2027 സെൻസസ് നടപടികളിൽ രാഷ്ട്രീയ ഇടപെടലിന് വഴിയൊരുക്കുന്നു: ചട്ടങ്ങളിൽ മാറ്റം വരുത്തിയതിനെതിരെ കോൺഗ്രസ്

ഉദ്യോഗസ്ഥരുടെ യോഗ്യതാ പരിധി വിപുലീകരിച്ച കേന്ദ്രസർക്കാർ നടപടി ആർഎസ്എസിനും ബിജെപിക്കും അനുകൂലമാകുമെന്നാണ് കോൺ​ഗ്രസ് ആരോപണം

2027 സെൻസസ് നടപടികളിൽ രാഷ്ട്രീയ ഇടപെടലിന് വഴിയൊരുക്കുന്നു: ചട്ടങ്ങളിൽ മാറ്റം വരുത്തിയതിനെതിരെ കോൺഗ്രസ്
dot image

ന്യൂഡൽഹി: 2027ലെ സെൻസസ് നടപടികളിൽ രാഷ്ട്രീയ ഇടപെടലിന് വഴിയൊരുക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കാവുന്ന ഉദ്യോഗസ്ഥരുടെ യോഗ്യതാ പരിധി വിപുലീകരിച്ച കേന്ദ്രസർക്കാർ നടപടി ആർഎസ്എസിനും ബിജെപിക്കും അനുകൂലമാകുമെന്നാണ് കോൺ​ഗ്രസ് ആരോപണം. ആയിരക്കണക്കിന് ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് അവസരം നൽകുന്നതിനുള്ള നീക്കമാണിതെന്നാണ് കോൺ​ഗ്രസ് നേതാവ് ജയറാം രമേശിൻ്റെ പ്രതികരണം.

ജൂലൈ 10 മുതൽ 12 വരെ കർണാടകയിലെ ബെൽഗാമിൽ ആർഎസ്എസ് പ്രവർത്തകർക്കായി വലിയ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നുവെന്നും സെൻസസ് 2027 ആയിരുന്നു ക്യാംപിന്റെ പ്രധാന അജണ്ടയെന്നും ജയറാം രമേശ് ആരോപിച്ചു. ഒക്ടോബർ 14-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ മാറ്റങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി പൊതുജനങ്ങളിൽ നിന്നും ഇന്ത്യൻ, വിദേശ സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചതിനെയും അദ്ദേഹം വിമർശിച്ചു. സമിതിയിലെ അംഗങ്ങൾക്ക് ആർഎസ്എസ് സംവിധാനങ്ങളുമായി ബന്ധമുണ്ടെന്നും അതിനാൽ ലഭിക്കുന്ന നിർദേശങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ആശങ്കയുണ്ടെന്നുമാണ് ജയറാം രമേശ് എക്സിലെ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. സെൻസസ് നടപടികൾ രാഷ്ട്രീയമായി സ്വാധീനിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നേരത്തേ തന്നെ ദുർബലമാക്കപ്പെട്ട സെൻസസിന്റെ വിശ്വാസ്യത പുതിയ നീക്കത്തോടെ കൂടുതൽ തകരുമെന്നും ജയറാം രമേശ് മുന്നറിയിപ്പ് നൽകി. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ എസ്‌ഐആറിനെ (SIR) പോലെ സെൻസസും രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റിമറിക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

2026 ഒക്ടോബർ 16-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ സെൻസസ് ചട്ടങ്ങൾ 1990 ഭേദഗതി ചെയ്തിരുന്നു. സെൻസസ് കണക്കെടുപ്പുകാരായി (Enumerators) പ്രവർത്തിക്കാൻ അനുയോജ്യമെന്ന് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കും തോന്നുന്ന ഏതൊരാളെയും നിയോഗിക്കാൻ ഇതിലൂടെ അനുമതി ലഭിക്കും. നേരത്തേ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ, വിവിധ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ തുടങ്ങിയവരെയായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്. പുതിയ ഭേദഗതി ഈ പരിധി വിപുലീകരിക്കുന്നുവെന്നാണ് വിമർശനം. എന്നാൽ ആർഎസ്എസ്, ബിജെപി അംഗത്വമോ രാഷ്ട്രീയ ബന്ധമോ നിയമനത്തിനുള്ള മാനദണ്ഡമായി വിജ്ഞാപനത്തിൽ പറയുന്നില്ല.

അതേസമയം, സെൻസസ് ജോലികൾക്കായി സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ഹരിയാനയിലെയും ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെയും അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ചില നടപടികൾ ഹൈക്കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ട്. സെൻസസ് 2027-നായി കേന്ദ്രസർക്കാർ 11,718.24 കോടി രൂപയുടെ ചെലവിനും അംഗീകാരം നൽകിയിട്ടുണ്ട്.

Content Highlights: Congress has opposed changes to the rules for the 2027 Census, alleging that the amendments could pave the way for political interference in the census process

dot image
To advertise here,contact us
dot image