

തിരുവനന്തപുരം: നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതികരണവുമായി മുന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്. വണ്ടി ഓടിക്കുമ്പോള് ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാല് അതിന്റെ ജീവന് രക്ഷിക്കാന് ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യര് എന്നാല് ദയവും കനിവുമൊന്നുമില്ലാത്ത സമൂഹമായി നമ്മള് മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കലാ - കായികപരമായ കഴിവുകള് വളര്ത്തിയെടുത്ത് നല്ല മനുഷ്യരായി അവരെ വളര്ത്തണമെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാരുടെ സംഘടനയായ കേരള ഫിഗര് ആര്ട്ടിസ്റ്റ് കളക്ടീവിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാധാരണ മനുഷ്യരെ സംബന്ധിച്ച് ഒരു പൂച്ചയോ നായയോ വാഹനത്തിന് മുന്നില് ചാടിയാല് പെട്ടെന്ന് ബ്രേക്ക് ചവിട്ടും. വണ്ടിക്ക് എന്തെങ്കിലും സംഭവിക്കും എന്നു കരുതിയല്ല. അതിന്റെ ജീവന് രക്ഷിക്കാന്. മനസാക്ഷി ഇല്ലാത്തവനും മൃഗീയമായ മനസുള്ളവനും വണ്ടിയോടിക്കുമ്പോള് മരണമൊരു പ്രശ്നമല്ല. മുമ്പൊക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തുന്നതിന് മുമ്പ് അപകടമുണ്ടാക്കിയ വ്യക്തിക്ക് ജാമ്യം ലഭിക്കും. എന്നാല് ഇത്തവണ അതില് മാറ്റമുണ്ടായി. നെടുമ്പാശ്ശേരി അപകടത്തില് പ്രതിക്ക് ജാമ്യം ലഭിച്ചില്ല. ഒരു ചെറുപ്പക്കാരന് മറ്റ് മൂന്ന് ചെറുപ്പക്കാരുടെ ജീവന് വിലകല്പ്പിക്കാതെയായി. അത്തരമൊരു സമൂഹമായി നമ്മള് മാറി. കലാപരമായ മനസുള്ളവന് ഒരു ദയവ്, ഒരു കനിവ് ഉണ്ടാകും. ഇതൊന്നുമില്ലാത്ത സമൂഹമായി മാറുന്നു. അതുകൊണ്ട് തന്നെ നമ്മുടെ മക്കളിലെ കലാവാസന വളര്ത്തണം. മക്കളെ പണക്കാരായോ പ്രമാണിമാരായോ വളര്ത്തുകയല്ല, അവരിലെ കലാ - കായികപരമായ കഴിവുകള് വളര്ത്തിയെടുത്ത് നല്ല മനുഷ്യരായി വളര്ത്തണം. കോടതിയില് നിന്നുപോലും പ്രതിക്ക് ദയവ് കിട്ടാത്തത് അവനിലൊരു നിഷ്കളങ്കത ഇല്ലാത്തതിനാലാണ്'- അദ്ദേഹം പറഞ്ഞു.
ഇത്തരം അപകടങ്ങള് ഓരോ കുടുംബങ്ങളിലുണ്ടാക്കുന്ന ദുരന്തത്തിന്റെ അളവ് വലുതായിരിക്കുമെന്നും അതിനാലാണ് പൊലീസ് വെരിഫിക്കേഷന് സര്ട്ടിഫിക്കേറ്റ് ഉള്ളവര് വണ്ടിയോടിച്ചാല് മതിയെന്ന നിലപാട് താന് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: KB Ganesh Kumar emphasized the need to encourage artistic talents among children. He also expressed concern that society is becoming increasingly devoid of kindness and compassion, highlighting the importance of nurturing creativity and humane values among young people.