'പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നു'; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

കലാപകാരികള്‍ അവര്‍ നടത്തുന്ന ആക്രമണത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി

'പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നു'; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
dot image

പാരീസ്: ഫ്രാന്‍സില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രതിഷേധക്കാര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അക്രമികള്‍ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അക്രമികളെയും പ്രതിഷേധക്കാരെയും തമ്മില്‍ വേര്‍തിരിച്ച് കാണണം. ശനിയാഴ്ച മാത്രം 2400 പേരെ അറസ്റ്റ് ചെയ്തിരുന്നെന്നും പ്രസിഡന്റ് വ്യക്തമാക്കി. 1000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധ ലിമോഗെസ് ടൌണ്‍ഹാളിന് പ്രതിഷേധക്കാര്‍ തീവച്ചിരുന്നു.

ഞായറാഴ്ച രാജ്യത്തെ അഭിസംഭോധന ചെയ്ത് ഇമ്മാനുവൽ മാക്രോണ്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശങ്ങള്‍ ഉണ്ടായത്. കലാപകാരികള്‍ അവര്‍ നടത്തുന്ന ആക്രമണത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പൊലീസ് സന്നാഹങ്ങള്‍ അണി നിരന്നിട്ടും വലിയ ആക്രമണങ്ങളാണ് രാജ്യത്ത് അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ നമുക്ക് വേണ്ടത് ഒത്തൊരുമയും സമാധാനവുമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനപിന്തുണ നേടാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രതിഷേധങ്ങളെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. ജീവിത ചെലവുകള്‍ ഉയരുന്നതിനെതിരെയാണ് രാജ്യത്ത് വലിയ സമരം നടന്നു വരുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും തെരുവിലാണ്.

പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ മാത്രമാണ് പൂര്‍ണ്ണ ഉത്തരവാദിയെന്നും, ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജീന്‍-ലൂക്ക് മെലന്‍ഷോണ്‍ ആരോപിച്ചു. ഞായറാഴ്ച മാക്രോണ്‍ നടത്തിയ പ്രസംഗം ദയനീയവും ഭീരുത്വപരവുമാണെന്ന് തീവ്രവലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോര്‍ദാന്‍ ബാര്‍ഡെല്ല വിശേഷിപ്പിച്ചു. ഫ്രഞ്ച് ജനതയ്ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം ഇനി ഒന്നുമില്ലെന്നും, അവരെ സംരക്ഷിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: French President Emmanuel Macron expressed anger and shame over the ongoing protests, accusing some demonstrators of trying to damage the country. He said those responsible for criminal acts should face consequences and stressed the need to distinguish violent individuals from peaceful protesters. Macron said 2,400 people were arrested on Saturday, while the Interior Ministry reported injuries to 1,000 police officers. Protesters also set fire to the historic town hall in Limoges.

dot image
To advertise here,contact us
dot image