

മീററ്റ്: മെര്ച്ചന്റ് നേവി ഉദ്യാഗസ്ഥനായ ഭര്ത്താവിനെ കൊലപ്പെടുത്തിയ യുവതിക്കും കാമുകനും വധശിക്ഷ വിധിച്ച് മീററ്റ് ജില്ലാ കോടതി. മുസ്കാന് റസ്തോഗി, കാമുകന് സാഹില് ശുക്ല എന്നിവര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി വിധിയില് തങ്ങള് പൂര്ണ തൃപ്തരാണെന്നാണ് കൊല്ലപ്പെട്ട സൗരവ് രജ്പുത്തിന്റെ മാതാവ് രേണുവും സഹോദരന് രാഹുലും പ്രതികരിച്ചത്. അതേസമയം വിധി കേട്ട പ്രതികള് കോടതിയില് വെച്ച് പൊട്ടിക്കരഞ്ഞു. വിധി വന്നതിന് ശേഷം ഇരുവരും ആഹാരം പോലും കഴിച്ചിട്ടില്ലെന്ന് ജയില് അധികൃതരും പ്രതികരിച്ചു.
വധശിക്ഷ വിധിച്ചതിന് പിന്നാലെ ഇരുവര്ക്കും പുതിയ സെല്ലും വസ്ത്രവും നല്കിയിട്ടുണ്ട്. ശുക്ലയ്ക്ക് വെള്ള കുര്ത്തയും പൈജാമയും മുസ്കാന് ക്രീം കളര് സാരി അല്ലെങ്കില് സ്യൂട്ടാകും വേഷം. വിധി വന്നതിന് ശേഷമുള്ള നടപടി ക്രമങ്ങളെ കുറിച്ച് പ്രതികള് ചോദിച്ച് അറിഞ്ഞതായും ജയില് അധികൃതര് പറയുന്നു. അതേസമയം മുസ്കാന്റെ മൂത്ത മകളെ സൗരഭിന്റെ കുടുംബം ഏറ്റെടുക്കും. ജയിലില് വച്ച് സൗരഭിന്റെ ജന്മദിനത്തില് മുസ്കാന് പ്രസവിച്ച കാമുകനിലുണ്ടായ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
2016ലാണ് സൗരഭും മുസ്കാനും പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് മുസ്കാന് തന്റെ സുഹൃത്തായ സാഹിലുമായി ബന്ധമുണ്ടെന്ന് സൗരഭ് കണ്ടെത്തി. തുടര്ന്ന് വിവാഹബന്ധം വേര്പ്പെടുത്താന് തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്ത്ത് സൗരഭ് പിന്മാറി. പിന്നാലെ 2023ല് മെര്ച്ചന്റ് നേവിയില് വീണ്ടും ജോലിയ്ക്ക് കയറി. മകളുടെ ആറാം ജന്മദിനം ആഘോഷിക്കാന് ഇന്ദിരാനഗരിലെ വീട്ടില് 2025 ഫെബ്രുവരിയില് മടങ്ങി എത്തിയ സൗരഭിനെ മാര്ച്ച് മൂന്നിനാണ് കൊലപ്പെടുത്തിയത്. സൗരഭിനെ മുസ്കാന് ഉറക്കഗുളിക നല്കി മയക്കി. തുടര്ന്ന് സാഹിലുമായി ചേര്ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇരുവരും ചേര്ന്ന് ശരീരം 15 കഷ്ണങ്ങളാക്കി നീല ഡ്രമ്മിലിട്ട് സിമന്റ് കൊണ്ട് കോണ്ക്രീറ്റ് ചെയ്യുകയായിരുന്നു. ഫോൺ വിളിച്ചിട്ട് പ്രതികരിക്കാതെ വന്നതോടെയാണ് സൗരഭിന്റെ കുടുംബം പൊലീസില് പരാതി നല്കുന്നത്. കൊലപാതം നടന്ന് 14 ദിവസത്തിന് ശേഷമാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. 122ഓളം വാദങ്ങള് കേട്ട കോടതി 22 ദൃക്സാക്ഷികളുടെ മൊഴിയും പരിശോധിച്ച ശേഷമാണ് വിധി പുറപ്പെടുവിച്ചത്.
സൗരഭിന്റെ മകളുടെ മൊഴിയാണ് കേസില് വഴിത്തിരിവായത്. പപ്പ ഡ്രമ്മിലുണ്ടെന്ന് കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്ന്ന് പൊലീസ് പ്ലാസ്റ്റിക്ക് ഡ്രം വെട്ടിപ്പൊളിച്ചപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്.
Content Highlights: The accused in the blue drum murder case got Maximum Punishment. According to the report, they broke down in tears after hearing the verdict. Jail officials said the accused were not eating following the court’s decision.