത്ത് മറ്റേതെങ്കിലും ഹൈക്കോടതി ഇത്രയും ഉയര്‍ന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാല്‍, ഈ കോടതി എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതല്ല ഇന്ന് പ്രധാനം. മറിച്ച്, തങ്ങള്‍ സേവനം നല്കുന്ന ജനങ്ങളോട് ഈ കോടതി എത്രത്തോളം അടുത്ത് നില്ക്കുന്നു എന്നതാണ് പ്രധാനം.' എന്ന് ഉദ്ഘാടന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
1928 മാര്‍ച്ച് 26 നാണ് ജമ്മു കാശ്മീര്‍ ഹൈക്കോടതി സ്ഥാപിക്കപ്പെടുന്നത്. ചീഫ് ജസ്റ്റിസ് ലാല കന്‍വാര്‍ സെയിന്‍ ഉള്‍പ്പെടെ മൂന്ന് ജഡ്ജിമാരായിരുന്ന ആന്ന് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതിയും കഠിനമായ ശൈത്യകാലവും കാരണം, പലര്‍ക്കും കോടതി ചെലവുകളെക്കാള്‍ വലിയ വെല്ലുവിളിയായിരുന്നു കോടതിയിലെത്തുക എന്നത്. 2019-ല്‍ ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയതിന് ശേഷമാണ്, ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ പേര് 'ജമ്മു കശ്മീര്‍ ആന്‍ഡ് ലഡാക്ക് ഹൈക്കോടതി' എന്ന് മാറ്റിയതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുഷ്പേന്ദ്ര കുമാര്‍ ഭാട്ടിയ പറഞ്ഞു. ലഡാക്കിലെ ജനങ്ങളോട് മലമ്പാതകള്‍ താണ്ടി കോടതിയിലെത്താന്‍ ആവശ്യപ്പെടുന്നതിന് പകരം, ഹൈക്കോടതി തന്നെ ആ മലമ്പാതകള്‍ കടന്ന് ലഡാക്കിലേക്ക് എത്തിയിരിക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ടരമണി, ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന എന്നിവര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിന്റെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
എന്നാല്‍ ലേയില്‍ ഹൈക്കോടതി ബെഞ്ച് സ്ഥാപിച്ചാല്‍ പോലും, ഈ മേഖലയിലെ വിദൂര ഗ്രാമങ്ങളിലുള്ളവരുടെ വീട്ടുവാതില്ക്കല് നീതി എത്തിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സാങ്കേതികവിദ്യയും നിയമസഹായ സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിയിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത് കോടതി വളപ്പിലല്ല, മറിച്ച് നീതി തേടുന്ന വ്യക്തിയുടെ വീട്ടുവാതില്ക്കലാണ്. നിയമസേവന സമിതി മുഖേന ഈ കടമ ഹൈക്കോടതിക്കും നിക്ഷിപ്തമാണ്. നിയമസേവന അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ലഡാക്കില്‍ നീതിക്കായി കാത്തിരിക്കുന്ന ഓരോ വീടുകളിലും എത്തി ഹൈക്കോടതി ഈ ഉത്തരവാദിത്തം നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലഡാക്ക് ബെഞ്ചിലെ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ ആവശ്യാനുസരണം ലഭ്യമായാല്‍, ലഡാക്കില്‍ നിന്നുള്ള എല്ലാ കേസുകളും സുപ്രീം കോടതി ഒരു പ്രത്യേക ദിവസത്തേക്ക് നിശ്ചയിക്കുകയും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിത്തന്നെ തുടര്‍ച്ചയായ ദിവസങ്ങളില്‍ അവയില്‍ വാദം കേള്‍ക്കുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 'ഇന്ന് ലഡാക്കിലോ, കാര്‍ഗിലിലോ നുബ്രയിലോ ഉള്ള ഒരു ക്ലാസ് മുറിയില്‍, ഭാവിയില്‍ ഈ കോടതിയില്‍ തന്റെ ആദ്യ കേസില്‍ വാദിക്കുകയും, ഒരുപക്ഷേ ഒരു ജഡ്ജിയായി ഈ ബെഞ്ചില്‍ ഇരിക്കുകയും ചെയ്തേക്കാവുന്ന ഒരു കൊച്ചു കുട്ടിയുണ്ട്. ആ ദിവസം വരുമ്പോള്‍, ഈ ബെഞ്ച് ലഡാക്കില്‍ എത്തിച്ചേരുക മാത്രമല്ല, അവിടെ വേരുറപ്പിക്കുകയും ചെയ്തു എന്ന് നമുക്ക് മനസ്സിലാക്കാം, എന്നും സൂര്യകാന്ത് പ്രത്യാശിച്ചു.
Content Highlights: Chief Justice Surya Kant inaugurated a Jammu and Kashmir High Court bench in Leh, Ladakh, located around 3,500 metres above sea level. The inauguration marks a milestone for judicial access in the Union Territory. Addressing the ceremony, the Chief Justice said the key measure of a court’s importance is not its altitude but how close it remains to the people it serves.